‘പെട്രോൾ വിലവർദ്ധനക്കെതിരായ സമരമൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് നരേന്ദ്രമോദിയെ ധരിപ്പിക്കേണ്ടത് പിണറായി വിജയന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യമായിരിക്കാം’ ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

പെട്രോൾവില കത്തിക്കാളിയിട്ടും കണ്ണ് തുറക്കാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ജനദ്രോഹികളായി മാറിയത് കേരളപ്പിറവി മാസത്തിൽ നമ്മെ ഞെട്ടിപ്പിക്കുന്നു. 136 രൂപയാണ് കൊച്ചിയിൽ ഇന്നലെ പെട്രോൾ വില. തിങ്കളാഴ്ച പെട്രോൾ വിലവർദ്ധനക്കെതിരെ കോൺഗ്രസ്സ് നടത്തിയ സമരത്തെ പുച്ഛിക്കുന്ന സിപിഎം നേതൃത്വവും അവരുടെ മുഖ്യമന്ത്രിയും മന്ത്രിമാരും കാപട്യത്തിന്റെ വക്താക്കളായി മാറുന്നു. താനൊരു മോദി ഭക്തനാണെന്ന് പിണറായി വിജയൻ ആവർത്തിച്ച് തെളിയിച്ചിരിക്കുന്നു. ഇന്ധനവിലവർദ്ധന ജനങ്ങളിൽ ഉണ്ടാക്കിയ മാനസികാവസ്ഥയും വീട്ടമ്മമാരുടെ സങ്കടവും യുഡിഎഫ് ഇന്നലെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യം അടിയന്തര പ്രമേയമായി അവതരിപ്പിച്ചു. എന്നാൽ വിലക്കയറ്റംഗൗരവമായി സഭയിൽചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. എങ്കിൽ ഇതിലും വലിയ വിഷയം ഏതാണെന്ന് മുഖ്യമന്ത്രി പറയണം. ഈ കാട്ടുകൊള്ളക്കെതിരെ സംസ്ഥാനത്തെ ജനങ്ങൾക്കായി ഒന്നിച്ച് പ്രതികരിക്കാൻ കിട്ടിയ അവസരത്തെ എൽഡിഎഫ് തകർത്തിരിക്കുന്നു. മുഖ്യമന്ത്രിയും കൂട്ടരും കള്ളനാണയങ്ങളാണെന്ന് ഇതോടെ ബോദ്ധ്യപ്പെടുന്നു.
പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങൾ എല്ലാം ഭരണപക്ഷം അംഗീകരിക്കണമെന്നില്ല. എന്നാൽ പെട്രോളും കഞ്ഞിവെക്കാൻ അടുപ്പ്കത്തിക്കാനുള്ള പാചകവാതകവും വാങ്ങാനാകാത്ത രീതിയിൽ കുടുംബങ്ങളുടെ നടുവൊടിച്ച വിലക്കയറ്റം ഉണ്ടായത് ചർച്ച ചെയ്യേണ്ടതല്ലേ? ഇന്ധനവില കൂടുമ്പോൾ തങ്ങൾക്കും അതിന്റെ വിഹിതം കിട്ടുന്നു എന്നുള്ളതാണ് ഇടതുപക്ഷ ഭരണതലപ്പത്തുള്ള ജനദ്രോഹികളുടെ ചിന്ത. കട്ടമുതൽ ചില കള്ളന്മാർ വീതംവെയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. സമാനമാണ് ഇവിടെ ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളിൽ നിന്ന് പിഴിയുന്ന പണം മോദിയും പിണറായിയും പങ്കിടുന്നത്. വിലക്കയറ്റത്തിലൂടെ ലഭിക്കുന്ന അധികവരുമാനം എന്തുകൊണ്ട് സംസ്ഥാനം വേണ്ടെന്ന് വെയ്ക്കുന്നില്ല.? ഈ ചോദ്യം നിത്യേന ആവർത്തിക്കപ്പെടുന്നു. അത് സബ്സിഡിയായി നൽകുന്നില്ല. ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാർ മീൻപിടുത്ത ബോട്ടുകൾ തുടങ്ങിയവയ്ക്ക് ഇന്ധനം സൗജന്യ നിരക്കിൽ നൽകണമെന്ന് എന്ത്കൊണ്ട് ഈ ഗവൺമെന്റ് ചിന്തിക്കുന്നില്ല. സ്‌കൂൾ തുറന്നത് എന്താലോചിച്ചിട്ടാണ്. കുട്ടികൾക്ക് സ്‌കൂളിൽ എത്തേണ്ടേ. സ്വന്തം വാഹനമായാലും സ്‌കൂൾ വാഹനമായാലും പെട്രോൾ നിറയ്ക്കാൻ പണം കൊടുക്കുന്നത് ഈ കോവിഡ് കാലത്ത് പണിയില്ലാത്ത മാതാപിതാക്കളല്ലേ.

ഇന്നലെ നിയമസഭയിൽ യുഡിഎഫ് അംഗം ഷാഫി പറമ്പിൽ നടത്തിയ പരാമർശം ഈ സർക്കാരിന് തികച്ചും യോജ്യമാണ്. ‘കക്കാനിറങ്ങുന്ന മോദിക്ക് ഫ്യൂസ് ഊരിക്കൊടുക്കുന്ന എൽഡിഎഫ് ‘ ഇതിലും നല്ലൊരു പരിഹാസം പിണറായി വിജയന് നൽകാനില്ല. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ വില ചൂണ്ടിക്കാണിച്ചാണ് സിപിഎം ധനമന്ത്രി അടിയന്തര പ്രമേയത്തെ നേരിട്ടത്. കേരളം ഭരിക്കാൻ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തത് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളെ വിലയിരുത്താനാണോ എന്ന് ജനം ചോദിക്കും. 110 രൂപയുടെ പെട്രോൾ നിറച്ചാൽ 66 ശതമാനമാണ് നികുതി. 2014 ൽ യുപിഎ സർക്കാർ ഭരിച്ച കാലത്ത് ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി 3 രൂപ 46 പൈസ. ഇന്നത് 31 രൂപ 83 പൈസ. 2014 ൽ പെട്രോളിന് ഏർപ്പെടുത്തിയ നികുതി 9 രൂപ 20 പൈസ. മോദി ഭരണത്തിൽ 2021ൽ 3 രൂപ. 98 പൈസ. ഈ വ്യത്യാസം സംസ്ഥാന സർക്കാർ വെളിപ്പെടുത്താത്തത് മോദി ഭയംകൊണ്ട് തന്നെ. ഇന്ധനവിലവർദ്ധനക്കെതിരെ ബിജെപി വായതുറക്കില്ല. ശബരിമലയിൽ അയ്യപ്പന്മാർക്ക് നടന്ന് പോകാനാവില്ലെന്നെങ്കിലും ബിജെപി നേതാക്കൾ ചിന്തിക്കണമെന്ന് പറയേണ്ടിവരുന്നു.
ഇടത് മുന്നണിയാകട്ടെ ഇന്ധന വിലവർദ്ധനക്കെതിരെ കാര്യമായി പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല പ്രതികരിച്ച കോൺഗ്രസ്സിനെ പഴിചാരുകയാണ്. വൈറ്റില സമരത്തിനിടക്ക് വന്ന് ആളാവാൻ നോക്കിയ നടനെ വെള്ളപൂശുകയാണ് സിപിഎം പ്രതിനിധികളും ധനമന്ത്രിയും ചെയ്യുന്നത്.
പെട്രോൾ വിലക്കയറ്റത്തിനെതിരാണ് സിപിഎം എങ്കിൽ വൈറ്റിലയിൽ സമരം ചെയ്തവർക്കെതിരെ കള്ളക്കേസ് എടുക്കുമായിരുന്നോ. അതും ജാമ്യമില്ലാത്ത വകുപ്പ് ചേർത്ത്. ഇപ്പം അറസ്റ്റുചെയ്യുമെന്ന് പറഞ്ഞ് പേടിപ്പിക്കാൻ നോക്കുന്നോ. ‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ’ നടന്നിട്ടില്ലെങ്കിലും ഗാന്ധിയൻ സമരചിന്തയിലൂടെ ശക്തിപ്രാപിച്ചവരാണ് കോൺഗ്രസ് നേതാക്കളെന്ന് പിണറായി വിജയൻ ഓർക്കുന്നത് നന്ന്. സമരത്തിനെതിരെനിന്ന നടനൊപ്പമാണ് സർക്കാർ. വനിതാനേതാക്കളെ അപമാനിച്ച അയാൾക്ക് എതിരെ കേസ്സ് എടുക്കാനും മടി.
പെട്രോൾ വിലവർദ്ധനക്കെതിരായ സമരമൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് നരേന്ദ്രമോദിയെ ധരിപ്പിക്കേണ്ടത് പിണറായി വിജയന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യമായിരിക്കാം. നികുതി ഭീകരതയാണ് കേരളത്തിൽ. ജനം വില നൽകി നടുവൊടിഞ്ഞാലും തങ്ങൾക്ക് ഒന്നുമില്ലെന്ന ഇടതുസർക്കാരിന്റെ ദുഷ്ടചിന്തക്കെതിരേയും അതിശക്തമായ പോർമുഖം തുറക്കേണ്ടിയിരിക്കുന്നു. ഇടത് നേതാക്കളുടെ ചതി സാധാരണക്കാരേയും വീട്ടമ്മമാരേയും ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

Related posts

Leave a Comment