‘ പിതാവ് ദേഷ്യപ്പെടുമ്പോൾ എന്നെ സംരക്ഷിക്കുന്നത് എന്റെ ദാദി ആയിരുന്നു’; ഇന്ദിരയുടെ ഓര്‍മകളില്‍ വികാരാധീനനായി രാഹുല്‍


ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ വികാരഭരിതമായ ആദരാജ്ഞലി വീഡിയോയുമായി കൊച്ചുമകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സംസ്കാര ചടങ്ങിൽ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ രാഹുൽ പറയുന്നത് ഇങ്ങനെ..

ഇതെന്റെ ദാദിയുടെ മരണാനന്തര ചടങ്ങാണ്. ജീവിതത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസം. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കരയരുതെന്ന് അവർ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്താണ് ദാദി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ദാദി മരിച്ചു. കൊല്ലപ്പെടുമെന്ന സൂചന അവർക്ക് ഉണ്ടായിരിക്കണം. കുടുംബത്തിലെ എല്ലാവർക്കും അത്തരമൊരു തോന്നൽ ഉണ്ടായിരുന്നുവെന്ന് തോന്നി. ഒരിക്കൽ ഭക്ഷണമേശയിൽ ഇരിക്കുന്നതിനിടെ ദാദി പറഞ്ഞത്, രോഗം മൂലം മരിക്കുന്നതാണ് ഏറ്റവും ശപിക്കപ്പെട്ട അവസ്ഥ എന്നാണ്. ദാദിയുടെ ആ ഒരു കാഴ്ചപ്പാടിൽ ഇതാണ് ഏറ്റവും മികച്ച മരണം, രാജ്യത്തിന് വേണ്ടി, താൻ സ്നേഹിക്കുന്ന ആശയങ്ങൾക്ക് വേണ്ടി.. അത് ഇന്നെനിക്ക് മനസ്സിലാവുന്നു. രാഹുൽ പറഞ്ഞു. എന്റെ വീട്ടിൽ പിതാവ് വളരെ കണിശക്കാരനായിരുന്നു. എനിക്ക് രണ്ട് അമ്മമാരുണ്ടായിരുന്നു. പിതാവ് ദേഷ്യപ്പെടുമ്പോൾ എന്നെ സംരക്ഷിക്കുന്നത് എന്റെ ദാദി ആയിരുന്നുവെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.

1984 ഒക്ടോബർ 31നാണ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടത്. മരണത്തിനു ശേഷം ഇന്ദിരാഗാന്ധിയുടെ വസതി മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇന്ദിരാഗാന്ധിയുടേയും ഗാന്ധി കുടുംബത്തിന്റേയും നിരവധി ഓർമചിത്രങ്ങളും മറ്റുമാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Related posts

Leave a Comment