“പ്രതികരണ ശേഷിയുള്ള നായകൻ” എന്ന ബ്രാൻഡ് നേടാനുള്ള ആവേശം മാത്രമാണ് ; ജോജുവിനെതിരെയുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കൊച്ചി : എറണാകുളത്ത് ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനുനേരെ സംഘർഷം സൃഷ്ടിച്ച സിനിമാതാരം ജോജുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.മാഹിൻ അബൂബക്കർ സംഭവുമായി ബന്ധപ്പെട്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

നടൻ ജോജു ജോർജ് പുതുതായി വാങ്ങിയ കാറിന്റെ വില ഏകദേശം ഒരു കോടിക്ക് അടുത്താണ്. സ്വഭാവികമായും ഒരു കോടി രൂപയുടെ കാർ എടുക്കുന്നവർക്ക് ആയിരത്തിനും പതിനായിരത്തിനും പെട്രോൾ ദിവസവും അടിക്കുന്നതിനു പ്രശ്നമില്ല. അത് കൊണ്ടാണല്ലോ അവർ എപ്പോഴും സൂപ്പർ കാറുകൾ ഇങ്ങനെ വാങ്ങി കൂട്ടുന്നത്.

അങ്ങനെയുള്ളവർക്ക് സാധാരണക്കാരന്റെ ജീവിതവും അവൻ ദിവസവും കടന്ന് പോകുന്ന പ്രതിസന്ധികളും മനസ്സിലാകണമെന്നില്ല. കോടികളുടെ വരുമാനവും, ലക്ഷങ്ങൾ പൊടിച്ചു കൊണ്ടുള്ള ജീവിതവും നയിക്കുന്നവർക്ക് പെട്രോൾ 110 ആയാൽ എന്താണ് 200 ആയാൽ എന്താണ്, രാഷ്ട്രീയക്കാരെ മുഴുവൻ സാമൂഹ്യ ദ്രോഹികൾ ആക്കി മുദ്രകുത്തി അരാഷ്ട്രീയ വാദത്തിന്റെ അപ്പനും അപ്പൂപ്പനും ആകാം!

പെട്രോൾ വിലവർധനവിനെതിരെയുള്ള എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ദേശീയ പാത ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ ക്യാമറക്ക് മുന്നിലെ ” ഷോ ” കണ്ടത് കൊണ്ട് പറഞ്ഞേനെ ഉള്ളു.

ഷോക്ക് ഇടയിൽ ജോജു ഒരു കാര്യം പറയുന്നത് കേട്ടു.

” ഓട്ടോയിൽ എ സി ഇട്ട് ഇരിക്കാൻ പറ്റോ “

അതെ, ജോജു!

ഓട്ടോയിൽ എ സി ഇടാൻ പറ്റില്ല. അത് പോലെ ഓട്ടോക്കാരൻ ആയിരം രൂപക്ക് ഒരു ദിവസം ഓടുമ്പോൾ അതിൽ നല്ലൊരു പങ്കും പെട്രോളിന് വേണ്ടി മാറ്റി വക്കേണ്ടി വരുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

മറ്റു വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നവരും താങ്കളെ പോലെ ഒരു കോടിക്ക് കാർ വാങ്ങാനോ, ദിവസവും പതിനായിരം രൂപക്ക് പെട്രോൾ അടിക്കാനോ വകയുള്ളവരല്ല. കിട്ടുന്നതിൽ നിന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടുമ്പോൾ നല്ലൊരു തുകയും പെട്രോളിന് നൽകേണ്ടി വരുന്നവരാണ്.

എ സി ഇട്ട് ആഡംബര കാറുകളിൽ ചീറി പായുന്നത് കൊണ്ട് താങ്കൾക്ക് അറിയാത്തതാണ് കാര്യങ്ങൾ. കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമ പിടിക്കാൻ ഇറങ്ങുന്ന താങ്കൾക്ക് പത്തു മിനുട്ട് റോഡിൽ കിടക്കേണ്ടി വരുമ്പോൾ പൊള്ളുന്നതിനേക്കാൾ പത്തിരട്ടി പൊള്ളൽ വണ്ടിയിൽ പെട്രോൾ അടിക്കുമ്പോൾ സാധാരണക്കാരന് പൊള്ളുന്നുണ്ട്.

ഇതൊക്കെ താങ്കളോട് പറയേണ്ട കാര്യമുണ്ടായിട്ടല്ല പറയുന്നത്.

താങ്കളുടെ വൺ മാൻ ഷോ കണ്ടപ്പോൾ “പ്രതികരണ ശേഷിയുള്ള നായകൻ” എന്ന ബ്രാൻഡ് നേടാനുള്ള ആവേശം മാത്രമാണ് അതെന്ന് മനസ്സിലായി.

ഭരിക്കുന്നവർ എന്ത് ജനദ്രോഹം അടിച്ചേൽപ്പിച്ചാലും മിണ്ടാതെ കയ്യും കെട്ടി വീട്ടിലിരുന്നോളണം എന്ന ചിന്താഗതിയാണ് താങ്കൾ പകർന്നു നൽകുന്നതെങ്കിൽ അത്തരം ഷോയോട് ” സൗകര്യം ഇല്ല ” എന്ന് തന്നെ പറയും.

പിന്നെ സമരം ചെയ്യുന്നവരെ താങ്കൾ ഒന്ന് രണ്ട് പദം ഉപയോഗിച്ച് വിശേഷിപ്പിച്ചതൊക്കെ കണ്ടു.

കയ്യിലെ കാശിന്റെയും, മറ്റാരെയും കൂസാതെ ജീവിക്കാമെന്ന അഹങ്കാരത്തിന്റെയും പുറത്താണ് അത്തരം സമീപനങ്ങൾ കോൺഗ്രസ്‌ പാർട്ടിയോട് എടുക്കുന്നതെങ്കിൽ അതൊക്കെ തിരുത്തേണ്ട കാലമാണ് ഇതെന്ന് ഓർമ്മിപ്പിക്കേണ്ടി വരും.

ജോജുവിന്റെ അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ പാർട്ടിയാണ്. സമരം ചെയ്യാൻ വേണ്ടി തുടങ്ങിയ പാർട്ടിയാണ്. എങ്ങെനെ സമരം ചെയ്യണമെന്നതിനു തത്കാലം ജോജുവിന്റെ ക്ലാസ് സ്വീകരിക്കുന്നില്ല.

Related posts

Leave a Comment