പാർട്ടി വർത്തമാനം ഇടമുറിയാത്ത വീട്ടകത്ത് നിന്ന് മഹിളാ കോൺഗ്രസിന്റെ അമരത്തേക്ക്‌ ; സ്ത്രീപക്ഷ പോരാട്ടങ്ങളിൽ ജെബി ആളിക്കത്തും

ആലുവ: മൂന്നു തലമുറകളുടെ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഡ്വ. ജെബി മേത്തർ സംസസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നേതൃത്ത്വത്തിലേക്ക് ഉയർന്നു വന്നത്. ഇപ്പോൾ കെ.പി.സി.സി സെക്രട്ടറി ആയി പ്രവർത്തിക്കുമ്പോഴാണ് പുതിയ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥി ആയിരിക്കെ കെ എസ് യു വിന്റെ പല പരിപാടികളിലും പങ്കെടുത്തിരുന്നു അതിനപ്പുറം പൊതു രംഗത്ത് നേതൃപദവിയിൽ എത്തിയിരുന്നില്ല എങ്കിലും കോൺഗ്രസ്സ് രാഷ്ട്രീയത്തോടുള്ള അഭിനിവേശം ജെബി മേത്തറിൽ രൂഢമൂലമായിരുന്നു. കുടുംബത്തിൽ മാതൃകമായും പൈതൃകമായും കാരണവൻമാർ കോൺഗ്രസ്സിന്റെ സംസ്ഥാന നേതൃത്ത്വം വഹിച്ചിരുന്നതാണ് അതിനുകാരണം. അതുകൊണ്ട് വിദ്യാഭ്യാസ കാലം കഴിഞ്ഞതോടെ പൊതു രംഗത്തേക്ക് കടന്നുവസരുവാൻ ഒട്ടും മടിച്ചിരുന്നില്ല. പിതാവും സഹോദരനും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരായതുകൊണ്ട് പൊതു പ്രവർത്തനത്തിൽ ഒട്ടും അപരിചിതത്വം ഉണ്ടായിരുന്നില്ല.
യൂത്ത് കോൺഗ്രസ്സ് ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്റ് പദവിയിൽ നിന്നുള്ള അഡ്വ. ജെബി മേത്തർ ഹിഷാമിന്റെ വളർച്ച വളരെ വേഗതയിൽ ആയിരുന്നു. പലപ്പോഴും പദവികൾ പാർട്ടിക്കകത്ത് അവരെ തേടി ചെല്ലുകയായിരുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് സംസ്ഥാന കോൺഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് ജെബി ആദ്യ കാൽവെപ്പ് നടത്തിയത്. പിന്നെ യൂത്ത് കോൺഗ്രസ്സ് ദേശീയ ട്രെയിനിംഗ് കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ടു. വൈകാതെ തന്നെ യൂത്ത്‌കോൺഗ്രസ്സ് സെക്രട്ടറി ആയി ചുമതലയേറ്റു. തമിഴ്‌നാട്, പോണ്ടിച്ചേരി, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് അവർക്ക് ഉണ്ടായിരുന്നത് യൂത്ത് കോൺഗ്രസ്സ് ദേശീയ ഓഫീസ് ഭരണത്തിന്റെ ചുക്കാൻ പിടിക്കുവാനും അവസരമുണ്ടായി.
സംസ്ഥാന കോൺഗ്രസ്സ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജെബി മേത്തർ ആലുവ നഗര സഭാ വൈസ് ചെയർപേഴ്‌സൺ കൂടിയാണ്. നഗര സഭയിൽ ഇത് മൂന്നാം ഊഴമാണ് 2010, 2015, 2020 വർഷങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ എതിരാളികളെ നിർവ്വീര്യമാക്കികൊണ്ട് മികച്ച ഭൂരിപക്ഷത്തിലാണ് അവർ ജയിച്ചു കയറിയത്.
ആലുവ തേവക്കൽ വിദ്യോദയ സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. എൽ.എൽ.ബി പാസ്സായി തുടർന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിട്യൂഷണൽ ലോയിൽ എൽ.എൽ.എം നേടി ശേഷം മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ അഡ്വ. നളിനി ചിദംബരത്തിന്റെ കൂടെ 2005 മുതൽ 2008 വരെ മദ്രാസ് ഹൈക്കോടതി, ബാംഗ്ലൂർ ഹൈക്കോടതി, ഹൈദരബാദ് ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു പിന്നീട് മുൻ കേരള അഡ്വ. ജനറൽ കെ.പി. ദണ്ഡപാണി, അഡ്വ. സുമതി ദണ്ഡപാണി, എന്നിവരോടൊപ്പവും പ്രാക്ടീസ് ചെയ്തു.
പ്രാതലീനൊടൊപ്പം രാഷ്ട്രീയ ചർച്ച ആരംഭിച്ച് സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടുന്ന കുടുംബ അന്തരീക്ഷത്തിലാണ് ജെബി മേത്തർ വളർന്നു വന്നത് അതുകൊണ്ട് തന്നെ പൊതു പ്രവർത്തനം അവരുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തപ്പെടാനാവാത്തവിധം മാറിയിരുന്നു. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ സമുന്നതനായ ടി. ഒ ബാവയുടെ മകളാണ് ജെബിയുടെ മാതാവ് 1957 ലെ പ്രഥമ ഇടതുപക്ഷ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ അന്ധ്ര അരി കുംഭകോണം അസംബ്ലിയിൽ രേഖകൾ സഹിതം ഉന്നയിച്ച് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ ജനപക്ഷ പരിവേഷം വലിച്ചു കീറിയ കെ പി സി സി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. പിതാവ് കെ എം. ഐ. മേത്തർ കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെ പി. സി. സി ജനറൽ സെക്രട്ടറിയുമാണ് മുത്തച്ഛൻ കെ സി എം മേത്തറും കോൺഗ്രസ്സിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.
പാർട്ടി തന്നിൽ എൽപിച്ച ഉത്തരവാദിത്വങ്ങൾ കൃത്യമായി തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്തു തീർക്കാൻ തനിക്കു കഴിയുമെന്നത് കാണിച്ചുകൊടുത്തിട്ടാകണം കൂടുതൽ ഉത്തരവാദിത്തങ്ങൾ തന്നെ എൽപ്പിക്കുന്നത് എന്നാണ് അവരുടെ പക്ഷം. കഴിഞ്ഞ ദിവസം കുഴിവേലിപ്പടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച ജനജാഗരൻ അഭിയാൻ പദയാത്രയുടെ സമാപന ചടങ്ങിനിടെയാണ് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റായി നിയമിച്ച വാർത്ത എത്തിയത് ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തിങ്ങി നിറഞ്ഞ സദസ്സിനുമുമ്പിൽ അത് പ്രഖ്യാപിക്കുമ്പോൾ അവിടെ കൂടിയ കോൺഗ്രസ്സ് പ്രവർത്തകർ കൈയ്യടിച്ച് വലിയ ആരവത്തോടെ മുദ്രവാക്യം വിളികളോടെയാണ് ആ വാർത്തയെ എതിരേറ്റത് ജില്ലയിലെ എം.എൽ.എ മാർക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്ന യൂത്ത്‌കോൺഗ്രസ്സ് പ്രസിഡന്റ് ഷാഫി പറമ്പിലുമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജെബി മേത്തറെ കൊച്ചിയിൽ വച്ച് കണ്ട് അഭിനന്ദനം അറിയിക്കുകയുണ്ടായി.
ആലുവ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ്സിന്റെ സമുന്നത നേതാവായ എം. ഒ ജോണിന്റെ കൂടെ അലുവയുടെ വൈസ് ചെയർപേഴ്‌സൺ ആയി പ്രവർത്തിക്കുമ്പോൾ അദ്ദേഹം തരുന്ന പരിഗണനയും പിന്തുണയും വളരെ വലുതാണ് ആലുവ എം.എൽ.എ അൻവർ സാദത്ത് സഹോദരനെപ്പോലെ തനിക്ക് മാർഗ്ഗ നിർദ്ദേശം തരുന്നു എന്ന് അവർ പറഞ്ഞു.
ഭർത്താവ് ഡോ. ഹിഷാമിന്റെ കുടുംബം തന്റെ അഭിരുചിക്കൊപ്പം സഹകരിച്ചില്ലായിരുന്നുവെങ്കിൽ താൻ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേരില്ലായിരുന്നു എന്നും തന്റെ കുഞ്ഞിന്റെ കാര്യങ്ങൾ തനിക്കുവേണ്ടി ഭർതൃമാതാവ് ഏറ്റെടുക്കുകയായിരുന്നു. അവർ തന്റെ രാഷ്ട്രീയ ജീവിതത്തിൽ നല്കിയ നിർലോഭമായ പിന്തുണയാണ് തനിക്ക് ശക്തിയായതെന്നും ഭർത്താവ് ഡോ. ഹിഷാമും മകനും തരുന്ന പിന്തുണയും സ്‌നേഹവും പരിഗണനയുമാണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് അവർ വെളിപെടുത്തി.
കോൺഗ്രസ്സിന്റെ അടിത്തറ ശക്തമാക്കുക കൂടുതൽ സ്ത്രീകളെ മഹിളാ കോൺഗ്രസിലേക്ക് ചേർത്തു നിർത്തുക എന്നതാണ് ലക്ഷ്യം. സ്ത്രീ സുരക്ഷയ്ക്കുവേണ്ടി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുവാനും നേതാക്കുളുടെയും പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ തനിക്ക് ഉണ്ടാവണമെന്നും അവർ അഭ്യർത്ഥിച്ചു.

Related posts

Leave a Comment