ഇന്ദിരാജിയുടെ ഉപതെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനങ്ങൾ ഓസ്ക്കാർ ഫെർണാണ്ടസിനൊപ്പമുള്ള നല്ല ഓർമ്മകൾ : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പ്രിയ ഓസ്ക്കാർ ഫെർണാണ്ടസ്സുമായി നാലു പതിറ്റാണ്ടിലേറെക്കാലം ഉറ്റ സൗഹൃദം പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിക്കമംഗളൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാജി മൽസരിക്കുമ്പോൾ ഞങ്ങൾ എല്ലാം രാവും പകലും തിരഞ്ഞടുപ്പ് വിജയത്തിന്നു വേണ്ടി പ്രവൃത്തിച്ചതു് ഇന്നും ഞാൻ ഓർക്കുകയാണ്.

അക്കാലത്തു ഓസ്ക്കാർ ഉഡുപ്പിയിലെ ഒരു സാധാരണ പ്രവർത്തകനായിരുന്നു.
1980 ലാണ് ഒരു നിയോഗം പോലെ ടി.എ.പൈയ്ക്കെതിരെ മൽസരിച്ചു ലോക സഭയിൽ എത്തിയത്. പിന്നീട് രാഷ്ട്രീയത്തിൽ പടിപടിയായി ഉയർന്ന് എ. ഐ.സി.സി ജനറൽ സെക്രട്ടറി, കർണാടക പി.സി.സി. പ്രസിഡണ്ട്, കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം, തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ, കേന്ദ്ര മന്ത്രി എന്നീ ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രശ്ന സങ്കീർണ്ണമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാ ഇടത്തും ഭാരിച്ച ചുമതലകൾ എറ്റെടുത്ത അദ്ദേഹം കോൺഗ്രസ്സിലെ “ട്രബിൾ ഷൂട്ടറായി”ട്ടാണ് അറിയപ്പെട്ടിരുന്നത്.

കഠിനാധ്വാനിയും സംഘടനയോട് അതിരറ്റ കുറുമുള്ള ഓസ്ക്കാർ നെഹ്റു കുടുബത്തിന്റെ വിശ്വസ്തനായിരുന്നു. യുവ തലമുറയോട് അടുത്തു ബന്ധപ്പെട്ട ഓസ്ക്കാർ എൻ.എസ്.യു ഐ, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു. എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ ചുറ്റുപാടിൽ ഓസ്ക്കാറിന്റെ ദേഹവിയോഗം കനത്ത നഷ്ടമാണ്. പ്രിയങ്കരനായ ഓസ്ക്കാറിന്റെ വേർപാടിൽ ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Related posts

Leave a Comment