എതിർശബ്ദങ്ങളെ സർക്കാർ നിശബ്ദമാക്കുന്നു, സിൽവർ ലൈനല്ല, മാവോ ലൈനെന്നു എറണാകുളം-അങ്കമാലി രൂപത

കൊച്ചി: എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്ന മാവോയിസ്റ്റ് തന്ത്രമാണ് സംസ്ഥാന സർക്കാർ പുറത്തെടുക്കുന്നതെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം. ഇത് അം​ഗീകരിക്കില്ലെന്ന് സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത. ലോകായുക്ത ഓർഡിനനിൻസിലും കെ റെയിലിലും സർക്കാരിനെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപത്തിലാണ് കടുത്ത വിമർശനം ഉയർത്തിയിരിക്കുന്നത്.
ചർച്ച വേണ്ടാത്ത മാവോലൈനാണ് സംസ്ഥാന സർക്കാരിനെന്നാണ് മുഖപത്രത്തിലെ രൂക്ഷ വിമർശനം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയിൽ മാത്രമാണ് കേരളത്തിൻറെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടിൽ മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സർക്കാർ.

വലിയ സാമൂഹിക – പാരിസ്ഥിതിക – സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ നിയമസഭയിൽ വിശദമായി ചർച്ച ചെയ്യാത്തതെന്താണെന്ന പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാർട്ടി നിശ്ചയിച്ച ‘പൗരപ്രമുഖരെ’ വിളിച്ച് ചേർത്താണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എതിർ സ്വരങ്ങളെ നിശബ്ദമാക്കി പാവപ്പെട്ടവരുടെ അടുക്കളകളിൽപ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടാണ് സർക്കാർ മറുപടിയെന്നും സത്യദീപം എഡിറ്റോറിയലിൽ വിമർശിക്കുന്നു. ജനങ്ങൾക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിൻറേതാണ്. കെ റെയിലനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികൻ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മർദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും സർക്കാരിൻറേത് ഫാസിസ്റ്റ് തന്ത്രമെന്നും സത്യദീപം പറയുന്നു.

Related posts

Leave a Comment