എൽ പി സ്കൂൾ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യു കൊല്ലത്ത് വച്ച് തന്നെ നടത്തണം: പി. രാജേന്ദ്രപ്രസാദ്

കൊല്ലം: ജില്ലയിലെ എൽ. പി. സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 800ഒാളം ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യു കൊല്ലത്ത് വച്ച് തന്നെ നടത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. പി. എസ്. സി അംഗങ്ങൾക്ക് താമസിക്കുവാൻ കൊല്ലത്ത് ഫൈവ് സ്റ്റാർ താമസ സൗകര്യം ഇല്ലാത്തതിനാൽ തിരുവനന്തപുരത്തേക്ക് ഇന്റർവ്യു മാറ്റി ഉദ്യോഗാർത്ഥികളെ ദുരിതത്തിലാക്കുന്ന പി എസ് സി അധികാരികളുടെ നിലപാട് തിരുത്തുവാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പി എസ് സി ജില്ലാ ഓഫീസറെ കണ്ട് നിവേദനം സമർപ്പിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച നടപടി കാടത്തം നിറഞ്ഞതാണെന്നും ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസുകാരെ താലിബാൻ മാതൃകയിൽ കൈകാര്യം ചെയ്യാൻ നിന്നാൽ കോൺഗ്രസ് പാർട്ടി കണ്ട് നിൽക്കില്ലെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന് അറിഞ്ഞെത്തിയ തന്നെയും മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെയും അറസ്റ്റ് ചെയ്ത് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയത് സി പി എം നേതൃത്വത്തെ തൃപ്തിപെടുത്താനാണെന്ന് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് കൊല്ലത്തെ പോലീസിനെന്നും, എ കെ ജി സെന്ററിൽ നിന്നല്ല നികുതിദായകരുടെ പണത്തിൽ നിന്നുമാണ് ശമ്പളം നൽകുന്നതെന്ന് അത്തരം ഉദ്യോഗസ്ഥർ ഓർക്കുന്നത് നന്നെന്നും അദ്ദേഹം പറഞ്ഞു. പി എസ് സി എൽ പി സ്കൂൾ അസി. ഇന്റർവ്യു കൊല്ലത്ത് വച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ സമരം ആരംഭിക്കുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു.

Related posts

Leave a Comment