ഇൻകാസ് അൽ ഐൻ സ്‌നേഹോത്സവം സീസൺ ടു: രമ്യ ഹരിദാസ് എംപി ഉത്ഘാടനം നിർവഹിച്ചു


രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച “സ്‌നേഹോത്സവം സീസൺ 2” ആലത്തൂർ എം.പി. കുമാരി രമ്യ ഹരിദാസ് ഉദ്ഘടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും, സാംസ്കാരിക ഉന്നമനത്തിനും പ്രവാസികൾ വഹിച്ച പങ്കിനെ കുറിച്ച് പ്രശംസിച്ച എം.പി,പ്രവാസികളോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു എന്നും, ഏറ്റവും കൂടുതൽ രാഷ്ട്രബോധം പ്രകടിപ്പിക്കുന്ന പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളായ ഇൻകാസിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും രേഖപ്പെടുത്തി. ദണ്ഡി യാത്രയ്ക്ക് മഹാത്മാഗാന്ധി പുറപ്പെട്ട സംഭവവികാസങ്ങളിലൂടെ കടന്നുപോയ ഉദ്ഘാടന പ്രസംഗത്തിൽ “രഘുപതി രാഘവ രാജാറാം” എന്ന വരികൾ ആലപിച്ചും, ദണ്ഡി യാത്രയിലെ മലയാളി സാന്നിധ്യത്തെ കുറിച്ചും എം.പി സംസാരിച്ചു. ആധുനിക ഭാരതത്തെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് വഹിച്ച പങ്കിനെ കുറിച്ചും, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർലമെന്റ് സമ്മേളനത്തിലെ എൻ.ഡി.എ സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ചകളും, പെട്രോൾ പാചകവാതക വില വർദ്ധനവ്, കർഷക സമരങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലെ സമീപനങ്ങളെ വിമർശിച്ച എം.പി., പ്രതിപക്ഷ നിലപാടുകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇൻകാസ് അൽ ഐൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതം ആശംസിച്ചു. പ്രശസ്ത ഗാന്ധിയൻ വി.ടി.വി ദാമോദരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കുട്ടികളുടെ കലാപരിപാടികളോടെ “സൂമിൽ” സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലയിൽ വിജയംകൈവരിച്ച കുട്ടികളെ ആദരിക്കുകയും, എറണാകുളം എം.പി. ഹൈബി ഈഡൻ ഉദ്‌ഘാടനം നിർവഹിച്ച വിഡിയോ കോണ്ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
സംഘാടക സമിതി കൺവീനർ മഹേഷ് ശൂരനാട് നന്ദി രേഖപ്പെടുത്തിയ  യോഗത്തിൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ സ്വാതന്ത്ര്യദിന ആശംസകൾ നൽകി. സംഘാടക സമിതി അംഗങ്ങളായ ഷമ്മാസ്, റെജി, പ്രദീപ്, ജേക്കബ്, ജലീൽ, സാദിഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Comment