രാജീവ് ഗാന്ധിയെയും ധ്യാന്‍ ചന്ദിനെയും മോദി അപമാനിച്ചുഃ ചെന്നിത്തല

തിരുവനന്തപുരംഃ രാജ്യത്തിന്‍റെ പരമോന്നത കായിക ബഹുമതിയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് എടുത്തുമാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഇടുങ്ങിയ രാഷ്‌ട്രീയ ചിന്തയുടെ പ്രതിഫലനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ആധുനിക ഇന്ത്യയുടെ പ്രണേതാവാണ്. കായിക മേഖലയിലും ഐടി രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം രാജീവ് ഗാന്ധി നടപ്പാക്കിയ വിപ്ലവകരമായ നടപടികളാണ്. അതുകൊണ്ടാണ് രാജ്യം പ്രിയ നേതാവിനെ ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താനാണ് മുന്‍ യുപിഎ സര്‍ക്കാര്‍ ഓരോ വര്‍ഷവും കായിക മികവിന് പരമോന്നത പുരസ്കാരം ഏര്‍പ്പെടുത്തിയത്. ലക്ഷക്കണക്കിന് ഭാരതീയരുടെ ആഗ്രഹ സാക്ഷാല്‍ക്കാരമായിരുന്നു രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. ഈ പുരസ്കാരത്തിന്‍റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്തത് ബിജെപിയുടെ രാഷ്‌ട്രീയ പാപ്പരത്തമാണെന്നു ചെന്നിത്തല.

ഇതിഹാസ ഹോക്കി താരം ധ്യാന്‍ ചന്ദിന്‍റെ പേരില്‍ പുതിയ പുരസ്കാരങ്ങളും സ്മാരകങ്ങളുമാണ് നിര്‍മിക്കേണ്ടത്. അതു ചെയ്യാതെ രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്കാരത്തിന് ധ്യാന്‍ ചന്ദിന്‍റെ പേര് നല്‍കിയതിലൂടെ ദേശീയ ഇതിഹാസ ഹോക്കി താരത്തെയും മോദി അപമാനിച്ചെന്ന് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണ രൂപംഃ

കായിക താരങ്ങള്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മോദി സർകാർ മാറ്റിയതിന് എതിരെ എൻ്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ.

ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണ്. ബി.ജെ.പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നത്

Related posts

Leave a Comment