ഐടി പാര്‍ക്കുകളുടെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ നീക്കവുമായി ഐടി വകുപ്പ്

തിരുവനന്തപുരം: മികച്ച വളർച്ചയുള്ള കേരളത്തിലെ ഐടി വ്യവസായ മേഖലയുടെ വികസനം ത്വരിതപ്പെടുത്താനും ഭാവി സാധ്യതകൾ വിലയിരുത്തി സൗകര്യങ്ങളൊരുക്കാനും ഐടി വകുപ്പ് ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ഐടി പാർക്കുകളും ഐടി വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്താനാണു തീരുമാനമെന്ന് ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിന് ബിശ്വനാഥ് സിൻഹ അധ്യക്ഷത വഹിച്ചു. കേരള ഐടി പാർക്സ് സി.ഇ.ഒ ജോൺ എം. തോമസ്, ഐടി വകുപ്പിലേയും ടെക്നോപാർക്കിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

നിക്ഷേപകരെ ആകർഷിക്കുന്ന വലിയ വികസന പദ്ധതികളാണ് ടെക്നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലുമായി നടന്നുവരുന്നത്. വൻകിട ആഗോള കമ്പനികൾ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങളെല്ലാം പരിഗണിച്ചുള്ള വികസന പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ നടന്നുവരുന്നത്. ഇത് ത്വരിതപ്പെടുത്തുന്നതിന് ഐടി പാർക്കുകൾക്ക് എല്ലാ പിന്തുണയും ഐടി വകുപ്പ് നൽകുന്നുണ്ട്. ഐടി പാർക്കുകളുമായുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തി വികസനം പുർത്തിയാക്കുകയാണ് ലക്ഷ്യം.’ ബിശ്വനാഥ് സിൻഹ പറഞ്ഞു.

Related posts

Leave a Comment