ത്യാഗോജ്വല പോരാട്ടങ്ങൾക്ക് മുൻപിൽ അടിപതറിയ അധിനിവേശം; ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നിറവിൽ

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.

ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങളാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോ, ലാൽ-ബാൽ-പാൽ തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എൻ.എ-യുടെ റെഡ് ഫോർട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഒരു ജനതയുടെ ഉജ്വലമായ പോരാട്ടങ്ങൾക്ക് മുൻപിൽ 1947 ആഗസ്റ്റ് മാസം 14ന് അർധ രാത്രിയിൽ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നുവീഴുകയായിരുന്നു.

Related posts

Leave a Comment