അതു സഖാക്കളുടെ മാത്രം അവകാശം ; വാരവിശേഷം, ലേഖനം വായിക്കാം

പി. സജിത്കുമാർ

ഈ നാട്ടിൽ അങ്ങനെയും ചില കീഴ്‌വഴക്കങ്ങളുണ്ട്. വിമർശിക്കാനും പരിഹസിക്കാനും ആക്ഷേപിക്കാനുമൊക്കെയുള്ള അവകാശം സൈബർ സഖാക്കൾക്കു മാത്രമാണ്. അവർക്ക് ഏതറ്റം വരെയും പോകാം. വ്യക്തികളെ അധിക്ഷേപിക്കാം. പൊതുപ്രവർത്തകരെയും അവരുടെ കുടുംബക്കാരേയും ആക്ഷേപിക്കാം. സിപിഎമ്മുകാർക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഈ അധികാരത്തിൽ മുസ്ലിംലീഗ് നേതാവ് അബ്ദുൾറഹ്മാൻ കല്ലായി കൈ കടത്തിയതാണ് കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തെയാകെ പിടിച്ചു കുലുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് അബ്ദുൾറഹ്മാൻ കല്ലായി അധിക്ഷേപം ചൊരിഞ്ഞു. അത് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അധിക്ഷേപം കൂടിയായിരുന്നു. അതിനെതിരേ വലിയ തോതിൽ പ്രതിഷേധമുയർന്നു. അബ്ദുൾറഹ്മാൻ കല്ലായി അങ്ങനെയൊരു പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു, ക്ഷമ ചോദിച്ചു. പാർട്ടി നേതാക്കളും തെറ്റു സമ്മതിച്ചു.
പക്ഷേ, അതുകൊണ്ടൊന്നും എകെജി സെന്ററിലെ ഉഛിഷ്ടം തിന്ന് ജീവിക്കുന്ന സാംസ്‌കാരിക, പുരോഗമനജീവികൾക്കു സമാധാനമായിട്ടില്ല. അവർ പിന്നേയും പിന്നേയും അത് ചർച്ച ചെയ്യുന്നു. കാരണം തെറി പറയാനുള്ള, ആരേയും ആക്ഷേപിക്കാനുള്ള സൈബർ സഖാക്കളുടെ അവകാശത്തിന്മേലാണ് ലീഗ് നേതാക്കൾ കൈകടത്തുന്നത്. അതെങ്ങനെ സഹിക്കും..?
നൊന്തു പെറ്റ കുഞ്ഞിനു വേണ്ടി അനുപമയെന്ന യുവതി ഓഫീസുകൾ കയറിയിറങ്ങിയപ്പോൾ സൈബർ സഖാക്കൾ അനുപമയേയും കുഞ്ഞിന്റെ അഛനായ അജിത്തിനേയും വല്ലാതെ ആക്ഷേപിച്ചു. പിണറായി വിജയന്റെ മകൾ വീണയ്ക്കും ഭർത്താവ് മുഹമ്മദ് റിയാസിനും അനുപമയിൽ നിന്നും അജിത്തിൽ നിന്നും എന്ത് വ്യത്യാസമാണ് സാംസ്‌കാരികനായകരേ നിങ്ങൾ കാണുന്നത്..? അനുപമയും വീണയെ പോലെ ഒരു പെണ്ണാണ്. കൊടിസുനിയും കൂട്ടരും 52 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ പത്‌നി കെ കെ രമയെ കുറിച്ച് സൈബർ സഖാക്കളെന്തെല്ലാം പറയുന്നു..? രമയും ഒരു പെണ്ണാണ്. പിണറായി വിജയന്റെ മകൾ വീണയെ പോലൊരു പെണ്ണ്.
വീണയ്ക്കും റിയാസിനും മാത്രമായി ഇവിടെ സാംസ്‌കാരിക നായകർ സംരക്ഷണം കൊടുക്കുമ്പോൾ സിപിഎം സൈബറിടങ്ങളിലും പാർട്ടി ഓഫീസുകളിലും ചവിട്ടിത്തേക്കുന്ന സ്ത്രീകളുടെ അഭിമാനത്തെ കുറിച്ചും അവകാശത്തെ കുറിച്ചും എന്തേ ചിന്തിക്കുന്നില്ല..?
പീഡനവീരന്മാരായ ശശിമാരെ പരിപോഷിപ്പിക്കുന്ന പാർട്ടിയെ ആദ്യം തിരുത്തൂ. പെണ്ണിന്റെ മാനത്തിനു വില കൽപ്പിക്കാതെ സൈബറിടങ്ങളിൽ അവരെ ചവിട്ടിത്തേക്കുന്ന പോരാളി ഷാജിമാരെ തിരുത്തൂ. അതു കഴിഞ്ഞിട്ടു മതി പുറമേക്കുള്ള ഉപദേശം.
മുസ്ലിംലീഗുകാർ മതത്തെ കുറിച്ച് പറയുന്നത് അപരാധം. മുസ്ലിംലീഗ് മതപാർട്ടിയോ അതോ രാഷ്ട്രീയ പാർട്ടിയോ എന്നാണ് പിണറായി വിജയന്റെ ചോദ്യം. മതത്തെ കുറിച്ച് രാഷ്ട്രീയപാർട്ടികൾ പറയാൻ പാടില്ലെന്ന് നിയമമുണ്ടോ..? ശബരിമല വിഷയത്തിൽ അങ്ങനെയൊരു നിലപാട് കണ്ടില്ലല്ലോ..? ബിജെപിക്കാരോട് നിങ്ങളൊരു മതസംഘടനയോ അതോ രാഷ്ട്രീയ സംഘടനയോ എന്ന് ചോദിക്കാൻ പിണറായി വിജയന് നാക്കു പൊങ്ങിയില്ലല്ലോ..?
മതത്തെ കുറിച്ച് പറയാൻ കെ ടി ജലീലുണ്ട്. സുന്നി-മുജാഹിദ് തർക്കങ്ങളെ കുറിച്ചും മതപരമായ കാര്യങ്ങളെ കുറിച്ചും പറയാനാണ് ജലീലിനെ പോലുള്ളവരെ സിപിഎം നിയമിച്ചിട്ടുള്ളത്. ജലീൽ രാഷ്ട്രീയക്കാരനല്ലേ എന്നു ചോദിച്ചാൽ അതെ. അപ്പോൾ മതകാര്യങ്ങൾ ജലീൽ പറയുന്നത് രാഷ്ട്രീയക്കാരനു പറ്റിയ പണിയാണോ എന്ന് ചോദിക്കേണ്ടതാരാ..? പിണറായി വിജയൻ തന്നെ. ജലീലിനോട് പിണറായി ചോദിക്കുമോ..? ഇല്ല.
ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾക്കെന്തും ചെയ്യാം. അത് ഞങ്ങളുടെ അവകാശം. അതിനെ ചോദ്യം ചെയ്യാനാരും വന്നേക്കരുത്. സിപിഎമ്മിന്റെ അവകാശങ്ങളിലാരും കൈകടത്തരുത്. അഥവാ ആരെങ്കിലും കൈകടത്തിയാൽ ജാഗ്രതയോടെ പ്രതികരിക്കാനാണ് സാംസ്‌കാരികനായകരായി ചിലരെ എകെജി സെന്റർ ആശ്രിതരായി നിലനിർത്തിയിരിക്കുന്നത്.

Related posts

Leave a Comment