തിരുവനന്തപുരത്തെ തീരങ്ങളില്‍ ജെല്ലി ഫിഷ് ശല്യം

തിരുവനന്തപുരം: തലസ്ഥാനത്ത് കടൽ തീരങ്ങളിൽ ജെല്ലി ഫിഷുകൾ അടിയുന്നത് വർധിക്കുന്നു. പ്രദേശവാസികളെ ബുദ്ധിമുട്ടിലാഴ്ത്തിയാണ് അസഹനീയമായ ദുർഗന്ധം വമിക്കുന്ന ജെല്ലി ഫിഷുകൾ തീരത്ത് കുമിഞ്ഞ് കൂടുന്നത്. അതേസമയം കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകളെ ഫലപ്രദമായ രീതിയിൽ കുഴിവെട്ടി മറവുചെയ്യാൻ വേണ്ടത്ര ശുചികരണ തൊഴിലാളികൾ ഇല്ലെന്നതും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

എല്ലാവർഷത്തിലും ആഗസ്റ്റ് മാസത്തിൽ ഇത്തരത്തിൽ കടൽ ജീവികൾ തീരത്തേക്ക് വരുക പതിവാണ്. എന്നാൽ, ഇപ്രാവിശ്യം പതിവിലും അധികമാണ് എണ്ണം. പ്രതിവാരം നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വിദേശസഞ്ചാരികളെ ആകർശിക്കുന്ന കോവളം, വേളി കടൽ തീരങ്ങളിൽ വന്നടിയുന്നത്. പെരുമാതുറ, ശംഖുംമുഖം തീരങ്ങളിലും ചെറിയ രീതിയിൽ ജെല്ലി ഫിഷുകൾ അടിയുന്നുണ്ട്. കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിഫിഷുകളുടെ വരവ് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല.

നിലവിൽ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികൾ കോവളം ബീച്ചിന് സമീപത്ത് കുഴിച്ച്‌ മൂടിക്കഴിഞ്ഞു. എങ്കിലും ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. ജെല്ലി ഫിഷുകൾ മനുഷ്യജീവനു ഭീഷണിയാക്കുന്നവയാണ്. വിനോദസഞ്ചാര കേന്ദ്രമായ കോവളം പോലുള്ള കടൽ തീരങ്ങളിൽ ഇത്തരത്തിലുള്ള ഭീഷണികൾ അകറ്റിനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യകതകൂടിയാണ്.

Related posts

Leave a Comment