തടവറകൾ സുഖവാസകേന്ദ്രങ്ങളോ…? ; ജയിൽ സംവിധാനങ്ങളുടെ വിശ്വാസ്യയത നഷ്ടപ്പെടുത്തിയത് സിപിഎം

കഴിഞ്ഞദിവസം ഉത്ര വധക്കേസിലെ വിധി പുറത്തുവന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് വിധിക്കെതിരെ രംഗത്തുവന്നത്.പലരും ഇരട്ട ജീവപര്യന്തം കുറഞ്ഞു പോയെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.ജയിൽ വാസത്തിനെതിരെ രംഗത്തുവന്നവരും ഏറെയാണ്.ജയിലിനുള്ളിൽ പ്രതികൾക്ക് സുഖവാസം ആണെന്ന തരത്തിലുള്ള പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.എന്നാൽ കേരളജനതയെ ഇത്തരത്തിൽ ചിന്തിപ്പിച്ചത് സിപിഎം നടത്തിയ ഇടപെടലുകൾ ആണെന്ന് വിമർശിക്കുന്നവരും ഏറെയാണ്. ടി പി വധക്കേസ് ഉൾപ്പെടെ സംസ്ഥാനം ചർച്ചചെയ്ത ക്രൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സ്വന്തം പാർട്ടിക്കാർക്ക് സിപിഎം ജയിലറകളിൽ പോലും സംരക്ഷണം തീർത്തു. കേസുകളിൽ ഉൾപ്പെട്ട സിപിഎം നേതാക്കളെ ജയിലിനുള്ളിൽ നിരന്തരം സന്ദർശനം നടത്തുകയും കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് സിപിഎം തീർത്ത മാതൃകയാണ് ജനങ്ങൾക്കിടയിൽ ജയിൽവാസത്തിനോട്‌ അവമതിപ്പ് ഉണ്ടാക്കിയത്.

നിരന്തരം ജയിലിൽ അതിരുകടന്ന വിട്ടുവീഴ്ചകൾ ലഭിച്ചു വാർത്തകളിൽ ഇടം നേടിയത് ടിപി വധക്കേസിലെ കുറ്റവാളികളാണ്.പലവട്ടം ജയിലിൽ ഫോൺ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലിൽ സൂപ്രണ്ടിന്റെ ഓഫിസിലെ സഹായിയായി ജോലി ചെയ്യുകയായിരുന്നു ടിപി കേസിലെ ഷാഫി.ആറു മാസത്തിലേറെയാണ് ഷാഫി സൂപ്രണ്ടിന്റെ സഹായിയായി ജോലി എടുത്തത്.കുഴപ്പക്കാരെ ഇത്തരം ജോലികൾക്കു നിയോഗിക്കരുതെന്നു കർശന നിർദേശമുണ്ടെങ്കിലും സിപിഎം ക്രിമിനലുകളായ തടവുകാർക്ക് ഇതൊന്നും ബാധകമേയല്ല.ടി പി കേസ് കുറ്റവാളികൾ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതായി സൂചന പുറത്തു വന്നിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.

ടി പി കേസ് കുറ്റവാളികൾ ഭരിക്കുന്ന ബ്ലോക്കുകളിൽ കാര്യമായ പരിശോധന നടത്താൻ ജയിൽ ജീവനക്കാർക്കും ധൈര്യമില്ലെന്നതായിരുന്നു വാസ്തവം.കഞ്ചാവ്, മദ്യം, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം ഇവർക്കിടയിൽ വ്യാപകമായിരുന്നു.കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടലുകളും നടക്കാറുണ്ട്.ജയിലിൽ നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായി കുറ്റവാളികൾ പ്രവർത്തിക്കുമ്പോൾ അവരുടെ ഉന്നത ബന്ധങ്ങൾ വെച്ചുകൊണ്ടാണ് നടപടിയെടുക്കാൻ ജയിൽ ജീവനക്കാർക്ക് ധൈര്യമില്ലാതെ പോകുന്നത്. ജയിലിലെ മറ്റു തടവുകാരെ പലതരം ജോലികൾക്കു നിയോഗിക്കാറുണ്ടെങ്കിലും ഇവർക്കു ബാധകമല്ല.ഓഫിസ് ജോലിയോ മറ്റുള്ള തടവുകാരെ ജോലിക്കിറക്കുന്ന ജോലിയോ മാത്രമേ ഇവർ ചെയ്യാറുള്ളൂ.

ജയിലിൽ കഴിയുന്ന കൊടുംക്രൂര കുറ്റകൃത്യങ്ങളിലെ കുറ്റവാളികളായ സിപിഎം ക്രിമിനലുകൾക്ക് സർക്കാർ അനധികൃതമായ പരോളിനുള്ള അവസരം സൃഷ്ടിക്കാറുണ്ട്.ശുഹൈബ് വധക്കേസിലെ കുറ്റവാളി ആകാശ് തില്ലങ്കേരി നിരന്തരം പരോളിൽ ഇറങ്ങുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വീണ്ടും കൊലവിളി ഉയർത്തുകയും ചെയ്യാറുണ്ട്.ഈ ഘട്ടത്തിലെല്ലാം സിപിഎം സൈബർ സഖാക്കൾ ഇത്തരം കുറ്റവാളികൾക്ക് താരപരിവേഷമാണ് നൽകാറുള്ളത്.കുറ്റവാളികളുടെ പിറന്നാളും വിശേഷദിവസങ്ങളും ആഘോഷമാക്കുവാൻ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും സൈബർ സഖാക്കൾ ആവേശഭരിതരാകും.പരോളിൽ ഇറങ്ങുന്ന കുറ്റവാളികളുടെ വിവാഹം നടത്തി കൊടുക്കുവാനും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുവാനും സിപിഎം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങിയത് കേരള മനസാക്ഷി ഗൗരവമായി ചർച്ച ചെയ്ത വിഷയമാണ്.

2019 ൽ തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തേക്ക് ടിവി കടത്തിയ സംഭവം വിവാദമാവുകയും മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.അതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.ജയിൽ ജീവനക്കാരെ ഭയപ്പെടുത്തിയും തെറ്റായ ഇടപെടലുകളിലൂടെയും ജയിലറകൾ കുറ്റവാളികളുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളാക്കി മാറ്റപ്പെടുമ്പോൾ സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശം വളരെ വലുതാണ്.അതുപോലെതന്നെ കുറ്റകൃത്യങ്ങളിലേക്ക് പുതുതലമുറയെ അടുപ്പിക്കുന്നതിനും ഈ പ്രവണത വഴിവെക്കുന്നു.കേരള മനസാക്ഷി വിറങ്ങലിച്ചു പോയ കൊടും ക്രൂരത നിറഞ്ഞ പാതകങ്ങളുടെ കാരണക്കാരായ കുറ്റവാളികൾക്ക് ജയിലറകൾ സുഖവാസകേന്ദ്രങ്ങളായി മാറുമ്പോൾ വിധിന്യായം പുറപ്പെടുവിക്കുന്ന നീതിന്യായ കോടതികളെയല്ല,മറിച്ച് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഭരണകൂടങ്ങളെയാണ് തിരുത്തേണ്ടത്.കേരളം ഒന്നടങ്കം ജയിൽവാസത്തിനെതിരായ പൊതുവികാരം ഉയർത്തുമ്പോൾ അതിന് വഴിയൊരുക്കിയ സിപിഎം മറുപടി പറയേണ്ടതായിട്ടുണ്ട്.നാട്ടിലെ നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തികളാക്കി നിയമസംവിധാനങ്ങളെ പാടെ തച്ചുതകർക്കുന്നതിൽ സിപിഎം ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ.

Related posts

Leave a Comment