ഭരണമാറ്റം കൊണ്ടാല്ലാതെ രാജ്യത്തെ തൊഴിലാളികൾ രക്ഷപ്പെടില്ല; ആന്റണി

തിരുവനന്തപുരം: കോൺ​ഗ്രസ് സർക്കാരുകൾ മുൻകാലങ്ങളിൽ കൊണ്ടുവന്നിട്ടുള്ള മുഴുവൻ തൊഴിൽ നിയമങ്ങളും ആറു വർഷം കൊണ്ട് ബിജെപി സർക്കാർ അട്ടിമറിച്ചെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം എ.കെ. ആന്റണി. അതിനെതിരേ തൊഴിലാളികൾ എത്ര കഠിനമായ സമരം ചെയ്താലും ഒരു പ്രയോജനവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കോവളം ഉദയ സമുദ്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷണൽ കോൺ​ഗ്രസും ഐഎൻടിയുസിയും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്. സ്വതന്ത്ര സംഘടനയാണെങ്കിലും കോൺ​ഗ്രസിന്റെ അടിത്തറ വളർത്തുന്ന ഏറ്റവും വലിയ പിൻബലമാണ് ഐഎൻടിയുസിയെന്നും ആന്റണി വ്യക്തമാക്കി.
തൊഴിലാളിദ്രോഹ നടപടികൾക്കെതിരേ രാജ്യത്തെ തൊഴിലാളികൾ 24 മണക്കൂറും 48 മണിക്കൂറുിമൊക്കെ സമരം ചെയ്തു. എന്നാൽ 72 മണിക്കൂർ സമരം ചെയ്താലും ഒരു ചർച്ചയ്ക്കു പോലും തയാറാകത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. നമ്മുടെ രാജ്യത്തുണ്ടായിട്ടുള്ള എല്ലാ തൊഴിൽ നിയമങ്ങളും കോൺ​ഗ്രസ് ​ഗവണ്മെന്റുകൾ കൊണ്ടുവന്നതാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതിലിങ്ങോട്ടുള്ള മുഴുവൻ പ്രധാനമന്ത്രിമാരും തൊഴിലാളികളുടെ ആവശ്യങ്ങൾ അം​ഗീകരിക്കുകയും അനുവ​ദിക്കുകയും ചെയ്തിരുന്നു. അതിനെല്ലാം പിന്നിൽ ഐഎൻടിയുസിയുടെ സമ്മർദമുണ്ട്.
തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ ഉന്നത രാഷ്‌ട്രീയ കാര്യ സമിതി രൂപീകരിച്ച് അതേപ്പറ്റി പഠിക്കുന്നതായിരുന്നു കോൺ​ഗ്രസ് സർക്കാരുകൾ ചെയ്തത്. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ അം​ഗീകരിച്ച്,‌പ്രക്ഷോഭം അവസാനിപ്പിക്കുകയോ അവരുടെ ആവശ്യങ്ങൾ അം‌​ഗീകരിക്കുകയോ ആണ് കോൺ​ഗ്രസ് പ്രധാനമന്ത്രിമാർ ചെയ്തു പോന്നത്. എന്നാൽ ഇന്ന് ചർച്ചയില്ല. എല്ലാം ഏകാധാപത്യമായി മാറി. കേന്ദ്രത്തിൽ സർക്കാർ മാറാതെ ഈ നയത്തിനു മാറ്റം വരില്ല. കേന്ദ്രത്തിൽ ഭരണ മാറ്റത്തിനു നേതൃത്വം നൽകാൻ കോൺ​ഗ്രസിനു മാത്രമേ കഴിയൂ. രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള ഏക പ്രതിപക്ഷ പാർട്ടിയാണ് കോൺ​ഗ്രസ്. കോൺ​ഗ്രസിനെ ശക്തിപ്പെടുത്തി 2024ലെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ, ഇന്ത്യയിലെ തൊഴിലാളാകൾക്ക് തൊഴിൽ സംരക്ഷണവും അവകാശ സംരക്ഷണവും സാധ്യമാകൂ എന്നും ആന്റണി ഓർമിപ്പിച്ചു. കോൺ​ഗ്രസിനെ മാറ്റി നിർത്തിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സാം​ഗത്യമെന്താണെന്നു മനസിലാകുന്നില്ലെന്നും ആന്റണി പറഞ്ഞു. ദേശീയ ബദലുണ്ടാക്കാൻ മതനിരപേക്ഷ കക്ഷികളെല്ലാം കോൺ​ഗ്രസിനു കീഴിൽ അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി അധ്യക്ഷത വഹിച്ചു. ദേശീയ തൊഴിലാളികളുടെ ഐക്യവും മതേതര ശക്തികളുടെ കൂട്ടായിമയും മാത്രമാണ് ദേശീയ രാഷ്ട്രീയത്തിന് അനിവാര്യമെന്ന് സഞ്ജീവ റെഡ്ഢി പറഞ്ഞു.
പ്രത്യക്ഷത്തിൽ ബിജെപിയെ എതിർക്കുമെന്നു പറയുകയും പരോക്ഷമായി അവർക്കു വളരാനുള്ള അവസരമൊരുക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ശത്രുക്കളായി മാത്രമേ കാണാൻ കഴിയൂ എന്നു ആശംസകളർപ്പിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ല്. അവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ല. എന്നാൽ പാർലമെന്റിൽ വരാൻ പോലും കൂട്ടാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊഴിലാളികളെ കേൾക്കുന്നതിനെക്കാൾ പ്രിയം കോർപ്പറേറ്റുകളെ കേൾക്കാനാണ്. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി, ജനാധിപത്യത്തെ അപഹസിക്കുകയാണു മോദിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കു കൂട്ടു നിൽക്കുമ്പോൾ കേരളത്തിലെ ഇടതു സർക്കാർ കുത്തക മുതലാളിമാർക്കു പിന്നാലെയാണ് പായുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ടു സർക്കാരുകളും പിന്തുടരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരേയുള്ള പോരാട്ടങ്ങൾക്ക് ഐഎൻടിയുസി നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസി‍ന്റ് ആർ. ചന്ദ്രശേഖരൻ, ശശി തരൂർ എംപി, എം.കെ. രാഘവൻ എംപി, ആർ. സി. കുന്ത്യ, സഞ്ജയ് സിം​ഗ്, എസ്.കെ. യാദവ്, ടി.ജെ. രാജു തുടങ്ങിയവർ പ്രസം​ഗിച്ചു. വിവിധ രം​ഗത്ത് മികവ് തെളിയിച്ച ആർ ഹരികുമാർ, കുമ്പളത്ത് ശങ്കരപ്പിള്ള, കെ. സുജാത, വത്സല കുമാരി, പെരുന്നയിൽ കൃഷ്ണകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
തലസ്ഥാനത്ത് നിർമിച്ച ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് (കെ.കരുണാകരൻ സ്മാരക മന്ദിരം) അഖിലേന്ത്യാ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള, കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പത്മജ വേണു​ഗോപാൽ, പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment