ഐഎന്‍ടിയുസി നേതാവ് കെ സി രാമചന്ദ്രന്‍ അന്തരിച്ചു


കോഴിക്കോട്: ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും കേരള മദ്യ നിരോധ സമിതി രക്ഷാധികാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി.രാമചന്ദ്രന്‍ (81) കുണ്ടൂപ്പറമ്പ് പുതിയാറമ്പത്ത് വസതിയില്‍ അന്തരിച്ചു. ദീര്‍ഘനാളായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: കനകലത. സംസ്‌കാരം വീട്ടു വളപ്പില്‍ നടന്നു.
കേരളത്തിലെ പ്രമുഖ തൊഴിലാളി നേതാവായ കെ.സി.രാമചന്ദ്രന്‍ നിരവധി യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
വയനാട്, കോഴിക്കോട് ജില്ലകള്‍ ഒന്നായ ഘട്ടത്തില്‍ വി.പി.കുഞ്ഞിരാമകറുപ്പ് ഡി.സി.സി.പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി അംഗം , സംസ്ഥാന വൈസ് പ്രസിഡന്റ് , മുന്‍ ജില്ലാ പ്രസിഡന്റ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഐ.എന്‍.ടി.യു.സി. സ്ഥാപക നേതാവ് , വിവിധ യൂണിയനുകളുടെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നു. പി.കെ.ഗോപാലന്‍, അഡ്വ.പി.വി.ശങ്കരനാരായണന്‍ അഡ്വ.വി.പി.മരക്കാര്‍ ഐ.പി. കൃഷ്ണന്‍ എന്നിവരോടൊപ്പം തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കാനും ആനുകുല്യങ്ങള്‍ വാങ്ങി കൊടുക്കാനും മുന്‍നിരയില്‍ ഉണ്ടായിരുന്ന അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. അസുഖം മൂലം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് മേഴ്സി രവി മെമ്മോറിയല്‍ കള്‍ച്ചറല്‍ അവാര്‍ഡ് കെ.സി.രാമചന്ദ്രനെ തേടിയെത്തുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെ.സിയുടെ വസതിയില്‍ എത്തി അവാര്‍ഡ് സമര്‍പ്പിച്ചത്. ഏറ്റവും ഒടുവിലായി അദ്ദേഹം പങ്കെടുത്ത പൊതു ചടങ്ങും അതായിരുന്നു. കെ.സാദിരിക്കോയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഉള്‍പ്പെടെ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, ഐ.എന്‍ ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സി.ഐ.ടി.യു നേതാവ് എളമരം കരീം എം.പി തുടങ്ങിയവര്‍ അനുശോചിച്ചു.

Related posts

Leave a Comment