തേനീച്ചകളെ കുറിച്ചുളള കൗതുകകരമായ വസ്തുതകൾ

കഠിനാധ്വാനത്തിന്റെ മികച്ച മാതൃകയാണ് തേനീച്ചകൾ . അവയുടെ സാമൂഹികജീവിതത്തിൽ നിന്ന് മനുഷ്യന് വളരെയേറെ പഠിക്കാനുണ്ട്.
സാധാരണ കാണാറുള്ള ഒരു കൂട്ടിൽ ഏകദേശം 45 ,000 തേനീച്ചകൾ ഉണ്ടായിരിക്കും. അവയിൽ മൂന്ന് വിഭാഗക്കാരാണ് ഉള്ളത്: റാണി (Queen), വേലക്കാരികൾ (Workers), മടിയന്മാർ (Drones).

സാധാരണ കാണാറുള്ള ഒരു കൂട്ടില്‍ ഏകദേശം 45 ,000 തേനീച്ചകള്‍ ഉണ്ടായിരിക്കും. അവയില്‍ മൂന്ന് വിഭാഗക്കാരാണ് ഉള്ളത്: റാണി (Queen), വേലക്കാരികള്‍ (Workers), മടിയന്മാര്‍ (Drones).

  • റാണി (Queen)


ഇവൾ പേര് പോലെ കൂട്ടിൽ റാണിയായി വാഴും. ഒരു കൂട്ടിൽ സാധാരണ ഒരു റാണിയെ കാണൂ. ഒന്നിലധികം ഉണ്ടായാൽ അവർ തമ്മിൽ അടിപിടി ഉറപ്പ്. അതിൽ തോൽക്കുന്നയാൾ പുറത്തു പോയി വേറെ കോളനി സ്ഥാപിക്കണം എന്നാണു നിയമം!!
റാണി മറ്റു തേനീച്ചകളെക്കാൾ വലിപ്പമുള്ളതും നീളമുള്ളതുമായിരിക്കും.
ഇണ ചേരുകയും മുട്ടയിടുകയും ചെയ്യുക എന്നതൊഴിച്ചാൽ വേറെ ഒരു പണിയും റാണിക്കില്ല. റാണിയെ പരിചരിക്കാനും ആഹാരം കൊടുക്കാനും റാണി ഇടുന്ന മുട്ടകൾ സൂക്ഷിച്ചു വെക്കാനുമൊക്കെ വേലക്കാരികൾ ഉണ്ട്. പരമസുഖം.
ജനിച്ച് ഏഴ് നാൾ കഴിഞ്ഞാൽ റാണി കൂടിനു വെളിയിലേക്ക് പറക്കും. പിന്നാലെ മടിയനീച്ചകൾ അഥവാ ആൺ ഈച്ചകൾ വരുന്നു. അവയിൽ ഒരാൾക്ക് മാത്രം റാണിയുമായി ഇണ ചേരാം. അതാണ്‌ റാണിയുടെ കൂടെ ആദ്യത്തെയും അവസാനത്തെയും ഇണ ചേരൽ,. കാരണം ഇണ ചേർന്ന് കഴിഞ്ഞാൽ പിന്നെ ആൺ ഈച്ച ജീവിച്ചിരിക്കില്ല.

  • വേലക്കാരികൾ (Workers)


വേലക്കാരി തേനീച്ചകൾ പെൺവർഗമാണ്. ജീവിതം മുഴുവൻ കഠിനാധ്വാനത്തിന്റെ മികച്ച മാതൃകയാണ് അവർ പ്രകടിപ്പിക്കുന്നത്. കൂട് നിർമിക്കുക, പൂന്തേനും പൂമ്പൊടിയും ശേഖരിക്കുക, റാണിയെയും അതിന്റെ മുട്ടകളെയും ലാർവകളെയും പരിചരിക്കുക, കൂട് വൃത്തിയാക്കുക, കൂട് തണുപ്പിക്കുക, ശത്രുക്കളെ തുരത്തിയോടിക്കുക മുതലായവയൊക്കെ അതിൽ പെടുന്നു. ഓരോ ജോലിക്കും പ്രത്യേകം ആളുകളെ നിശ്ചയിച്ചിരിക്കും.
വേലക്കാരികൾക്ക് അവയുടെ ജോലികൾ ചെയ്യാൻ ആവശ്യമായ ശരീരഘടന ഉണ്ടായിരിക്കും. ശക്തിയുള്ള താടികളും പൂമ്പൊടി ശേഖരിക്കാൻ പാകത്തിലുള്ള കാലുകളും ഉദരത്തിന്റെ പിൻഭാഗത്തുള്ള വിഷസൂചിയും ഉൾഭാഗത്തുള്ള മെഴുക് ഗ്രന്ഥികളും ഇവർക്ക് മാത്രമുള്ള സവിശേഷതകളാണ്.ശത്രുക്കളെ നേരിടാൻ വേണ്ടിയാണ് വിഷസൂചി ഉപയോഗിക്കുക. വേലക്കാരികൾ ആൺ തേനീച്ചയുമായി ഇണ ചേരുകയോ മുട്ടയിടുകയോ ചെയ്യില്ല. കാരണം അവക്ക്‌ പ്രത്യുല്പാദന വ്യവസ്ഥ ഇല്ലെന്നത് തന്നെ.
മറ്റു വിഭാഗക്കാരേക്കാൾ വലിപ്പം കുറഞ്ഞവയാണ് വേലക്കാരികൾ . എന്നാൽ ഒരു കൂട്ടിൽ 90% അംഗങ്ങളും ഇവരാണ്. തേനീച്ചകൾ ശരാശരി മണിക്കൂറിൽ 13-15 മൈൽ വേഗത്തിൽ പറക്കുന്നു. ഒരു ഔൺസ് (ഏകദേശം 6 ടീസ്പൂൺ ) തേൻ നിർമിക്കാൻ ഒരു തേനീച്ചക്ക് 1600 യാത്രകൾ നടത്തണം. ഓരോ യാത്രയും 6 മൈൽ വരുമെന്ന് ഓർക്കുക. 2 പൗണ്ട് (900 ഗ്രാം) തേൻ ഉണ്ടാക്കാൻ ഭൂമിയെ നാല് തവണ ചുറ്റിയാൽ ഉള്ളത്ര ദൂരം അവയ്ക്ക് യാത്ര ചെയ്യണം!!‌
2 മില്യൺ പൂക്കൾ സന്ദർശിച്ചാലെ ഒരു പൗണ്ട് (ഏകദേശം 450 ഗ്രാം) തേൻ ഉണ്ടാക്കാൻ കഴിയൂ. ഇതിനു വേണ്ടി ഒരു കൂട്ടിലെ തേനീച്ചകൾ 55 ,000 മൈൽ ദൂരം പറക്കുന്നു. ഒരു കൂട്ടിൽ നിന്നും വരുന്ന തേനീച്ചകൾ പ്രതിദിനം ഏകദേശം 225,000 പൂക്കൾ സന്ദർശിക്കുന്നുണ്ട്. ഒരു തേനീച്ച പ്രതിദിനം 50 മുതൽ 1000 പൂക്കൾ വരെ സന്ദർശിക്കും.
ഏകദേശം 8 പൗണ്ട് (3.6 കി.ഗ്രാം) തേൻ കഴിച്ചാലേ തേനീച്ചക്ക് 1 പൗണ്ട് തേൻ മെഴുക് ഉണ്ടാക്കാൻ കഴിയൂ.
12 തേനീച്ചകളുടെ ജീവിതകാലത്തെ മൊത്തം അധ്വാനമാണ് ഒരു ടീസ്പൂൺ തേൻ .

  • മടിയന്മാർ (Drones)

മടിയനീച്ച ആൺ തേനീച്ചയാണ്. ഇവന്മാരുടെ കാര്യപ്പെട്ട പണി റാണിയുമായി ഇണ ചേരുക എന്നതാണ്!!
ആണീച്ചയുമായി ഇണ ചേർന്ന് കഴിഞ്ഞാൽ റാണി തേനറകളിൽ മുട്ടയിടുന്നു. പ്രതിദിനം ഏതാണ്ട് 2000 മുട്ടകൾ ഇടും (ഒരു മിനുട്ടിൽ 5 -6 മുട്ടകൾ എന്ന കണക്കിൽ ). അതായത് ഒരു വർഷം കൊണ്ട് 175,000 മുതൽ 200,000 മുട്ടകൾ വരെ. രണ്ടു തരം മുട്ടകളാണ് റാണി ഇടുക. ഒരു ഇനത്തിൽ ആണീച്ചയുടെ ബീജം കലർന്നിരിക്കും. എന്നാൽ രണ്ടാമത്തെ ഇനത്തിൽ ആൺ ബീജം ഉണ്ടായിരിക്കില്ല. ആൺ ബീജം കലർന്ന മുട്ടയിൽ (Fertilized egg) നിന്നാണ് പെൺ തേനീച്ചകൾ (റാണിയും വേലക്കാരികളും) ഉണ്ടാവുക. ആൺ ബീജം കലരാത്ത മുട്ടയിൽ (Unfertilized egg) നിന്നും ആണീച്ചകളും ഉണ്ടാകുന്നു.
മൂന്നാമത്തെ ദിവസം മുട്ടകൾ വിരിഞ്ഞു വെളുത്ത ലാർവകൾ പുറത്തു വരുന്നു. തുടർന്ന് ആറുദിവസം കൊണ്ട് പ്യൂപ്പ (Pupa) എന്ന ഉറക്കത്തിന്റെ ഘട്ടത്തിലേക്ക് കടക്കും. വീണ്ടുമൊരു ആറു ദിവസം കഴിഞ്ഞാൽ അറ പൊട്ടിച്ചു തേനീച്ചകളായി അവ പുറത്തു വരുന്നു.

  • പെൺ എൻജിനീയർ


അത്യന്തം അത്ഭുതകരമാണ് തേനീച്ചക്കൂടിന്റെ നിർമാണം. വേലക്കാരികളാണ് കൂട് നിർമിക്കുക. ഇതിനു വേണ്ടി അവയുടെ ഉദരത്തിനകത്ത് മെഴുക് ഉൽപ്പാദിപ്പിക്കുന്ന ചില ഗ്രന്ഥികൾ (wax glands) ഉണ്ട്.
തേനീച്ചക്കൂടിന്റെ അറകളുടെ ആകൃതി ശ്രദ്ധിച്ചിട്ടില്ലേ. ആറു വശങ്ങളുള്ള (Hexagonal) ഈ അറകൾ തേനീച്ചയുടെ എന്ജിനീയറിംഗ് മികവ് തെളിയിക്കുന്നു. ഏറ്റവും കുറഞ്ഞ മെഴുക് കൊണ്ട് ഏറ്റവും അധികം തേൻ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആകൃതിയാണ് ഷഡ്ഭുജാകൃതി! കൃത്യതയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം നമുക്ക്‌ സാധ്യമാകുന്ന ഈ കൂട്നിർമാണം തേനീച്ചക്ക് സാധ്യമാകുന്നത് അവയുടെ ജന്മവാസന (Instinct) മൂലമാണ്.

  • തേനീച്ചകളിലെ ആശയവിനിമയം

തേനീച്ചകൾ മറ്റു തേനീച്ചകളുമായി ആശയ വിനിമയം നടത്തുന്നത് ഡാൻസിലൂടെയാണ്!! പൂക്കളുടെ സ്ഥാനം, ദിശ തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കാൻ മറ്റു തേനീച്ചകൾക്ക് ഇത് വഴി സാധിക്കുന്നു.
ഏതെങ്കിലുമൊരു തേനീച്ച എവിടെയെങ്കിലും ധാരാളം പൂന്തേൻ കണ്ടാൽ ഉടൻ തന്നെ തേനും പൂമ്പൊടിയും ശേഖരിക്കുകയും എന്നിട്ട് കൂട്ടിലേക്ക് മടങ്ങിയെത്തി നൃത്തം വെച്ച് മറ്റു തേനീച്ചകളെ വിവരമറിയിക്കുകയും ചെയ്യുന്നു.
Waggle dance, Circular dance എന്നീ രണ്ടു തരം നൃത്തങ്ങളാണ് തേനീച്ചക്കുള്ളത്. പൂന്തേൻ കാണപ്പെടുന്നത് കൂട്ടിൽ നിന്നും 100 മീറ്റർ അപ്പുറത്താണെങ്കിൽ 8 ന്റെ ആകൃതിയിലുള്ള waggle dance ചെയ്യുന്നു. പൂക്കളുടെ സ്ഥാനം എത്ര അകലത്തിൽ ആണ് എന്നും സൂര്യനെയും കൂടിനെയും ബന്ധിക്കുന്ന നേർരേഖയിൽ നിന്നും എത്ര ഡിഗ്രി ചെരിഞ്ഞാണ്‌ പൂക്കൾ ഇരിക്കുന്ന സ്ഥലമെന്നും ഈ ആശയവിനിമയത്തിലൂടെ മറ്റു തേനീച്ചകൾക്ക് മനസ്സിലാകുന്നു. പൂക്കളുടെ സ്ഥാനം നൂറു മീറ്ററിൽ കുറഞ്ഞ ദൂരത്താണെങ്കിൽ അവ വട്ടത്തിൽ (Circular dance) നൃത്തം ചെയ്യുന്നു.

  • പൂന്തേൻ തേനായി മാറുന്നത്

പെൺ തേനീച്ച ശേഖരിക്കുന്ന പൂന്തേൻ (Nectar) ഉമിനീരുമായി ചേർത്തു വിഴുങ്ങുന്നു. ഉമിനീരുമായ പ്രവർത്തനം മൂലം പൂന്തേനിലെ സൂക്രോസ്‌ എന്ന പഞ്ചസാര ഗ്ലുക്കോസ്, ഫ്രക്‌റ്റോസ് എന്നീ പഞ്ചസാരകളായി മാറുന്നു. കൂട്ടിലെത്തിയ തേനീച്ചകൾ വയറ്റിൽ ഉള്ള തേൻ തികട്ടി തേനറകളിൽ നിക്ഷേപിക്കുന്നു. ഒരു തരം ഛർദിക്കൽ തന്നെ! (ഇനി തേനീച്ചയുടെ ഛർദിൽ കഴിക്കുന്നു എന്ന് കരുതി പ്രയാസപ്പെടേണ്ട. അതൊരു മാലിന്യമല്ല, വിശേഷപ്പെട്ട ആഹാരമാണെന്നോർക്കുക).
അറകളിൽ ശേഖരിച്ച തേനിൽ ജലാംശം കൂടുതലായിരിക്കും. അതിനാൽ തേനീച്ചകൾ അവയുടെ ചിറകു വീശി അധികമുള്ള ജലാംശം നീക്കം ചെയ്യുന്നു!! തേൻ കേടു കൂടാതിരിക്കാൻ ഇത് സഹായിക്കുന്നു.
പെൺ തേനീച്ചകൾ ആണ് കൂട് തണുപ്പിക്കുന്നത്. അവ അവയുടെ ചിറകുകളിൽ വെള്ളം കൊണ്ടുവരും. എന്നിട്ട് കൂടിനടുത്ത് വന്നു തുടർച്ചയായി ചിറകിട്ടടിക്കും. ഇത് കൂടിനെ തണുപ്പിക്കുന്നു.

  • തേനീച്ചകൾക്ക് ഉള്ള മറ്റു വിശേഷണങ്ങൾ

തേനീച്ചകൾ സൂര്യനെ ദിശ മനസ്സിലാക്കാനുള്ള മാർഗമായി ഉപയോഗപ്പെടുത്തുന്നു.ഒരു തേനീച്ചക്ക് മിനുട്ടിൽ ഏകദേശം 11,500 തവണ ചിറകിട്ടടിക്കാൻ കഴിയും.
തേൻ ശേഖരിക്കാൻ പാകമായാൽ പിന്നെ തേനീച്ചയുടെ ജീവിതകാലം ഏകദേശം ആറ്‌ ആഴ്ചയാണ്.
ഒരു തേനീച്ചക്ക് പച്ച, നീല, അൾട്രാ വയലറ്റ് എന്നീ വർണങ്ങൾ കാണാൻ കഴിയും. എന്നാൽ ചുവപ്പ് നിറം കറുപ്പായെ കാണൂ.

  • തേൻ മാഹാത്മ്യം


മനുഷ്യന് ഭക്ഷണം നൽകുന്ന ഒരേയൊരു ഷഡ്പദമാണ് തേനീച്ച. പണ്ട് കാലം മുതലേ മനുഷ്യൻ ഉപയോഗിച്ച് വരുന്ന വളരെയേറെ വിശേഷപ്പെട്ട പാനീയമാണ് തേൻ . ഒരു പോഷകാഹാരമായും മരുന്നായും തേൻ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നു.
ഗ്ലുക്കോസ്, ഫ്രക്ടോസ്, മാൽട്ടോസ്, മേലസിറ്റോസ്, എർലോസ്, മാനിട്ടോൾ , പൊട്ടാസ്യം, സൾഫർ , ക്ലോറിൻ , കാൽസ്യം, സോഡിയം, ഫോസ്ഫറസ്, മഗ്നീഷ്യം, സിലിക്കൺ , ഇരുമ്പ്, മാംഗനീസ്, ചെമ്പ്‌, നിക്കൽ , ബോറോൺ , അസെറ്റിക് ആസിഡ്‌ , മാലിക്കാസിഡ്, തുടങ്ങിയ എണ്ണമറ്റ രാസവസ്തുക്കളും എൻസൈമുകളും വിറ്റാമിനുകളും കൊണ്ട് സംപുഷ്ടമായ പോഷക വസ്തുവാണ് തേൻ .
തേൻ മലബന്ധം, ജലദോഷം, ചുമ, തൊണ്ടവേദന, നേത്രരോഗങ്ങൾ , മുറിവുകൾ തുടങ്ങിയ അനവധി രോഗങ്ങൾക്ക്‌ വിശേഷപ്പെട്ട ഔഷധമാണ്.
പുരാതന ഈജിപ്തിൽ മമ്മികളെ പൊതിഞ്ഞു സംരക്ഷിക്കാൻ തേൻ ഉപയോഗിച്ചിരുന്നു. ഇന്ന് കാണുന്ന പിരമിഡുകൾക്കുള്ളിൽ അവർ വെച്ച തേൻ കേടു കൂടാതെ കണ്ടെടുക്കപെട്ടിട്ടുണ്ട്.

Related posts

Leave a Comment