തലയെടുപ്പോടെ കൊമ്പന്മാർ തലപ്പത്ത്; ത്രില്ലടിച്ച് ആരാധകർ

നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നു, ഐഎസ്എൽ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക്. അതും തലയെടുപ്പോടെ. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.

2014ലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസനാമായി ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് എടികെയോട് തോറ്റതിന് ശേഷം ഒരു മത്സരവും തോറ്റില്ല എന്നത് എടുത്തുപറയേണ്ടതാണ്. കണക്കുകൾ നോക്കുകയാണെങ്കിൽ തോൽവിയറിയാതെ ഒമ്പത് മത്സരങ്ങൾ! ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ജയം.

കഴിഞ്ഞ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വ്യക്തമായ പ്ലാനിങ്ങോടെയാണ് നികത്തുന്നതെന്ന് വ്യക്തമാകുകയാണ് ഓരോ മത്സരവും. പരിശീലകൻ ഇവാൻ വുകമാനോവിചും വിദേശ താരങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം. സഹൽ അബ്ദുൽ സമദ് ഉൾപ്പെടെയുള്ള പ്രാദേശിക താരങ്ങൾ കട്ടയ്ക്ക് കൂടെ നിൽക്കുകയും ചെയ്യുന്നു. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷഡ്പൂർ എഫ്.സി നാലാം സ്ഥാനത്തും.

Related posts

Leave a Comment