അട്ടപ്പാടിയിലെ ശിശുമരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകം: വി ടി ബല്‍റാം

മാനന്തവാടി: അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രതാ യാത്ര മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഭരണകാലത്ത് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ജനനി ജന്മ രക്ഷ പദ്ധതി ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് ഈ മരണത്തിന്റെ പ്രധാന കാരണം. ആയിരം രൂപ വീതം ആദിവാസി അമ്മമാര്‍ക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കെ റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം ഇടതുപക്ഷ സമീപനമല്ലന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ പോലും ആസൂത്രണം മാതൃകയാക്കിയാക്കിയതാണ് ഇന്ത്യ. എന്നാല്‍ ആസൂത്രണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ സര്‍ക്കാര്‍ ചെയ്യുന്നത് അടിസ്ഥാനപരമായ സങ്കല്‍പ്പത്തെ തന്നെ അട്ടിമറിക്കുകയാണ്. മോദിക്ക് സമാനമായ ജനവിരുദ്ധ സമീപനമാണ് കേരളവും സ്വീകരിക്കുന്നത്. കെ റെയിലിന്റെ പേരില്‍ ഇനിയും ഒരു ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ ബാധ്യത കൂടി അടിച്ചേല്‍പ്പിക്കാന്‍ പിണറായി സര്‍ക്കാരിന് ധാര്‍മ്മിക അവകാശമുണ്ടോ എന്നതാണ് വസ്തുത. വമ്പന്‍ വികസന പദ്ധതി വേണ്ടന്നല്ല യു ഡി എഫ് നിലപാട്. ഡി. പി.ആറില്‍ 6500 കോടി രൂപയാണ് കെ റെയില്‍ ചിലവ്. എന്നാല്‍ നീതി ആയോഗിന്റെ കണക്കനുസരിച്ച് ഒന്നേകാല്‍ ലക്ഷമാണ്. ഇന്ധന വില വര്‍ദ്ധനവല്ല നികുതി ഭീകരതയാണ് രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ളത് ഹായ് ഭായ് ബന്ധമാണ്. 18 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയിനത്തില്‍ കേന്ദ്രം പിഴിഞ്ഞത്. കേന്ദ്രത്തിന്റെ ധൂര്‍ത്തും പാഴ്ചിലവും കുറക്കാന്‍ തയ്യാറാകുന്നില്ല. ഇതേ മനോഭാവം തന്നെയാണ് കേരളത്തില്‍ പിണറായിയും സ്വീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്നരലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടം. എന്നാല്‍ പിണറായി സര്‍ക്കാരിന് മുമ്പ് എല്ലാ സര്‍ക്കാരും ചേര്‍ന്ന് ഒന്നര ലക്ഷം കോടി മാത്രമായിരുന്നു പൊതുകടമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അഡ്വ.എന്‍.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എ.ഐ. സി.സി. അംഗം പി കെ ജയലക്ഷ്മി ,കെ.പി. സി.സി.ജനറല്‍ സെക്രട്ടറി കെ.കെ.അബ്രാഹം, ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, അഡ്വ.എം. വേണുഗോപാല്‍, എം.ജി. ബിജു, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, പി.വി. ജോര്‍ജ്, എ.എം. നിഷാന്ത്, സില്‍വി തോമസ്, പി.വി. നാരായണ വാര്യര്‍, സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment