‘ഇതിഹാസം-ഉമ്മന്‍ ചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ട്’; പുസ്തകപ്രകാശനം നവംബർ പത്തിന്

കൊച്ചി: നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം വരച്ചുകാട്ടുന്ന ‘ഇതിഹാസം – ഉമ്മന്‍ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബർ പത്തിന് വൈകിട്ട് അഞ്ചിന് തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കും. ആഭ്യന്തരമന്ത്രിയും എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗവുമായിരുന്ന ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കോപ്പി നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

കെട്ടിലും മട്ടിലും പുതുമയും മികവും പുലര്‍ത്തുന്ന ലോകോത്തര നിലവാരത്തിലുള്ള കോഫി ടേബിള്‍ ബുക്ക് വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിക്കുവേണ്ടി വീക്ഷണം പബ്ലിക്കേഷന്‍സ് ആണ് പുറത്തിറക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാസ്‌കാരിക, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുള്‍പ്പെടെ നാനാതുറകളിലെ നൂറിലേറെപ്പേര്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അവരുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുവെന്ന് വീക്ഷണം മാനേജിങ് ഡയറക്ടര്‍ ജയ്‌സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ ഗൗരവത്തോടെയാണ് പുസ്തകത്തിന്റെ ഉള്ളടക്കവും രൂപകല്പനയും നിര്‍വഹിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ അരനൂറ്റാണ്ടിലേറെയുള്ള ചരിത്രമായി പുസ്തകം വിലയിരുത്തപ്പെടും. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ പൊതുസ്വത്താകുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം മാധ്യമരംഗത്തും ചരിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു. സോണിയ ഗാന്ധി, പിണറായി വിജയന്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ പുസ്തകം പുറത്തിറക്കുന്നുതിന് നിര്‍ലോഭമായ സഹകരണം നല്‍കിയെന്നും എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നവെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.

Related posts

Leave a Comment