പുതിയ റാങ്ക് ലിസ്റ്റ് വരാൻ രണ്ടുവർഷമെടുക്കും : എന്നിട്ടും പഴയത് നീട്ടില്ലെന്ന പിടിവാശിയിൽ പി.എസ്.സി

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്ക് പകരം പുതിയ റാങ്ക് പട്ടിക വരാൻ രണ്ടുവർഷമെടുക്കുമെന്ന് ഉറപ്പുണ്ടായിട്ടും നിലവിലുള്ളത് നീട്ടിക്കൊടുക്കില്ലെന്ന പിടിവാശിയിൽ പി.എസ്.സി അധികൃതർ. 493 റാങ്ക് പട്ടികയാണ് നാളെ കാലാവധി അവസാനിക്കുന്നത്. മൂന്നുവർഷം പൂർത്തിയായി എന്ന സാങ്കേതിക കാരണമാണ് ഇതിന് പി.എസ്.സി നിരത്തുന്നത്. എന്നാൽ, പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാതിരിക്കേ പഴയത് നീട്ടിക്കൊടുക്കുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി തവണ റാങ്ക് പട്ടിക നീട്ടിക്കൊടുത്ത കീഴ് വഴക്കങ്ങളുമുണ്ട്. പുതിയ പട്ടികയുണ്ടെങ്കിൽ അതിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ നഷ്ടം ഉണ്ടാകുന്ന ഘട്ടത്തിലാണ്  പഴയത് റദ്ദാക്കുന്നത്. എന്നാൽ, ഒക്ടോബറിൽ പരീക്ഷ നടത്തി പുതിയ പട്ടിക ഉണ്ടാക്കുമെന്നാണ് പി.എസ്.സിയുടെ അവകാശവാദം.
ഒക്ടോബറിൽ പരീക്ഷ നടന്നാലും നടപടി ക്രമങ്ങൾ പൂർത്തിയായി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ കാലയളവിൽ പാർട്ടി അനുഭാവികൾക്കും നേതാക്കളുടെ ബന്ധുക്കൾക്കും അനധികൃത നിയമനം നടത്താനുള്ള അവസരമാണ് പി.എസ്.സി ഒരുക്കുന്നത്.
കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഉദ്യോഗാർത്ഥികൾ നൽകിയ കേസുമായി മുന്നോട്ടുപോകാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. പി.എസ്.സിയുടെ യോഗം തിങ്കളാഴ്ച ചേരുമ്പോൾ സർക്കാരിന്റേതായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല അവരുടെ മുന്നിൽ. 493 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന നിർദേശം സർക്കാർ പി.എസ്.സി.ക്ക് സമർപ്പിച്ചിരുന്നില്ല. 5-2-21 മുതൽ 3-8-21 വരെ കാലാവധി നീട്ടിനൽകിയ റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാലാം തീയതി അവസാനിക്കുന്നത്. എൽ.ഡി.സിയുടെയും എൽ.ജി.എസിന്റേയും വരാനിരിക്കുന്ന പുതിയ പട്ടിക അടുത്തദിവസം പുറത്തിറങ്ങില്ല. രണ്ടാംഘട്ട പരീക്ഷ നടക്കാത്തതാണ് കാരണം. എൽ.ഡി.സി. ഉദ്യോഗാർഥികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിനെ സമീപിച്ചിരുന്നു. അതുപ്രകാരം സെപ്റ്റംബർ 29 വരെ ട്രിബ്യൂണൽ കാലാവധി നീട്ടി നൽകിയിരുന്നു. ഈ വിധിക്കെതിരേ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു. ഏതെങ്കിലും ഒരു ലിസ്റ്റിനുവേണ്ടി മാത്രം റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകാൻ പി.എസ്.സി.ക്ക് കഴിയില്ലെന്നും അങ്ങനെ ചെയ്താൻ അത് മറ്റ് ലിസ്റ്റുകളെ ബാധിക്കുമെന്നുമാണ് അധികൃതരുടെ വാദം.

Related posts

Leave a Comment