ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവര്‍: കെ.സുധാകരന്‍ എംപി

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി.പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രിമാറിയെന്നും ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭരണം കിട്ടിയ ശേഷമാണ് സിപിഎമ്മും ബിജെപിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സിപിഎം. ബിജെപിക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിത്തവും സാന്നിധ്യവും ഇല്ല.സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ അവകാശം കോണ്‍ഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്. വികസനം,വിദ്യാഭ്യാസം ശാസ്ത്രം ഉള്‍പ്പെടെ ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ പുരോഗതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കോണ്‍ഗ്രസാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടന ഇന്ത്യയുടെ ഹൃദയ പുസ്തകം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കെപിസിസി ആഹ്വാനം ചെയ്തത്.

കെപിസിസി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസ്സില്‍ മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പങ്കെടുത്തു. കെപിസിസി ആരംഭിക്കുന്ന ജയ്‌ഹോ റേഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലേക്ക് എത്തുന്നത്. ആപ്പിള്‍,ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലും വെബ് സൈറ്റുകളിലും റേഡിയോ ജയ്ഹോ ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ലോകത്തിന്റെ ഏത് കോണിലും റേഡിയോ ജയ്ഹോയുടെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം.ശ്രോതാക്കളെ ആകര്‍ഷിക്കുന്ന ഓരോ മണിക്കൂറിലും പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള വാര്‍ത്തകള്‍ക്ക് പുറമെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവ പ്രക്ഷേപണം ചെയ്യും.ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റേഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്. റേഡിയോ ജയ്ഹോയുടെ തീം സോങ് കെപിസിസി പ്രസിഡന്റ് പ്രകാശനം ചെയ്തു

പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം വെള്ളയമ്പലത്ത് നിന്നും രാവിലെ സേവാദള്‍ വാളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെപിസിസിയിലേക്ക് സ്വാതന്ത്ര്യ പദയാത്രയും സംഘടിപ്പിച്ചു.

മുതിര്‍ന്ന നേതാവ് എകെ ആന്റണി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെ.മുരളീധരന്‍ എം പി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍.ശക്തന്‍, ജിഎസ് ബാബു,വി.പ്രതാപചന്ദ്രന്‍,ജി.സുബോധന്‍,പഴകുളം മധു,എംഎം നസ്സീര്‍,പാലോട് രവി,എംഎ വാഹിദ്, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,വിഎസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment