പണമുളളവന്റെ മക്കൾ മാത്രം പഠിച്ചാൽ മതിയോ? ; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണമുള്ളവരുടെ മക്കൾ മാത്രം പഠിച്ചാൽ മതിയെന്നതാണോ വിദ്യാഭ്യാസ മേഖലയിലെ സമീപനമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കു പോലും പ്ലസ് വൺ പഠനത്തിന് ഇഷ്ട വിഷയമോ ഇഷ്ട സ്‌കൂളോ ലഭിക്കാത്ത അവസ്ഥ ഗൗരവമായി പരിഗണിക്കാൻ സർക്കാർ തയാറാകുന്നില്ല. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച്‌ പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപ്രായോഗികമാണ്. സീറ്റുകളല്ല, ബാച്ചുകളാണ് കൂട്ടേണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവർ ഇപ്പോൾ അൺ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുകയാണ്. സാങ്കേതികമായ കണക്കുകൾ ഉദ്ധരിച്ച്‌ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ലഘൂകരിച്ചു കാണാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന അതേകാര്യങ്ങളിൽ മുൻമന്ത്രി കൂടിയായ കെ.കെ ശൈലജ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നൽകിയത് ഇത് അത്രയേറെ ഗൗരവമുള്ള വിഷയമായതിനാലാണ്’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഒരു യൂണിറ്റായി കാണാതെ താലൂക്ക് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്നതാണ് സർക്കാർ ചെയ്യേണ്ടത്. നേരത്തെ ഇതേ വിഷയം ഉന്നയിച്ചപ്പോൾ എം.എൽ.എമാരുമായി കൂടിയാലോചിച്ച്‌ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പാണ് മന്ത്രി നിയമസഭയിൽ നൽകിയിരുന്നത്. എന്നാൽ ഭരണകക്ഷി എം.എൽ.എമാരോട് പോലും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയിട്ടില്ല. അഡ്മിഷനിലെ സങ്കീർണത പരിഹരിക്കാനുള്ള നിർദ്ദേശം നിയമസഭയിലെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. മക്കൾ ഉറങ്ങുമ്പോൾ ഉറങ്ങുകയും മക്കൾക്കൊപ്പം ഉണരുകയും ചെയ്യുന്ന അമ്മമാരുടെ നാടാണ് കേരളം. കുട്ടികളുടെയും രക്ഷിതാക്കളുടെയും സങ്കടം കാണാൻ മന്ത്രി തയാറാകുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അപ്രായോഗിക സമീപനം മൂലം ഓപ്പൺ സ്‌കൂളിൽ പ്രവേശനം തേടുന്ന വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയാകും. യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത കണക്കുകളാണ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്’ പ്രതിപക്ഷ നേതാവ് വിമർശിച്ചു.എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കു പോലും ഇഷ്ട വിഷയങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ പല സ്വകാര്യ സ്‌കൂളുകളും മാനേജ്മെന്റ് സീറ്റുകളിൽ ഒന്നും രണ്ടും ലക്ഷം രൂപയാണ് കോഴയായി വാങ്ങുന്നത്. 50 പേർ ഇരിക്കേണ്ട ക്ലാസിൽ 60 പേർ പാടില്ലെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി നിർദ്ദേശം നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി എന്തു നടപടിയാണ് സ്വീകരിച്ചത്? ബാച്ചുകൾക്കു പകരം സീറ്റ് വർധിപ്പിച്ച്‌ പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതിക്ക് റദ്ദാക്കാവുന്നതേയുള്ളൂ. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച്‌ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണ്ടില്ലെന്നു നടിച്ച്‌ മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനിക്കുന്നതെങ്കിൽ പ്രതിപക്ഷത്തിന് മറ്റു സമരമാർഗങ്ങൾ ആലോചിക്കേണ്ടി വരും’ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment