വി കെ കൃഷ്ണമേനോന്റെ പേരിൽ അന്താരാഷ്ട്ര ഫൗണ്ടേഷൻ വരുന്നു ; ഡോ.ശശി തരൂർ എംപി ചെയർമാൻ

കോഴിക്കോട്: രാജ്യം കണ്ട പ്രഗല്ഭനായ നയതന്ത്രജ്ഞനും വിശ്വപൗരനുമായ മുൻ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്റെ പേരിൽ കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്ര ഫൗണ്ടേഷൻ സ്ഥാപിതമാവുന്നു.കൃഷ്ണമേനോന്റെ ഓർമ്മകൾ പുതുതലമുറയിലേക്ക് കൈമാറാൻ ലക്ഷ്യമിടുന്ന ഫൗണ്ടേഷന്റെ ചെയർമാൻ ആഗോള വ്യക്തിത്വമായ ഡോ.ശശി തരൂർ എം.പിയാണ്.ഇന്ത്യക്ക് അകത്തും പുറത്തും ഇന്നും ആദരിക്കപ്പെടുന്ന കൃഷ്ണ മേനോൻ എന്ന കോഴിക്കോട്ടുകാരനെ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും പഠിക്കാനും വിലയിരുത്താനും അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വരും തലമുറയ്ക്ക് കൈമാറാനും വേണ്ടിയാണ് വി.കെ. കൃഷ്ണമേനോൻ ഇന്റർനാഷണൽ ഫൗണ്ടേഷൻ (വികെകെഐഎഫ്) സ്ഥാപിതമാകുന്നതെന്ന് എം.കെ രാഘവൻ എംപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തെ സാംസ്‌കാരിക, സാമൂഹ്യ, വൈജ്ഞാനിക മേഖലയിലെ പ്രമുഖർ ഈ യാത്രക്ക് ഒപ്പം ചേരാനും മാർഗനിർദേശങ്ങൾ നൽകാനും സന്നദ്ധരായിട്ടുണ്ട്.രാഷ്ട്രനിർമ്മാണത്തിലും ഇന്ത്യയുടെ ജനാധിപത്യ ആശയധാരയിലും സൃഷ്ടിപരമായ സംഭാവനകളേകാൻ നവീന ചിന്തകരെ രൂപപ്പെടുത്തിയെടുക്കുക, ഗവേഷണത്തിന് അവസരം ഒരുക്കുക, കലാ സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പൊതു സമൂഹത്തെ ഭരണ നിർവഹണ പ്രക്രിയയിൽ ഭാഗമാക്കുക തുടങ്ങി വിവിധോദ്ദേശ്യങ്ങളിലേക്കുള്ള പ്രവർത്തനങ്ങളാണ് വി.കെ. കൃഷ്ണമേനോൻ ഇന്റർനാഷണൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സംവാദങ്ങളും പുസ്തകമേളയും ഉൾപ്പെടെ കൃത്യമായ പ്രവർത്തന കലണ്ടറിലൂടെ ഫൗണ്ടേഷൻ മുന്നോട്ടുപോകും.ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നാളെ (ജൂലൈ 7) വൈകീട്ട് നാലിന് കോഴിക്കോട് മലബാർ പാലസിൽ വി.കെ. കൃഷ്ണമേനോൻ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ഡോ. ശശി തരൂർ എം.പി അധ്യക്ഷനായിരിക്കും. മേയർ ഡോ. ബീന ഫിലിപ്പ് ലോഗോ പ്രകാശനം ചെയ്യും. മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ, മുൻ മന്ത്രി ഡോ. എം..കെ മുനീർ, മുൻ രാജ്യസഭാംഗം എം.വി ശ്രേയാംസ്‌കുമാർ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ.കെ രമ, ലണ്ടൻ ആസ്ഥാനമായ വി.കെ കൃഷ്ണമേനോൻ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സിറിയക് മാപ്രയിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുമെന്ന് സ്വാഗത സംഘം ചെയർമാനായ എം.കെ രാഘവൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പത്മശ്രീ കെ.കെ മുഹമ്മദ്, നവാസ് പൂനൂർ,ആനന്ദമണി, അംശുലാൽ പൊന്നാറത്ത്, കെ ആദർശ്് എന്നിവർ സംബന്ധിച്ചു.

Related posts

Leave a Comment