ജവഹർ ബാലജനവേദി ജവഹർ ബാൽ മഞ്ചാകുമ്പോൾ ; ആദ്യ ദേശിയ ചെയർമാനായി മലയാളിയായ ഡോ.ജി.വി.ഹരി

.

ദേശീയ രാഷ്ട്രീയത്തിലേക്ക് കേരളം നൽകിയ സംഭാവനകൾ ഏറെയാണ്. കാലങ്ങളോളം ഇന്ത്യയുടെ ഭരണ കേന്ദ്രങ്ങളിൽ തിളങ്ങിനിന്നവരിൽ ഒട്ടേറെ മലയാളികൾ ഉണ്ടായിരുന്നുവെന്നത് എക്കാലവും നമുക്ക് അഭിമാനവുമാണ്.രാഷ്ട്രീയ പ്രബുദ്ധതയുടെ ഈറ്റില്ലമാണ് നമ്മുടെ നാട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മികവാർന്ന മാതൃകകൾ പകർന്നുനൽകിയ ഇടമാണിത്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാക്തീകരണത്തിലും സംസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്.സംഘടനാ സംവിധാനത്തിലും പ്രവർത്തനത്തിലും ദേശീയതലത്തിൽ പുത്തൻ പരീക്ഷണങ്ങളും പുതിയ തുടക്കങ്ങളും പകർന്നു നൽകുവാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.1957-ലാണ് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായി സംസ്ഥാനത്ത് കേരള വിദ്യാർത്ഥി യൂണിയൻ(കെ എസ് യു) രൂപീകൃതമാകുന്നത്.മാതൃ സംഘടനയായ കോൺഗ്രസിന് വേരോട്ടം ഉണ്ടാക്കുന്നതിൽ അഭേദ്യമായ പങ്കു വഹിക്കുവാൻ ഈ വിദ്യാർഥി മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ പോരാട്ടത്തിലൂടെ അധികാരത്തിൽ നിന്നും താഴെ ഇറക്കി ജനാഭിലാഷം സംരക്ഷിക്കുവാൻ ആ വിദ്യാർഥി മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്.വീണ്ടും ഒരിക്കൽ കൂടി കേരളത്തിൽ തുടങ്ങിവച്ചൊരു സംരംഭം ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയാണ്.കഴിഞ്ഞ പതിനാലു വർഷക്കാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ സംസ്ഥാനത്തെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് പ്രവർത്തനരംഗത്ത് സജീവമായ ജവഹർ ബാലജനവേദി ദേശീയതലത്തിലേക്ക് ‘ജവഹർ ബാൽമഞ്ചായി’ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക സംഘടനയായി മാറിയിരിക്കുകയാണ്.അഖിലേന്ത്യ തലത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ ദേശിയ ചെയർമാനായി തെരഞ്ഞെടുത്തത് മലയാളി കൂടിയായ ഡോ ജി വി ഹരിയെയാണ്.വർഷങ്ങളോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും സ്വപ്നങ്ങളാണ് ദേശീയതലത്തിൽ ജവഹർ ബാൽമഞ്ചായി മിന്നിത്തിളങ്ങുവാൻ പോകുന്നത്.

2006 ലാണ് കുട്ടികൾക്കിടയിൽ കോൺഗ്രസ് അവബോധം വളർത്തിയെടുക്കുകയെന്ന ആശയം ഉടലെടുക്കുന്നതും അത് ജവഹർ ബാലജനവേദി എന്നതിലേക്ക് എത്തുന്നതും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ അദ്ദേഹത്തിന് ഓഫീസിൽ വച്ചാണ് ഈ ആശയം പങ്കുവെക്കപ്പെടുന്നത്.2007 ജനുവരി മാസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അന്നത്തെ യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും കൂടി ചേർന്ന യോഗത്തിൽ ഡോ ജി വി ഹരിയെ സംസ്ഥാനത്ത് കോൺഗ്രസിന്റെ കുട്ടികളുടെ സംഘടനയുടെ രൂപീകരണം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുഴുവൻ ജില്ലകളിലും സഞ്ചരിക്കുകയും അതിനെ തുടർന്ന് 2007 മാർച്ച് മാസം തിരുവനന്തപുരത്ത് വച്ച് ‘അമ്മ മനസ്സ്’ എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയാണ്.ഇന്നത്തെ കോഴിക്കോട് എംപി എംകെ രാഘവന് ആയിരുന്നു ജവഹർ ബാലജനവേദിയുടെ ആദ്യ സംഘടനാ ചുമതല ലഭിച്ചത്. ആദ്യ പരിപാടിയോടെ സംഘടനയ്ക്ക് പുതിയ ഉണർവ് ലഭിക്കുകയുണ്ടായി.’ഒമ്പത് കുട്ടികൾ കൈകോർത്തു നിൽക്കുന്ന രണ്ട് പ്രാവുകളുടെ ചിത്രങ്ങൾ കൂടിയ ഉണരാം,ഉയരാം, ഒന്നാകാം’ എന്ന വാക്യം കൂടി ചേർന്ന ലോഗോയും പതാകയും സംഘടനയുടെ ഔദ്യോഗിക മുഖമായി മാറി. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ പ്രൊഫ. കാട്ടൂർ നാരായണ പിള്ളയാണ് ഈ ലോഗോയും പതാകയും രൂപകല്പന ചെയ്തത്. തുടർന്ന് കോവളത്ത് നടന്ന ആദ്യ കുട്ടികളുടെ ക്യാമ്പ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.പതിനാല് ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ ക്യാമ്പ് അരങ്ങേറിയത്.കോൺഗ്രസിന്റെ മുഴുവൻ പ്രധാനപ്പെട്ട നേതാക്കളും ഈ ക്യാമ്പിനെ അഭിസംബോധന ചെയ്തു മുന്നോട്ടു വന്നു. ഇന്നത്തെ സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാലാണ് ജവഹർ ബാലജനവേദിയുടെ ലോഗോ പ്രകാശനം നടത്തിയത്.കോവളത്ത് വെച്ച് നടന്ന ആദ്യ ക്യാമ്പ് ഈ മുന്നേറ്റത്തിന് നൽകിയ ദിശാബോധം വളരെ വലുതായിരുന്നു.

2007 മെയ് 18 ന് കോവളത്ത് നടന്ന ആദ്യ കുട്ടികളുടെ ക്യാമ്പിനുശേഷം മുഴുവൻ ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിക്കുകയും സംഘടനയുടെ വേരുകൾ കൂടുതൽ താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്യുകയുണ്ടായി.പതിനാല് വർഷത്തിനിടയിൽ പന്ത്രണ്ട് ക്യാമ്പുകളും സംസ്ഥാന റാലികൾ അതോടൊപ്പം നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു ചലിക്കുവാൻ ഈ കൂട്ടായ്മക്ക് സാധിച്ചു. പ്രാദേശിക തലങ്ങളിൽ പോലും വലിയ ആവേശത്തോടെ കുട്ടികൾ ജവഹർ ബാലജനവേദിയുടെ പരിപാടികളിൽ നിറസാന്നിധ്യമാകുവാൻ തുടങ്ങി.ഇതിനിടയിൽ ബാലജനവേദിയുടെ പ്രവർത്തനം പഠിക്കുവാൻ ജ്യോതി മണി എംപി കേരളത്തിൽ എത്തുകയും തുടർന്ന് പ്രവർത്തനങ്ങളെപ്പറ്റി രാഹുൽ ഗാന്ധിയോട് വിവരിക്കുകയും ചെയ്യുകയുണ്ടായി.2010 ൽ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയും ഇതിന്റെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കുകയും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ വളരെ വേഗത്തിലാണ് കുട്ടികളുടെ മനസ്സിലേക്ക് ബാലജനവേദി വളർന്നു പന്തലിച്ചത്.സംസ്ഥാനത്തെ ഏറ്റവും മികച്ച ബാലജന സംഘടനയായി മുന്നോട്ടു പോകുവാൻ സാധിച്ചു. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തുവാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിന് ബാലാവകാശ കമ്മീഷൻ നിലവിൽ വരുന്നതിന് അടിസ്ഥാനമായ ഇടപെടലുകൾ നടത്തിയത് ജവഹർബാലജനവേദി ആയിരുന്നു. അതിന്റെ ഫലമായി കേരളത്തിൽ ബാലാവകാശ കമ്മീഷൻ നിലവിൽ വരികയും ചെയ്തു.സമൂഹത്തിന്റെ നാനാ മേഖലകളിലും ഒരുപിടി നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ ബാലജനവേദിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആലത്തൂർ എംപി രമ്യ ഹരിദാസ് ജവഹർ ബാലജനവേദിയിലൂടെയാണ് രാഷ്ട്രീയരംഗത്ത് കടന്നുവരുന്നത്.കാസർഗോഡ് ജില്ലയിലെ പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികൾ ആയിരുന്നു.ശരത് ലാൽ ക്യാമ്പുകളിലെ നിറസാന്നിധ്യമായിരുന്നു.കല്യോട്ട് കുട്ടികളെ സംഘടിപ്പിച്ച് നിരന്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതാണ് സിപിഎം ക്രിമിനലുകൾ അവരെ വകവരുത്തുന്നതിനുപോലും കാരണമായത്.

കേരളത്തിലെ ജവഹർ ബാലജനവേദിയുടെ ഇടപെടലുകൾ മാതൃ സംഘടനയ്ക്ക് കരുത്താകുമെന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് ഒരേ ശബ്ദമായിരുന്നു.സംസ്ഥാന ചെയർമാനായി നിയമിച്ച ഡോ.ജി.വി ഹരിയുടെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം പച്ചക്കൊടി കാട്ടിയത്.
കേരളത്തിൽ ലക്ഷക്കണക്കിന് കുട്ടികളെയാണ് ഇതുവരെ ബാൽ മഞ്ചിൻ്റെ കീഴിൽ പരിശീലിപ്പിച്ചത്.അതിൻ്റെ വിജയത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ 2019 ൽ രമ്യ ഹരിദാസ് എംപി ആണ് ഇത്തരമൊരു ആശയം പങ്കു വെക്കുന്നത്. തുടർന്ന് യൂത്ത് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അലുവാരുവും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസും തിരുവനന്തപുരത്ത് എത്തുകയും ബാലജനവേദിയുടെ കിളിക്കൂട്ടം ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് യൂത്ത് കോൺഗ്രസിന്റെ നിരീക്ഷണത്തിൽ ആറ് സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. പഞ്ചാബ്, രാജസ്ഥാൻ,ചത്തീസ്ഗണ്ഡ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഒന്നരവർഷമായി നടന്നു വന്ന പരീക്ഷണം വിജയമാവുകയും ചെയ്യുകയുണ്ടായി.കേരളത്തിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം ദേശീയ ഫെസിലേറ്ററുന്മാരും ഡോ.ജി.വി ഹരിയും എഐസിസി ജനറൽ സെക്രട്ടറി കൃഷ്ണ അലുവരുവും യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസും രമ്യ ഹരിദാസ് എംപി യും സോണിയാ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. പിന്നീട് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ ചർച്ചകളിലൂടെ കോൺഗ്രസിന്റെ പുതുതലമുറയെ വാർത്തെടുക്കുവാനും നേരിട്ട് പക്ഷത്തേക്ക് കുട്ടികളെ അടുപ്പിക്കാനും ജവഹർ ബാൽ മഞ്ചിന് സാധിക്കുമെന്ന് വിശ്വാസത്തിലേക്ക് എല്ലാവരും എത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ചെയർമാനായി പ്രവർത്തിച്ച് വന്ന ഡോ.ജി.വി ഹരിയെ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി ദേശീയ ചെയർമാനായി നിയമിച്ചു.മികച്ച സംഘാടകനായ ഡോ.ജി.വി.ഹരി അദ്ധ്യാപകനും കെപിസിസിയുടെ സെക്രട്ടറിയുമാണ്. കോൺഗ്രസിൻ്റെ മാദ്ധ്യമ സമിതിയിലും ഡോ.ജി.വി ഹരി അംഗമാണ്. ഇന്ത്യയിലെ തന്നെ മികച്ച പരിശീലകൻ, കുട്ടികളെയും യുവജനങ്ങളേയും സംഘടിപ്പിക്കുന്നതിനുള്ള കഴിവ് , വിവിധ ഭാഷകളിൽ മികച്ച ആശയ വിനിമയത്തിനുള്ള കഴിവ് , എന്നീ ഘടകങ്ങളാണ് ഈ ഉത്തരവാദിത്തം എഐസിസി ഡോ.ജി.വി ഹരിയെ ഏൽപ്പിക്കുന്നതിന് കാരണമായത്. കെ.സി. വേണുഗോപാൽ എം.പി,രമ്യാ ഹരിദാസ് എംപി, എഐസിസി സെക്രട്ടറി കൃഷ്ണാ അലുവാരു, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ബി.വി ശ്രീനിവാസ് എന്നിവരുടെ പിന്തുണയും ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകി.

കോവിഡ് കാലത്ത് ആ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷത്തിന്റെ തോത് ഇല്ലാതാക്കുവാൻ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ജവഹർ ബാൽമഞ്ച് നേതൃത്വം നൽകിയിരുന്നു.കഴിഞ്ഞദിവസം ബാംഗ്ലൂരിൽ വെച്ച് നടന്ന പ്രത്യേക യോഗത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനവും നടന്നു.ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും സംഘടനയുടെ വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ട്.ഇതുവഴിയും കൂടുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാൻ വേണ്ടി വർഗീയ ഫാസിസ്റ്റ് വിഘടന ശക്തികൾ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയെ ഇന്ത്യയാക്കിയ ചരിത്ര മൂല്യങ്ങളെ ചേർത്തു നിർത്തേണ്ട ഉത്തരവാദിത്വം നമുക്ക് ഏവർക്കുമുണ്ട്.ആ ചരിത്ര മൂല്യങ്ങളെ തെല്ലും ശോഭ കെടാതെ പുതുതലമുറയ്ക്ക് പകർന്നു നൽകുകയെന്ന് വലിയ ഉത്തരവാദിത്വമാണ് ജവഹർ ബാൽമഞ്ചും അതിന്റെ പിന്നണിയിൽ ഉള്ളവരും നിറവേറ്റുന്നത്.ഇന്നിന്റെ കുട്ടികളെ ഇന്നലെകളുടെ ചരിത്രവും പാരമ്പര്യവും ഐതിഹാസിക സംഭവങ്ങളും കപടതകൾ ചേർത്ത് അവതരിപ്പിക്കുന്ന കള്ളനാണയങ്ങളെ തുറന്നു കാട്ടുവാനും അതിനെതിരെ ശക്തമായി നിലകൊള്ളുവാനും രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കുവാനും ഈ മുന്നേറ്റത്തിന് സാധിക്കട്ടെ.

Related posts

Leave a Comment