ലൈംഗികബന്ധത്തിനിടെ ‘കോണ്ടം’ ഊരിമാറ്റുന്നത് നിയമവിരുദ്ധമാക്കി

കാലിഫോർണിയ: പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനിടയിലും പങ്കാളിയുടെ അനുവാദമില്ലാതെ പുരുഷൻ സുരക്ഷ ഊരിമാറ്റുന്നത് നിയമവിരുദ്ധമാക്കി കാലിഫോർണിയ. നിയമസഭാംഗമായ ക്രിസ്റ്റീന ഗാർഷ്യ അവതരിപ്പിച്ച ബില്ലിൽ ഗവർണർ ഗവിൻ ന്യൂസം ഒപ്പ് വച്ചു.

ഇക്കാര്യം ട്വിറ്ററിലൂടെ ഗവർണർ ഗവിൻ ന്യൂസം പങ്കുവയ്ക്കുകയും ചെയ്തു. ‘കൺസന്റ്’ അഥവാ പങ്കാളിയുടെ അനുമതി എന്നത് എത്രമാത്രം പ്രധാനമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതിനാണ് ഈ ബില്ല് പാസാക്കിയതെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കി. അമേരിക്കയിൽ തന്നെ ആദ്യമായാണ് ഒരു സ്റ്റേറ്റിൽ ഇത്തരമൊരു ബില്ല് പാസാക്കപ്പെടുന്നത്.

‘സെക്സിനിടെ ഈ രീതിയിൽ പെരുമാറുന്നത് ധാർമ്മികമല്ല. ധാർമ്മികതയുടെ മാത്രം വിഷയമായി തുടരേണ്ട ഒന്നായിരുന്നില്ല ഇത്. ഇപ്പോഴിത് നിയമവിരുദ്ധം കൂടിയായിരിക്കുന്നു.’ ബില്ല് പാസാക്കപ്പെട്ട ശേഷം ക്രിസ്റ്റീന ഗാർഷ്യ പ്രതികരിച്ചു. ലൈംഗികബന്ധത്തിനിടെ പുരുഷന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കോണ്ടം മാറ്റുന്നത് സ്ത്രീയുടെ ആരോഗ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും താൽപര്യമില്ലാത്ത ഗർഭധാരണം, ലൈംഗികരോഗങ്ങളുടെ പകർച്ച തുടങ്ങി ഗൗരവമുള്ള പല പ്രശ്‌നങ്ങളും ഇതുമൂലം സംഭവിക്കാമെന്നും ക്രിസ്റ്റീന ഗാർഷ്യ പറഞ്ഞു.

ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നുവരാറുണ്ടെങ്കിലും നിയമത്തിന്റെ പരിധിയിൽ ഉൾക്കൊള്ളുന്നതല്ല എന്നതിനാൽ തന്നെ ഇങ്ങനെയുള്ള കേസുകളിൽ പരാതിക്കാരായ സ്ത്രീകൾ നിസഹായരായി പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിട്ടുള്ളതെന്നും ക്രിസ്റ്റീന വ്യക്തമാക്കി.

ബില്ലിന് അംഗീകാരം നൽകണമെന്ന ആവശ്യവുമായി 2017 മുതൽ തന്നെ ക്രിസ്റ്റീന രംഗത്തുണ്ട്. സ്ത്രീപക്ഷവാദികളും, മനുഷ്യാവകാശപ്രവർത്തകരുമടക്കം നിരവധി പേർ ബില്ലിനെ അനുകൂലിച്ച്‌ രംഗത്ത് വന്നിരുന്നു.

Related posts

Leave a Comment