അമൃതയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം

കൊച്ചി: സമൂഹത്തിന് വേണ്ടി വളരെയധികം ത്യാഗങ്ങളിലൂടെ കടന്നു പോകുന്നവരാണ് നഴ്‌സുമാരെന്നും മറ്റുള്ളവരുടെ സന്തോഷത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള ഇവരുടെ സേവനം ഏറ്റവും മഹത്തരമാണെന്നും മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേഴ്‌സിങ് പോലെ ഇത്രയധികം ത്യാഗത്തിലൂടെ സഞ്ചരിക്കുന്ന മറ്റൊരു മേഖലയില്ല. സമൂഹത്തിന്റെ സൗഖ്യത്തിനായി രാവും പകലും സജ്ജമായിരിക്കുന്ന നഴ്‌സുമാർ മാലാഖമാരുടെ പ്രതിനിധികൾ തന്നെയാണെന്നും സ്വാമി പൂർണാമൃതാനന്ദ പുരി കൂട്ടിച്ചേർത്തു. ഐഎഎസ് പരിശീലകൻ വിജയ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, നഴ്‌സിങ് ഡയറക്ടർ എം. സായി ബാല, അമൃത കോളേജ് ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി മോളി എന്നിവർ സംസാരിച്ചു. നഴ്‌സിങ് സേവനമികവിനുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് നഴ്‌സിങ് വിഭാഗത്തിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Comment