ജന ജാഗ്രതാ ക്യാമ്പയിന്‍ നവംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം; വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നവംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ ജന ജാഗ്രതാ ക്യാമ്പയിന്‍ നടത്തുമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു.
26ന്‌ 3 മണിക്ക്‌ കല്ലറ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ്‌ പദയാത്ര ആരംഭിക്കുന്നത്‌. കെ.പി.സി.സി-ഡി.സി.സി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ്‌ പദയാത്രയ്‌ക്ക്‌ തുടക്കം കുറിക്കുന്നത്‌.
സേവാദള്‍ വോളണ്ടിയര്‍മാരും വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടുവരിയായി പദയാത്രയെ അനുധാവനം ചെയ്യും. കല്ലറ-പാങ്ങോട്‌ രക്തസാക്ഷി മണ്‌ഡപങ്ങളില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരില്‍ സമാപിക്കും. ഭരതന്നൂരില്‍ നടക്കുന്ന കലാസന്ധ്യക്ക്‌ പ്രസിദ്ധ പിന്നണി ഗായകന്‍ പന്തളം ബാലനും സംഘവും നേതൃത്വം നല്‍കും.
രണ്ടാം ദിവസമായ 27ന്‌ രാവിലെ 7 മണിക്ക്‌ പ്രഭാതഭേരിയോടെ ആരംഭിക്കുന്ന പദയാത്ര 9 മണിക്ക്‌ ആദിവാസി-ദളിത്‌ സംഗമ വേദിയിലെത്തി അവരുമായി സംവദിക്കും.
കല്ലറ-പാങ്ങോട്‌ സമരത്തിലെ ധീരരക്തസാക്ഷികളുടെ കുടുംബാംഗങ്ങളും സമ്മേളനങ്ങളില്‍ പങ്കെടുക്കും. കര്‍ഷകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളാപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ആദിവാസി-ദളിത്‌ പ്രവര്‍ത്തകര്‍ എന്നിവര്‍ പദയാത്രയില്‍ ആദ്യാവസാനം പങ്കെടുക്കും.

Related posts

Leave a Comment