രാജ്ഭവൻ ഭരിക്കുന്നത് എ കെ ജി സെന്ററോ…? ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

കേരളത്തിലെ സർവകലാശാലകൾ ചീഞ്ഞളിയാനും ദുർഗന്ധം വമിക്കാനും തുടങ്ങിയിട്ട് നാളുകളേറെയായി. എന്നൊക്കെ കേരള ഭരണം സി പി എമ്മിന്റെ കൈകളിലെത്താറുണ്ടോ അന്നൊക്കെ സർവകലാശാലകൾ പാർട്ടിയുടെ സമഗ്രാധിപത്യത്തിന്റെ അഴുക്കുകൂമ്പാരങ്ങളായി തീരാറുണ്ട്. പാർട്ടി പ്രതിപക്ഷത്താകുമ്പോൾ രാഷ്ട്രീയപ്രേരിത സമരങ്ങളാൽ സർവകലാശാലകൾ കലങ്ങിമറിയാറാണുള്ളത്. കെ കെ എൻ കുറുപ്പ് വി സിയായിരുന്നപ്പോൾ കാലിക്കറ്റ് സർവകലാശാല ഭരിച്ചിരുന്നത് സി പി എം ജീവനക്കാരുടെ സംഘടനകളായിരുന്നു. രാഷ്ട്രീയ സമരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു അന്ന് ക്യാമ്പസുകളിൽ തിരയടിച്ചിരുന്നത്. സി പി എമ്മിന് അനഭിമതരായിരുന്നതുകൊണ്ട് ഡോ ജെ വി വിളനിലത്തിന് കേരള സർവകലാശാലയിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതകൾ അക്കാദമിക് സമൂഹം മറന്നുപോകില്ല. അത്രമാത്രം ക്രൂരമായിരുന്നു സി പി എം വിദ്യാർത്ഥി സംഘടനയും ജീവനക്കാരുടെ യൂണിയനും സി പി എം അധ്യാപക സംഘടനകളും അദ്ദേഹത്തിനുനേരെ അഴിച്ചുവിട്ടത്. കാലിക്കറ്റ് സർവകലാശാലയിൽ ഡോ ടി കെ രവീന്ദ്രനുനേരെയുണ്ടായ അതിക്രമങ്ങളും ചെറുതായിരുന്നില്ല. ഓഫീസിലും ഔദ്യോഗിക വസതിയിലും അവർക്ക് ഭീഷണിയില്ലാതെ താമസിക്കാൻ സാധിച്ചിരുന്നില്ല. ഇങ്ങനെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കുകയായിരുന്നു സി പി എമ്മും അവരുടെ വർഗ-ബഹുജന സംഘടനകളും. പാർട്ടിയുടെ സർവാധിപത്യം സർവവ്യാപിയായിരുന്നപ്പോൾപോലും നടന്നിട്ടില്ലാത്ത അതിനീചമായ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. സി പി എം നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും അക്കാദമിക് യോഗ്യതകളില്ലാതെ നിയമനം നടത്താനും സർവരംഗങ്ങളിലും പാർട്ടി സമഗ്രാധിപത്യം അടിച്ചേൽപ്പിക്കാനുമാണ് സി പി എം ശ്രമിക്കുന്നത്. വിദ്യാഭ്യാസ സമിതിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഉത്തരവിൽ ഒപ്പുവെയ്ക്കുക എന്ന ചുമതല മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കുള്ളൂ. മുഖ്യമന്ത്രിയുടെ തോട്ടക്കാരനുള്ള അധികാരംപോലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കില്ല. രാഗേഷിന്റെയും രാജേഷിന്റെയും രാജീവിന്റെയും ബിജുവിന്റെയും ഭാര്യമാർ അനധികൃതമായി നിയമനം നേടിയത് മന്ത്രി മാത്രമല്ല, ചാൻസലർ കൂടിയായ ഗവർണർപോലും അറിയാതെയാണ്. നിരന്തരം അപമാനിതനായാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കഴിയുന്നത്. ഒടുവിൽ ഗവർണർക്ക് പ്രഖ്യാപിക്കേണ്ടി വന്നു, ചാൻസലർ പദവി എന്ന പാനപാത്രം തന്നിൽനിന്ന് എടുത്തോളൂ എന്ന്. സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളും സ്വയംഭരണാവകാശങ്ങളെ തകർക്കലും അതിന്റെ പാരമ്യത്തിലാണ്. നോക്കുകുത്തിയായുള്ള ചാൻസലർ പദവി തനിക്കുവേണ്ടെന്നും മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവർണർക്ക് പറയേണ്ടി വന്നിരിക്കുന്നു. സി പി എമ്മുമായി സന്ധി ചെയ്ത് മുന്നോട്ട് പോകുന്ന ഗവർണർ ഇപ്പോൾ വിലപിക്കുന്നത് സ്വയംകൃതാനാർത്ഥമാണ്.

കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർക്ക് കാലാവധി നീട്ടിക്കൊടുത്തത് യു ജി സി നിയമങ്ങളും സർവകലാശാലാ ചട്ടങ്ങളും മറികടന്നുകൊണ്ടാണ്. കാലടി സർവകലാശാലയിലും ഫിഷറീസ് സർവകലാശാലയിലും കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റിയിലും വി സിയെ നിയമിച്ചതും നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ചുകൊണ്ടുതന്നെയായിരുന്നു. അനധികൃതമായി എസ് എഫ് ഐ നേതാക്കൾക്ക് പ്രവേശനവും ഗവേഷണ സൗകര്യവും മാർക്കുദാനവും നടന്നപ്പോൾ മൗനംപാലിച്ച ഗവർണർ താൻ ദുർബലനെന്ന് സ്വയം വ്യക്തമാക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ആരെ വേണമെങ്കിലും നിയമിച്ചോട്ടെയെന്നും മുഖ്യമന്ത്രിതന്നെ ചാൻസലർ പദവി ഏറ്റെടുത്തോട്ടെയെന്നുമുള്ള ഗവർണറുടെ പ്രഖ്യാപനം കീഴടങ്ങലിന്റെ ദീനവിലാപമാണ്. ബഹുമുഖങ്ങളായ അവഗണനകളിൽ പ്രതിഷേധിച്ച് ഗവർണർ കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോരുകൾ തുടരുകയാണ്. രാജ്ഭവനെ ഭരിക്കുന്നത് എ കെ ജി സെന്ററാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിതന്നെയാണ്. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ആരിഫ് മുഹമ്മദ്ഖാനുണ്ടായ ഇത്തരം ദുരനുഭവം മറ്റാർക്കുമുണ്ടായിട്ടില്ല. ഗവർണർക്കെതിരെ നിരവധി വെടിയുണ്ടകൾ ഒളിച്ചുവെച്ച് ഒളിവെടികൾ തുടരുകയാണ്. ആർജ്ജവമുണ്ടെങ്കിൽ തന്റെ കൈയ്യിലുള്ള അവകാശങ്ങൾ ഉപയോഗിച്ച് ഗവർണർ മുഖ്യമന്ത്രിയെ തിരുത്താൻ തയ്യാറായില്ലെങ്കിൽ അവർ ഗവർണറെ തുരത്തുക തന്നെ ചെയ്യും.

Related posts

Leave a Comment