Connect with us
inner ad

Special

‘കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം’; ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം

Avatar

Published

on

കോവിഡ് മഹാമാരിയിൽ ലോകം നാലു ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ, ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ച ഉമ്മൻ ചാണ്ടി ക്ക്‌ അത്തരം സാഹചര്യം ബുദ്ധിമുട്ട് ഉളവാക്കുന്നതായിരുന്നു. കോവിഡ് ഈ ലോകത്തെ ഗ്രസിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ‘അതിവേഗം – ബഹുദൂരം’ ഉള്ള അദ്ദേഹത്തിന്റെ യാത്രകൾ പ്രതിപാദിക്കുന്ന ഒരു അഭിമുഖം…..
June 20, 2020

തയ്യാറാക്കിയത് : റിജിൻ രാജൻ

Advertisement
VKSHNM NWS KWT 1000 x 180 PX-01

ചെറുപ്പം മുതൽക്കേ പൊതുപ്രവർത്തനത്തിൽ താല്പര്യമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. സ്വന്തം പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ചെന്ന് പഠിപ്പ്മുടക്ക് സമരം നടത്തി പൊതു പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി, പാവങ്ങളുടെ പടത്തലവനായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. കേരളം കണ്ട ഏറ്റവും ദീനാനുകമ്പയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എം.എൽ.എ. ആയി ജൈത്രയാത്ര തുടങ്ങിയിട്ട് അൻപത് വർഷമാകുന്നു.
ഉമ്മൻ ചാണ്ടിയുടെ യാത്രകൾ എന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു പൊതുപ്രവർത്തകനായി അദ്ദേഹം നടത്തിയ യാത്രകൾ അനുഭവങ്ങളുടെയും അറിവിൻ്റെയും കൂമ്പാരം തന്നെയാണ്. ഒരണ സമരത്തിൻ്റെ ഭാഗമായി സ്വന്തം പിതാവിൻ്റെ സ്കൂളിൽ പോയി കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടതും തുടർന്ന് കാലിൽ കുപ്പിചില്ല് കൊണ്ടതും ഇന്നും ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഓർമകളായി തങ്ങിനിൽക്കുന്നു. വേദനകളും യാതനകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന ജീവിതം. എസ്.ബി. കോളേജിൽ പഠിക്കുമ്പോൾ ബസ് സമരത്തെ തുടർന്ന് സൈക്കളിൽ പുതുപ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരി വരെ പോവുകയും തുടർന്ന് കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ അതേ വേഗതയിൽ കോട്ടയത്തേക്ക് സൈക്കിൾ ചവിട്ടുകയും ചെയ്ത അനുഭവങ്ങൾ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റു വിദ്യാർത്ഥികൾ റിക്ഷാ വണ്ടിയിൽ ആനയിച്ച് ലേഡീസ് ഹോസ്റ്റലിൽ കൊണ്ടുപോയ നിമിഷങ്ങൾ. വിജയശ്രീലാളിതനായി എത്തിയ നേതാവിനെ പെൺകുട്ടികൾ ആരാധനയോടെ നോക്കി നിന്നു. കെ.എസ്.യു. പ്രവർത്തകനായിരുന്നപ്പോൾ കാസർഗോഡ് ചിറ്റാരിക്കലിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ പോയ ഉമ്മൻ ചാണ്ടിക്ക് അവസാന ബസ് നഷ്ടമാകുകയും തുടർന്ന് ഭീമനടിയിൽ നിന്ന് കാൽനടയായി വിജിനമായ പ്രദേശത്തുകൂടി ഇരുട്ടിൽ സഞ്ചരിക്കേണ്ടി വന്ന പോലുള്ള അനേകം പ്രതിസന്ധികൾ.

കെ.എസ്.യു., യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, എം.എൽ.എ., മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച് കാൽനടയായും, സൈക്കിൾ, ജീപ്പ്, കാർ, ബസ്, ട്രെയിൻ തുടങ്ങി പലവിധ മർഗ്ഗങ്ങളാൽ സഞ്ചരിച്ച് ജനങ്ങളോടൊപ്പം ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തനം എന്ന വളരെ സങ്കീർണ്ണമായ പന്ഥാവിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
  "കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം"
  1. അൻപത് വർഷമാകുന്നു സാർ എം.എൽ.എ. ആയിട്ട്. ഇത്രയും വർഷം നീണ്ട ഈ പൊതുജീവിതത്തിൽ കുറേ യാത്രകൾ സാർ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ യാത്രകളുടെ സംഭാവനയെന്താണ്?

ചെറുപ്പം മുതലേ എനിക്ക് യാത്ര ഇഷ്ടമാണ്. എത്ര ദൂരം സഞ്ചരിച്ചാലും മുഷിയുകയോ മടുക്കുകയോ ഇല്ല. യാത്രയിലൂടെ എനിക്ക് വളരെയേറെ പേരെ ബന്ധപ്പെടുവാനും പലതും പഠിക്കുവാനും സാധിച്ചിട്ടുണ്ട്.

  1. സൈക്കിൾ തൊട്ട് വിമാനത്തിൽ വരെ സാർ യാത്ര ചെയ്തിട്ടുണ്ടല്ലോ. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളെ മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല യാത്രാമാർഗം ഏതാണ്?

ട്രെയിൻ യാത്ര പ്രത്യേകിച്ച് സെക്കൻ്റ് ക്ലാസ്സിൽ സഞ്ചരിക്കുമ്പോൾ വളരെ പേരുമായി ബന്ധപ്പെടുവാൻ സാധിക്കും.

  1. സാറിന്റെ അംബാസഡർ കാറിനോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ദാവോസിൽ വച്ചുണ്ടായ അപകടത്തിനുശേഷം, കാറിൽ യാത്ര ചെയ്ത സാർ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പ്രവർത്തനോട് പറഞ്ഞ ഫലിതം കേട്ടിട്ടുണ്ട്. കാലേൽ കമ്പിയിട്ടിട്ടുണ്ട്, കുത്തി കൊള്ളാതെ നോക്കണമെന്ന്. പ്രവർത്തകരോടൊപ്പമുള്ള ഇത്തരം തിങ്ങിനിറഞ്ഞ യാത്രകൾ സാറിനെ എങ്ങനെയാണ് സ്വാധീനിച്ചത്?

എനിക്ക് സഹപ്രവർത്തകരും ഒന്നിച്ചുള്ള യാത്ര വളരെ സന്തോഷകരമാണ്. പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നു നില്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സമ്പർക്കത്തിലൂടെ എനിക്ക് വളരെയേറെ അനുഭവ സമ്പത്ത് ഉണ്ടാകുന്നു.

  1. സാർ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ വാഹനം ഓടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേതാവെന്നതിനോടൊപ്പം തന്നെ ഒരു സാധാരണ പ്രവർത്തകനെ പോലെ പ്രവർത്തിക്കാൻ പിന്നിലുള്ള പ്രചോദനം എന്താണ്?

ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. പക്ഷേ വണ്ടി ഓടിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പാർലമെൻ്റ് സ്ഥാനാർത്ഥിയോടൊപ്പം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എന്നും ഞാൻ ഉണ്ടാകും.

  1. പൊതുപ്രവർത്തനങ്ങളുടെ ഭാഗമായും ഔദ്യോഗികമായും ഒക്കെ സാർ കേരളത്തിന് പുറത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇതിൽ സാറിന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സ്ഥലമേതാണ്?

2006 ജനുവരി 26-ന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ യൂറോപ്പിലെ ദാവോസിൽ പോയി. അവിടെ മഞ്ഞുകട്ടയിൽ തെന്നി വീണത് എന്നും ഓർക്കുന്ന യാത്ര.

  1. അതുപോലെ, സാർ ഇന്ത്യയെ പ്രതിനിധീകരിച്ചും അല്ലാതെയും അനേകം വിദേശയാത്രകളും നടത്തിയിട്ടുണ്ടല്ലോ. ഒരു Proud Indian feeling തോന്നിയ ഏതെങ്കിലും സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഞാൻ വളരെയേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. അവിടെ ജോലിയെടുക്കുന്നവരെ കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നേഴ്സ്മാരെക്കുറിച്ച് വിദേശത്തുള്ളവർക്കുള്ള മതിപ്പും അവരുടെ സന്തോഷവും എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.

  1. പൊതുപ്രവർത്തകർക്ക് പൊതുവെ കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലല്ലോ. സാർ ഒരിക്കൽ യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. അത് ഒന്ന് വിശദീകരിക്കാമോ?

പൊതു പ്രവർത്തനങ്ങളിലെ തിരക്കിൽ ഒഴിവാക്കപ്പെടുന്നത് സ്വന്തം വ്യക്തിപരമായ കാര്യങ്ങളും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ സമയം മാത്രമേ എനിക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിച്ചിട്ടുള്ളൂയെന്നത് സ്വാഭാവികമാണ്. പൊതുപ്രവർത്തകർ ജനങ്ങളോടൊപ്പം ജനങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കേണ്ടിവരും.

  1. കേരളം പല രീതിയിലും ലോകത്തിന് മാതൃകയാണ്. സാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയും കേരളം ലോകത്തിന് മാതൃകയായിട്ടുണ്ട്. അതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഭരണാധികാരികൾ തങ്ങളുടെ കാര്യാലയത്തിൽ ഇരിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഒരു സന്ദർഭമായിരുന്നല്ലോ അത്. കേരളത്തിലെ പതിന്നാല് ജില്ലകളിലും സാർ നടത്തിയ യാത്രയായിരുന്നല്ലോ ജനസമ്പർക്ക പരിപാടി. അതിനു മുമ്പും അതിനു ശേഷവും ഉള്ള സാറിന്റെ ചിന്താഗതിയിൽ വന്ന മാറ്റം എന്താണ്?

ജനസമ്പർക്ക പരിപാടി എനിക്ക് വളരെയേറെ സംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ആത്മവിശ്വാസവും. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിക്കുകയും മനസ്സിലാക്കി പരിഹാരം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിൻ്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുവാൻ സാധിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഏതു തീരുമാനവും ഏതു പരിപാടിയും പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കണം.

  1. കോവിഡ് – 19 എന്ന മഹാമാരി കാരണം ലോകത്തിൽ മനുഷ്യർ വീട്ടിലടച്ചുപൂട്ടപെട്ട നിലയിലാണ്. സാമൂഹ്യഅകലം പാലിക്കുകയെന്നത് പൊതുപ്രവർത്തകർക്ക് ഒരു വെല്ലുവിളിയാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സാർ ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പൊതുപ്രവർത്തകർ എങ്ങനെ ജനങ്ങളുമായി സംവദിക്കണം.

ഇതുപോലെ ഒരു സാഹചര്യം ജീവിതത്തിൽ ആദ്യമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം. എല്ലാവരും ഒന്നിച്ച് ചേർന്നു പ്രവർത്തിക്കുന്ന സാഹചര്യമാണ് നമ്മൾ ആഗ്രഹിച്ചത്. ആ മനോഭാവത്തിന് ഒരു മാറ്റം – ശാരീരിക അകലം സ്വയം പാലിക്കുക. മാനസ്സിക ഐക്യം, അതാണ് ഇനി വേണ്ടതും. ഏതു സാഹചര്യവും വെല്ലുവിളിയായി സ്വീകരിക്കണം.

Editorial

കെ ബാബുവിന്റെ വിജയം, ജനാധിപത്യത്തിന്റേതും; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

By

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിനും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും ശക്തിപകരുന്നതാണ്. അതോടൊപ്പം വ്യാജ തെളിവുകളും യഥാര്‍ത്ഥമല്ലാത്ത മൊഴികളും കൊണ്ട് തെരഞ്ഞെടുപ്പ് കേസ് ജയിക്കാമെന്ന കുബുദ്ധികള്‍ക്കുള്ള തിരിച്ചടികൂടിയാണ്. സിപിഎം നെടുംകോട്ടയായ തൃപ്പൂണിത്തുറ പിടിച്ചെടുത്തുകൊണ്ട് 1991 ല്‍ വിജയക്കൊടി നാട്ടിയ കെ ബാബു ജൈത്രയാത്ര തുടരുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിപ്പിച്ച് മുന്നേറിയ ബാബുവിനെ പിടിച്ചുകെട്ടാന്‍ സിപിഎം മാറിമാറി അരക്കൊമ്പന്മാരെയും പടയപ്പമാരെയും രംഗത്തിറക്കിയെങ്കിലും ബാബുവിനൊരു കുലുക്കവുമുണ്ടായില്ല. 2016 ല്‍ മദ്യമാഫിയകളും തട്ടിപ്പ് സംഘങ്ങളും എല്‍ഡിഎഫുമായ് കൈകോര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ സൃഷ്ടിച്ച കള്ളപ്രചരണങ്ങളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് കെ ബാബു വീണു. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ വിജയമായിരുന്നില്ല. നുണാധിപത്യത്തിന്റെ വിജയമായിരുന്നു. സത്യവുമായി പുലബന്ധം പോലുമില്ലാത്ത അക്കാലത്തെ പ്രചാരണം ഒരുവിഭാഗം മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. 2016 ല്‍ പടക്കളത്തില്‍ വീണ ബാബു ഇനി തിരിച്ചുവരില്ലെന്ന് സിപിഎം കരുതി. അഞ്ചുവര്‍ഷക്കാലം കേസുകളുടെയും അധിക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും നാല്‍ക്കവലയിലിട്ട് ഹീനമായ് ഭേദ്യം ചെയ്തു. ബാബുവിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വീട്ടുചെലവിനുപോലും കാശില്ലാതെ പ്രയാസദിനങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ ബാബു നേരിട്ടു. 2021 ലെ തെരഞ്ഞെടുപ്പില്‍ ചതിയന്മാരോട് പകരം ചോദിക്കാന്‍ ബാബു വീണ്ടും അങ്കക്കച്ചയണിഞ്ഞു. തനിക്കെതിരെ ഉയര്‍ത്തിയ നുണകളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത കോടതിവിധികളും നിയമ നടപടികളും ഇക്കാലത്തുണ്ടായിരുന്നു.

കാലം ഉറയിലിട്ട് കരുതിവെച്ച പ്രതികാരത്തിന്റെ പടവാള്‍ ബാബു രാകി മിനുക്കി അങ്കത്തട്ടിലിറങ്ങി. വ്യക്തിഹത്യകളും സ്വഭാവഹത്യകളും ഒരിക്കല്‍ വിശ്വസിച്ചുപോയ തൃപ്പൂണിത്തുറയിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പറ്റിയ കൈയ്യബദ്ധം തിരുത്തുകതന്നെ ചെയ്തു. 992 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു. ഈ വിജയം എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. തൃപ്പൂണിത്തുറയിലുണ്ടായ വിജയം എല്ലാ ആരോപണങ്ങളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നുമുള്ള വിമോചനമാണ്.
കെ ബാബുവിന്റെ ഹൈക്കോടതി വിജയം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപത് സീറ്റുകളിലും യുഡിഎഫിന് അനുകൂലമായ അഭിപ്രായ സമന്വയം സൃഷ്ടിക്കും. ജനകീയ കോടതിയില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജതെളിവുകളും അവാസ്തവകരമായ മൊഴികളുമായ് നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. അയ്യപ്പചിത്രമുള്ള സ്ലിപ്പ് വിതരണം ചെയ്തത് യുഡിഎഫ് എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാദം. ആര്‍ക്കും അച്ചടിക്കാവുന്ന ഇത്തരം സ്ലിപ്പുകള്‍ കേസിനുവേണ്ടി എല്‍ഡിഎഫ് തയ്യാറാക്കിയതായിരുന്നു. ഏഴുതവണ നിയമസഭയിലേക്ക് മത്സരിച്ച ഒരു വ്യക്തി ഇത്തരം മതചിഹ്നങ്ങള്‍ ഉപയോഗിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവരാരും വിശ്വസിക്കില്ല. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാക്ഷികള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. നിഷ്പക്ഷമതികളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളോ സമൂഹം ആദരിക്കുന്ന പദവിയിലിരിക്കുന്ന ഒരാളെപ്പോലും സാക്ഷിയാക്കാന്‍ ഹര്‍ജിക്കാരന് സാധിക്കാതെപോയത് കേസിന്റെ വലിയ ന്യൂനതയായിരുന്നു. വ്യക്തമായ ഒരു തെളിവുമില്ലാതെ മൂന്നുവര്‍ഷം നിയമ പോരാട്ടത്തിനിടയാക്കിയത് ജനവിധി അംഗീകരിക്കാനുള്ള എം സ്വരാജിന്റെ വിമുഖതയായിരുന്നു. കേസിന്റെ വിധി വരും മുന്‍പെ കെ ബാബുവിന്റെ അംഗത്വം റദ്ദ് ചെയ്യപ്പെടുമെന്നും സ്വരാജിനെ വിജയിയായി പ്രഖ്യാപിക്കുമെന്നുമുള്ള നുണ പ്രചാരണങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ എല്ലാ വേദികളിലും സിപിഎം പ്രചരിപ്പിച്ചിരുന്നു. കോടതിയില്‍ തോറ്റപ്പോള്‍ വിധിക്കെതിരെ പ്രതികരണം നടത്തിയ ഹര്‍ജിക്കാരന്റെ രീതി സിപിഎമ്മിന്റെ സ്ഥിരംശൈലി തന്നെ. വിധി അനുകൂലമാകുമ്പോള്‍ കോടതിക്ക് പൂച്ചെണ്ടും പ്രതികൂലമാകുമ്പോള്‍ കല്ലേറുമാണല്ലോ അവരുടെ പതിവ്.
നിയമസഭയിലെ ഏറ്റവും ജനകീയനായ ഒരു ജനപ്രതിനിധിയെ താറടിച്ച് കാണിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് സ്വന്തം പ്രവൃത്തിയിലെ മാനക്കേട് സ്വയം വിലയിരുത്തേണ്ടതാണ്. വ്യാജ തെളിവുകളും വ്യാജമൊഴികളും നല്‍തി തൃപ്പൂണിത്തുറയിലെ പരാജയം മറച്ചുപിടിക്കാനുള്ള സിപിഎം നടപടി കൂടുതല്‍ വികൃതമാക്കുകയാണ്. അധികാരത്തിന്റെ അഹന്തയില്ലാതെ എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന മാതൃകാ ജനപ്രതിനിധിയായ കെ ബാബുവിന് നിയമത്തിന്റെ പരിരക്ഷയും ധാര്‍മികതയുടെ തണലും ലഭ്യമായതില്‍ ജനാധിപത്യ സ്‌നേഹികളായ എല്ലാവര്‍ക്കും സന്തോഷിക്കാവുന്നതാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Editorial

രാംദേവ്: കാവിയിൽ പൊതിഞ്ഞ കാപട്യം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

കോർപ്പറേറ്റ് സന്ന്യാസിയും യോഗ ഗുരുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മമിത്രവുമായ ബാബ രാംദേവിന്റെ തട്ടിപ്പുകൾക്കെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകൾ കാവിക്കുള്ളിലെ കാപട്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് രാംദേവും പതഞ്ജലി മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയും കുരുക്കിലാകുന്നത്. ഇവർ നൽകിയ രണ്ടാമത്തെ മാപ്പപേക്ഷയും സുപ്രീംകോടതി തള്ളിയതോടെയാണ് ഗുരു-ആചാര്യ തട്ടിപ്പ് കൂട്ടുകെട്ട് പ്രതിസന്ധിയിലാകുന്നത്. മനഃപൂർവമായ നിയമലംഘനമാണ് ഇവർ നടത്തിയതെന്നും ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂവെന്നും കോടതി മുന്നറിയിപ്പ് നൽകുകയുണ്ടായി. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മാപ്പപേക്ഷയിലെ വാക്കുകളും അതിലെ ആത്മാർത്ഥതയും അപര്യാപ്തമാണെന്നും വാക്കുകൾ കടലാസിൽ എഴുതിവെച്ചാൽ പോരെന്നും പ്രവൃത്തിയിലൂടെ അത് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കോവിഡ് കാലത്ത് അലോപ്പതി മരുന്നുകളെപ്പറ്റി വ്യാജവസ്തുതകളുള്ള പരസ്യങ്ങളും പതഞ്ജലിയെക്കുറിച്ച് അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വീകരിച്ച നിയമ നടപടികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാത്തതിന്റെ പേരിലാണ് രാംദേവിന്റെയും ബാലകൃഷ്ണയുടെയും പേരിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. അതുപോലും പാലിക്കാതെ മാപ്പുപറഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത്. കോടതി നടപടികളിൽ നിന്ന് രക്ഷയില്ലായെന്ന് വ്യക്തമായതോടെ ഇരുവരും അതീവ താഴ്മയോടെ കോടതിക്ക് മുന്നിൽ കേണപേക്ഷിക്കുകയായിരുന്നു. ഇവർ സമർപ്പിച്ച മാപ്പപേക്ഷയിൽപോലും നിരവധി വ്യാജ വിവരങ്ങൾ കോടതി കണ്ടെത്തുകയായിരുന്നു.


ഇതിനിടയിൽ പതഞ്ജലിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവർ നിർമിക്കുന്ന ഉത്പന്നങ്ങൾക്കും എതിരെ നിരവധി പരാതികളുയർന്നിരുന്നു. കോവിഡ് മഹാമാരിയെ ചൂഷണം ചെയ്തും വർഗീയ വിഭജനത്തിലൂടെയും ഉത്പന്നങ്ങളുടെ പ്രചാരണം വർധിപ്പിക്കാനുള്ള പരസ്യങ്ങൾ പതഞ്ജലി നടത്തിയതിന്റെ വ്യക്തമായ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. കോടതി വിമർശനത്തെ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. പതഞ്ജലിയുടെ സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ ലൈസൻസിങ് അധികൃതർ വീഴ്ചവരുത്തിയതായി കോടതി വിമർശിക്കുകയുണ്ടായി. ആളുകൾ തെറ്റ് വരുത്താറുണ്ടെന്നും അത് സ്വാഭാവികമാണെന്നുമുള്ള രാംദേവിന്റെ അഭിഭാഷകന്റെ വാദം സുപ്രീംകോടതി പുച്ഛത്തോടെ നിരാകരിക്കുകയായിരുന്നു. അതിന് പ്രത്യാഘാതമുണ്ടാകുമെന്നും കേസിൽ ഉദാരമായ സമീപനം പ്രതീക്ഷിക്കേണ്ടെന്നും കോടതി പറഞ്ഞു. മാപ്പപേക്ഷ ആദ്യം കോടതിയിൽ സമർപ്പിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിതരണം ചെയ്ത നടപടി കോടതിയെ നീരസപ്പെടുത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവരുടെ ശ്രമമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഏതായാലും കോടതിയിൽ നിന്ന് ഇനി രാംദേവ് കാരുണ്യം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ അണ്ണാഹസാരെയുമായ് ചേർന്ന് പ്രക്ഷോഭം നടത്തിയ രാംദേവ് 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യോഗ ഗുരു എന്ന മേൽവിലാസത്തിൽ മോദിയുടെ വിശ്വസ്തനായി. യോഗയ്ക്ക് പുറമെ ഔഷധ നിർമാണവും ഭക്ഷണ പദാർത്ഥ നിർമാണവും സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഉത്പാദനവും വഴി സഹസ്ര കോടികളുടെ അധിപനായി. അംബാനിയും അദാനിയും കഴിഞ്ഞാൽ മോദി സർക്കാരിനെ ഉപയോഗപ്പെടുത്തി റോക്കറ്റ് വേഗത്തിൽ വ്യവസായം വളർത്തിയെടുത്ത ബാബാ രാംദേവിന്റെ എല്ലാ പ്രവർത്തനങ്ങളും കാപട്യം നിറഞ്ഞതായിരുന്നു. മോദി ഭരണത്തെ ഉപയോഗപ്പെടുത്തിയതുപോലെ പരിശുദ്ധമായ കാഷായ വസ്ത്രത്തെയും യോഗയെയും ഇയാൾ ദുരുപയോഗം ചെയ്തു. ശാസ്ത്രീയ ചികിത്സാരീതികളിലും ഔഷധങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുവാൻ രാംദേവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ശ്രമിക്കുകയുണ്ടായി. കോടതികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തരം കപട സന്ന്യാസിമാർ രാജ്യത്തെ ചികിത്സാ സമ്പ്രദായം അട്ടിമറിക്കുമായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Editorial

ബിബിസി വേട്ട: ലോക മാധ്യമരംഗത്തെ ഇന്ത്യയുടെ ഒറ്റപ്പെടല്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ഭരണവീഴ്ചകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ വിദേശ മാധ്യമങ്ങള്‍ക്കെതിരെയും കുരച്ച് ചാടുകയാണ്.

ഇന്ത്യയിലെ ജനാധിപത്യ ധ്വംസനവും മതേതരത്വ ഹത്യയും ലോകത്തിന്റെ മുന്നില്‍ അനാവൃതമാക്കുന്ന ആഗോള പ്രശസ്തിയും പാരമ്പര്യവുമുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ക്കെതിരെയാണ് മോദി സര്‍ക്കാര്‍ കൊലവാളുയര്‍ത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥയില്‍പോലും അഭിമുഖീകരിക്കാത്ത പ്രയാസങ്ങളും പ്രതിബന്ധങ്ങളുമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിദേശ മാധ്യമ സ്ഥാപനങ്ങള്‍ ഒരേസ്വരത്തില്‍ പരാതിപ്പെടുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിരിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സദ്ദാംഹുസൈന്റെ ഭരണകാലത്ത് ഇറാക്കിലും ബുഷ് വാഴ്ചക്കാലത്ത് അഫ്ഗാനിസ്ഥാനിലും നടന്ന ഭരണകൂട ഭീകരതയാണ് ഇന്ത്യയിലെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്നത്. ബിബിസി യുടെ വിവിധ ഇന്ത്യന്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് ഇന്ത്യയിലെ ഓഫീസിന്റെ ചുമതല കൈമാറാന്‍ ബിബിസി തീരുമാനിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഇതുപ്രകാരം ബിബിസി യിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രൂപീകരിച്ച കമ്പനിക്ക് സ്ഥാപനത്തിന്റെ ചുമതല നല്‍കും. കലക്ടീവ് ന്യൂസ് റൂം എന്ന കമ്പനിയാണ് ബിബിസി ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ ബിബിസി ഓണ്‍ലൈനിന്റെ ഉള്ളടക്കത്തിന്റെ ചുമതലയും ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളുടെ ചുമതലയും ബിസിനസ് ഓണ്‍ലൈന്‍ പതിപ്പുകളുടെ നടത്തിപ്പും കലക്ടീവ് ന്യൂസ് റൂം ഏറ്റെടുക്കും. ബിസിനസ് ഓണ്‍ലൈന്‍ പതിപ്പിലുള്ള സ്വകാര്യ പങ്കാളിത്തം 26 ശതമാനമായിരിക്കും. ആദായനികുതി ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ആദായനികുതി വകുപ്പ് അധികൃതര്‍ ബിബിസി ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ബിബിസി ഇന്ത്യയിലെ ഓഫീസുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഈ നടപടികള്‍ ദൂരവ്യാപകമായ ചലനമാണ് ലോക വാര്‍ത്താമാധ്യമരംഗത്ത് സൃഷ്ടിച്ചത്. ഇത്തരമൊരു ക്രമീകരണം പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ ആഗോളതലത്തില്‍ ആദ്യമായാണ് നടത്തുന്നത്.


അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന കലക്ടീവ് ന്യൂസ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമാധ്യമങ്ങള്‍ അതീവ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിബിസി യുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെ പത്രപ്രവര്‍ത്തന സമഗ്രത നിലനിര്‍ത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രസിദ്ധീകരണത്തിനായ് മറ്റൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നത് അത്യന്തം വിരളമാണെന്നാണ് ബിബിസി യുടെയും കലക്ടീവ് ന്യൂസ് റൂമിന്റെയും വിശദീകരണം. മോദി സര്‍ക്കാരിന് ബിബിസി യോടുള്ള പകയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ശേഷം ആദായനികുതി വകുപ്പ് അധികൃതര്‍ ബിബിസി ഓഫീസുകളില്‍ നിരവധി റെയ്ഡുകള്‍ നടത്തി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

പുതിയ എഫ്ഡിഐ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ബിബിസി യുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ പുനര്‍ മൂല്യനിര്‍ണയത്തിന് പ്രേരിപ്പിച്ചിരിക്കയാണ്. ഇരുനൂറിലേറെ ജീവനക്കാരുള്ള ബിബിസി യുടെ ഇന്ത്യയിലെ ബ്യൂറോ ഓഫീസ് യുകെ യ്ക്ക് പുറമെയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസാണ്. ആദായനികുതി വകുപ്പ് പ്രതികാര നടപടികള്‍ ആരംഭിച്ചതിന് ശേഷവും ഇതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. വിമര്‍ശിച്ചാല്‍ വേട്ടയാടുമോ എന്ന ചോദ്യമാണ് ലോകമാധ്യമരംഗത്ത് നിന്നുയരുന്നത്.

രാജ്യാന്തര വ്യാപ്തിയുള്ള ഒരു മാധ്യമ സ്ഥാപനത്തെ അപമാനിക്കുന്നത് ഇന്ത്യക്ക് നാണക്കേടും ദോഷവും സൃഷ്ടിക്കും. വലുപ്പചെറുപ്പമില്ലാതെ ഏത് തിമിംഗലത്തെയും ചെറുമീനിനെയും പിടികൂടാന്‍ ധൈര്യക്കുറവില്ലെന്ന് മാലോകരെ അറിയിക്കുന്നതിന് വേണ്ടിയാണ് മോദി സര്‍ക്കാരിന്റെ ഈ തിമിംഗല വേട്ട. അംബാനിയെയും അദാനിയെയും തൊടാതെ ബിബിസി യെ പിടികൂടിയത് നികുതിവെട്ടിപ്പ് കാരണല്ല, രാഷ്ട്രീയ പക നിമിത്തമാണ്. ഗുജറാത്ത് കലാപത്തിന് കാരണക്കാര്‍ സംഘപരിവാറാണെന്ന് ലോകത്തെ അറിയിച്ചത് ബിബിസി യാണെന്ന് മോദി കരുതുന്നു. ബിബിസി വേട്ട ലോക മാധ്യമരംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured