ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ചുദിവസത്തേക്ക് ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെയാണ് ജവാദ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തെത്താൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടർന്ന് ഒഡിഷ–പശ്ചിമ ബംഗാൾ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലെ മഴ സാധ്യത മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,  മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ യെലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment