തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷം മേയ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് അറിയിച്ചു. രണ്ടിന് കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തില്‍ കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി യോഗം ചേരും. മൂന്നിന് പ്ലാറ്റിനം ജൂബിലി ആഘോഷം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ. കരുണാകരന് സ്മാരക സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കുമെന്ന് ചന്ദ്രശേഖരന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തൊഴില്‍ വകുപ്പ് നോക്കുകുത്തിയായതിന്റെ ഫലമാണ് കണ്ണൂര്‍ മാതമംഗലത്ത് സ്ഥാപനം അടച്ചുപൂട്ടാനിടയാക്കിയതെന്ന് ചന്ദ്രശേഖരന് പറഞ്ഞു. നോക്കുകൂലിയെ ഐ.എന്‍.ടി.യു.സി എക്കാലവും എതിര്‍ത്തിട്ടുണ്ട്. തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം. രാജ്യത്തെ തൊഴില്‍മേഖല നേരിടുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 28, 29 തീയതികളില്‍ പണിമുടക്ക് നടത്തും. പൊതുമേഖല മുഴുവന്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി, മിനിമം കൂലി എന്നിവ ആവശ്യപ്പെട്ട് മാര്‍ച്ച് എട്ടിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ്, തമ്ബി കണ്ണാടന്‍, ആര്.എം. പരമേശ്വരന്, ജില്ല പ്രസിഡന്റ് വി.ആര്. പ്രതാപന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.