കെ റെയിലിനെതിരെ പ്രക്ഷോഭത്തിന് ഐ.എൻ.ടി.യു.സി

  • മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമർപ്പിക്കുമെന്ന് ആർ. ചന്ദ്രശേഖരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഐ.എൻ.ടി.യു.സി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ജൂൺ എട്ടിന് എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. തുടർന്ന് മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമർപ്പിക്കും. ഇതിന് മുന്നോടിയായി മെയ് 25 ന് ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ റെയിൽ ഉപേക്ഷിച്ച് സർക്കാർ സമാന്തരമാർഗ്ഗം തേടണം. സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം ആരായണം. സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തി കേരളത്തിന് ഗുണകരമാവുന്ന ബദൽ കണ്ടെത്തണം. പൊതുമേഖലാ സ്ഥാപനങ്ങളോട് തികഞ്ഞ അവഗണനയാണ് സർക്കാർ കാട്ടുന്നത്. ദീർഘകാല കരാർ ഒരിടത്തുമില്ല. സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായുള്ള ധാരണാപത്രം സെക്രട്ടേറിയറ്റിൽ കുടുങ്ങി കിടക്കുന്നു. സംസ്ഥാനത്ത് എല്ലാ തൊഴിൽ മേഖലയിലും മിനിമം വേതനം 700 രൂപയാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചെങ്കിലും നടപ്പായില്ല. കേന്ദ്ര പദ്ധതിയിലുൾപ്പെട്ട തൊഴിലുറപ്പ് മേഖലയിൽ 200 ദിവസത്തെ ജോലി സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കണം.700 രൂപ വേതനം ഉറപ്പാക്കുന്ന നിലപാട് എടുക്കണം. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം താമസിച്ചാലും തൊഴിലാളികളുടെ വേതനം വൈകിക്കരുത്. അസംസ്കൃത സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റവും ദൗർലഭ്യവും മൂലം നിർമാണ മേഖല സ്തംഭനത്തിലാണ്. സർക്കാർ അടിയന്തരമായി ഇടപെടണം. ഹിന്ദുസ്ഥാൻ ലാറ്റക്സ് അടക്കമുള്ള സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനമാണ് ശക്തമായ നിലപാട് എടുക്കേണ്ടത്. സർവകക്ഷി യോഗം വിളിച്ച് സർക്കാർ തന്നെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം.
കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിക്കണം. മാനേജ്മെന്റ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശ്വാസയോഗ്യമല്ല. സ്ഥാപനത്തെ രക്ഷിക്കാനുള്ള പദ്ധതികളാണ് വേണ്ടത്. ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു ദിവസം പോലും ശമ്പളം വൈകരുതെന്നതാണ് ഐ.എൻ.ടി.യു.സി നിലപാട്. അതിനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. തൊഴിലാളി വിരുദ്ധ നിലപാട് എടുത്താൽ ഐ.എൻ.ടി.യു.സി അതിനെ എതിർക്കും. സ്ഥാപനം ലാഭകരമായി പോകാനുള്ള ചുമതല മാനേജ് മെന്റിനും തൊഴിലാളി സംഘടനകൾക്കുമുണ്ടെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.
തൃക്കാക്കര ഉപരതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം തീരുമാനിച്ച്, കൈപ്പത്തി ചിഹ്നത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. പാർട്ടി നിലപാടാണ് അത്. ആ നിലപാടിനെ എതിർക്കുന്നയാൾ കോൺഗ്രസുകാരനല്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. കഴിഞ്ഞ പൊതുപണിമുടക്കിന് പിന്നാലെ പ്രതിപക്ഷ നേതാവിനെതിരെ കഴക്കൂട്ടത്തും ചങ്ങനാശ്ശേരിയിലും പ്രസംഗിച്ച ഐ.എൻ.ടി.യു.സി നേതാക്കളെ രണ്ടാഴ്ച തൊഴിലിൽ നിന്നു മാറ്റി നിർത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി.ഡി.സതീശന്റെ പരാമർശത്തെ തുടർന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയായി ബോദ്ധ്യപ്പെടാതെയായിരുന്നു അവർ പ്രതികരിച്ചത്. എങ്കിലും ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്കെതിരെ പരസ്യവിമർശനം പാടില്ല. അതിനെതിരെയുള്ള മുന്നറിയിപ്പാണ് നടപടി. ഈ പ്രശ്നം രമ്യമായി പരിഹരിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സിയും കെ.പി.സി.സിയും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ ലെയ്സൺ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. രണ്ട് ഭാഗത്തു നിന്നും മൂന്ന് അംഗങ്ങൾ വീതം കമ്മിറ്റിയിലുണ്ടാവുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ദേശീയ സെക്രട്ടറി തമ്പികണ്ണാടനും ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment