സിപിഐയില്‍ അടി തുടരുന്നു, രാജുവിനെ തള്ളി കാനം

കൊച്ചി: കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐയിലെ ഉള്‍പ്പോര് തുടരുന്നു. കൊല്ലം ജില്ലയില്‍ സിപിഎമ്മിനെയാണ് സിപിഐ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയതെങ്കില്‍ എറണാകുളം ജില്ലയില്‍ പട പാളയത്തില്‍ത്തന്നെയാണ്. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴയിലെ വന്‍ പരാജയത്തിന്‍റെ സാഹചര്യം വിശദീകരിച്ച ജില്ല സെക്രട്ടറി പി. രാജുവിനെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അതിരൂക്ഷ വിമര്‍ശനം. എംഎല്‍എ ആയിരിക്കെ, എല്‍ദോ ഏബ്രഹാമിന്‍റെ ആര്‍ഭാട വിവാഹത്തിനു നേതൃത്വം നല്‍കുകയും പഴയിടം തിരുമേനിയുടെ വിവാഹസദ്യപോലും ആസ്വദിച്ചു കഴിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്തിനെന്നു വരെ കാനം രാജുവിനോടു ചോദിച്ചു.

പറവൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം തങ്ങളെ കാലുവാരിയെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം. എന്നാല്‍ സിപിഐ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ ആണു പറവൂരില്‍ മത്സരിപ്പിച്ചതെന്നു സിപിഎമ്മും തിരിച്ചടിച്ചു. എന്നാല്‍ ൨൦൧൬ല്‍ പാവപ്പെട്ടവനാണെന്നും പാവപ്പെട്ടവരുടെ വോട്ട് തരണമെന്നും അഭ്യര്‍ഥിച്ചു മത്സരിച്ച എല്‍ദോ ഏബ്രാഹാമിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‌‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കൈവിട്ടു. എംഎല്‍എ ആയിരിക്കെ ആര്‍ഭാടമായി വിവാഹം നടത്തിയതാണ് പാര്‍ട്ടി അണികളെ ചൊടിപ്പിച്ചത്. ജനപ്രതിനിധിയെന്ന നിലയില്‍ ലാളിത്യം കാണിക്കുന്നതിനു പകരം വിവാഹം ആര്‍ഭാടമായി നടത്തി. ഇതാണു പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നാണ് ജില്ലാ സെക്രട്ടറി പി. രാജുവിന്‍റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നില്ല. എല്‍ദോയുടെ കല്യാണത്തിനു കാര്‍മികത്വം വഹിച്ചത് രാജുവാണ്. അന്ന് അത്തരം കാര്യങ്ങളില്‍ നിയന്ത്രണം പുലര്‍ത്തേണ്ടിയിരുന്ന ആള്‍ തന്നെ ഇപ്പോള്‍ രംഗത്തു വരുന്നത് എന്തിനാണെന്ന് കാനം ചോദിച്ചു. എല്‍ദോയെ ന്യായീകരിക്കുകയും ചെയ്തു. എംഎല്‍എയായിരിക്കെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കുന്നതിനിടെ എല്‍ദോയ്ക്കു പൊലീസ് മര്‍ദനം ഏല്‍ക്കുകയുണ്ടായി. അതിനെതിരേ ജില്ലാ ഘടകം ശക്തമായി രംഗത്തിറങ്ങിയപ്പോഴും രാജുവിനെതിരായ നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്. അന്നു തുടങ്ങിയ അകല്‍ച്ച ഇപ്പോഴും തുടരുന്നു എന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ പാര്‍ട്ടി റിപ്പോര്‍ട്ടിംഗ്.

Related posts

Leave a Comment