തിരുവനന്തപുരം: ഏഴ് വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതിനെ തുടർന്ന് പരാതിയെടുത്ത ശേഷവും കുറ്റാരോപിതനുൾപ്പെടുന്ന വീട്ടിലേക്ക് തന്നെ അമ്മയെയും മകളെയും തിരിച്ചയച്ച മലയിൻകീഴ് പോലീസ് പ്രതികൂട്ടിൽ. തിരിച്ച് വീട്ടിലെത്തിയ ശേഷം പ്രതിയും ഭാര്യയും തമ്മിലുണ്ടായ സംഘർഷത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേൽക്കുകയും യുവതിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ജാമ്യത്തിലെത്തിയ ശേഷം സംഭവത്തിൽ പോലീസിനെതിരെ ഗുരുതര പരാതിയുമായി കുട്ടിയുടെ മാതാവ് വീണ്ടും രംഗത്ത് വന്നതോടെയാണ് പോലീസ് പ്രതികൂട്ടിലായത്. സംഭവത്തിൽ ഡിജിപി അടിയന്തര റിപ്പോർട്ട് തേടി. വിശദമായ അന്വേഷണത്തിനായി യുവതിയെ ഇന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിലുൾപ്പടെ പോലീസിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. സെപ്റ്റംബർ 1-ന് രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം. മുംബൈയിൽ താമസിച്ചിരുന്ന യുവതി മൂക്കുന്നിമല വ്യോമസേന കേന്ദ്രത്തിൽ ഉദ്യോഗസ്ഥനായ തിരുനൽവേലി സ്വദേശിയെ വിവാഹം കഴിച്ചാണ് 7 വയസ്സുളള മകളോടൊപ്പം ഇവിടെയെത്തിയത്.
കുട്ടിയെ ഭർത്താവ് പീഡിപ്പിച്ചെന്ന് ഇവർ ഓഗസ്റ്റ് 31നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നുണ്ടായ വൈദ്യ പരിശോധനയിൽ സംഭവം സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പേ ഹാജരാക്കി മൊഴിയെടുത്തു. പ്രതിയെ അന്ന് അറസ്റ്റ് ചെയ്തില്ല. ഭർത്താവിനരികിലേക്ക് പോകാൻ ഭയമാണെന്നും പോകാൻ വേറേ ഇടമില്ലെന്നും പോലീസിനേട് പലയാവർത്തി പറഞ്ഞിട്ടും രാത്രിയോടെ പോലീസ് ഇവരെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കാര്യങ്ങൾ സംഘർഷത്തിൽ കലാശിച്ചത്. വിഷയത്തിന്റെ സങ്കീർണതയെ കുറിച്ചുളള കാര്യ ഗൗരവം കണക്കിലെടുക്കാതെയുളള പോലീസിന്റെ ഈ നടപടി ചോദ്യം ചെയ്യപ്പെടോണ്ടതാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ ഉയർന്ന് കേൾക്കുന്നത്.