വിലകയറ്റം ജനങ്ങളോടുളള വെല്ലുവിളി , യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും ; വിഡി സതീശൻ

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉൾപ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വർധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വർധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സർക്കാർ ഉന്നയിക്കുന്നത്. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ ബാധ്യതയുള്ള സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമായും മാനസികമായും തകർത്തൊരു ജനതയെയാണ് സർക്കാർ വിവിധ മാർഗങ്ങളിലൂടെ തുടർച്ചയായി ചൂഷണം ചെയ്യുന്നത്. അധികമായി ലഭിക്കുന്ന ഇന്ധന നികുതി വേണ്ടെന്നുവച്ചാൽ തന്നെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചു നിർത്താമായിരുന്നു. പൊതുമുതൽ കൊള്ളയടിക്കുന്നതിലും പിൻവാതിൽ നിയമനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന സർക്കാർ ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. തുടർച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധതയും നടപ്പാക്കാനുള്ള ലൈസൻസായി കാണരുത്. വിലക്കയറ്റത്തിനെതിരെ യുഡിഎഫും കോൺഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

Related posts

Leave a Comment