ഇന്ത്യയുടെ വിപ്ലവകരമായ എല്ലാ മാറ്റത്തിനും തുടക്കം കുറിച്ചത് ഇന്ദിരാജി

നാദിർ ഷാ റഹിമാൻ

ജിദ്ദ : ഇന്ത്യയുടെ വിപ്ലവകരമായ മാറ്റത്തിന് നാന്ദി കുറിച്ചത് ഉരുക്ക് വനിതയായ ഇന്ദിരാജിയാണെന്നും ആ വിപ്ലവകരമായ മാറ്റമാണ് ഇന്ത്യയിലെ ജനങ്ങൾ ഇന്നും ആസ്വദിക്കുന്നതെന്നും ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിൽ  “മാറുന്ന ഇന്ത്യ, എൻ്റെ കാഴ്‌ചപ്പാടിൽ ”   എന്ന വിഷയത്തിൽ  ജിദ്ദയിലെ വിവിധ മേഖലയിലെ പ്രമുഖരെ  പങ്കെടുപ്പിച്ചു സംഘടിപ്പിച്ച  ടേബിൾ ടാക്കിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. ഇന്ദിര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായപ്പോഴാണ് ചെലവു കുറഞ്ഞ റേഡിയോ നിർമ്മിച്ച്  സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തിച്ചത് ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് .  ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്നതായിരുന്നു ഇന്ദിരയുടെ ലക്ഷ്യമെന്നും ചർച്ചക്ക് തുടക്കംകുറിച്ച വിഷയമവതരിപ്പിച്ച കെ പി സി സി ഐ ടി സെൽ കോർഡിനേറ്റർ ഇഖ്ബാൽ പൊക്കുന്നു പറഞ്ഞു.

ഇന്ദിരാ ഗാന്ധി അന്ന് പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ  നടപടി എടുത്തില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥ അന്ന് തന്നെ    തുടങ്ങുമായിരുന്നെന്നും തിന്മയുടെ മാർഗ്ഗങ്ങളാണ് കേന്ദ്ര സർക്കാർ  പിന്തുടരുന്നതെന്നും പ്രശസ്ത എഴുത്തുകാരി   റുബീന നവാസ് പറഞ്ഞു.  മീഡിയകളെ മുഴുവൻ സ്വന്തം സ്വാധീനവലയത്തിലാക്കി പ്രതികരിക്കുന്നവരെയും എതിർക്കുന്നവരെയും കൽതുറങ്കിലാക്കുന്ന പ്രവണത ജനാധിപത്യ ഭാരതത്തിനു ഭൂഷണമല്ലെന്നും റുബീന കൂട്ടിച്ചേർത്തു

ജനങ്ങളെ മൊത്തം സംരക്ഷിക്കുവാനോ, സഹായിക്കുവാനോ കഴിയാത്ത സർക്കാരിന്റെ വീഴ്ച്ചയാണ് കോവിഡ് കാലഘട്ടത്തിൽ   ഇന്ത്യയെ  തകർത്തതെന്നും ലോകരാജ്യങ്ങളുടെ മുന്നിൽ ഓക്സിജന് വേണ്ടി കൈ നീട്ടിയത് ദയനീയവും നിരാശാജനകവുമാണെന്നും  ആരോഗ്യമേഖല ദേശസാൽക്കരിക്കണമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ കോർഡിനേറ്റർ സുശീല ജോസഫ് വ്യക്തമാക്കി .

ഇന്ത്യാ രാജ്യം പുരോഗതിയിലേക്കല്ല, മറിച്ച് അധോഗതിയിലേക്കാണ് മാറികൊണ്ടിരിക്കുന്നതെന്നും കുടുംബ ബജറ്റുകളെ തകർത്തെറിയുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും , അന്നം തരുന്ന കർഷകർക്ക്പോലും രക്ഷയില്ലാത്ത അവസ്ഥയിലാണെന്നും എല്ലാ മേഖലകളിലും ദുരവസ്ഥയാണ് പ്രകടമാവുന്നതെന്നും  അധ്യാപികയും കുടുംബിനിയുമായ സിമി മോൾ എ ഖാദർ പറഞ്ഞു.

മാറ്റം പ്രകൃതി നിയമമാണ്, ആ മാറ്റങ്ങളെ അനുകൂലമാക്കി മാറ്റി സമൂഹത്തിൻറെ ഉന്നതിക്കും നന്മക്കും ഉപയോഗിക്കുക എന്നതാണ് നല്ല ഭരണകർത്താക്കളുടെ ഉത്തരവാദിത്വമെന്നും വളർന്നു വരുന്ന യുവതക്കും വിദ്യാർത്ഥികൾക്കും അനുകരിക്കാനുതകുന്ന മാതൃകാ പുരുഷന്മാർ ഇന്ത്യാ രാജ്യത്ത് ഉണ്ടാവുന്നില്ല എന്നും സമൂഹത്തെ മൂല്യച്യുതിയിൽ നിന്ന് കരകയറ്റാൻ കലാലയങ്ങളിൽ തുറന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും  വേദികൾ ഉണ്ടാക്കണമെന്നും ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകൻ നൗഫൽ പാലക്കോത്ത് അഭിപ്രായപ്പെട്ടു.

മേക്ക് ഇൻ ഇന്ത്യാ എന്ന നയം പ്രതീക്ഷ നൽകിയെങ്കിലും നിരാശാജനകമായ  പ്രവർത്തനങ്ങളാണ്  ഇന്ത്യാ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്നും അശാസ്ത്രീയമായ ജി എസ് ടി നടപ്പിലാക്കിയതോട് കൂടി ചെറുകിട വ്യവസായങ്ങളും മറ്റും തകർന്ന് തരിപ്പണമായെന്നും “സമ്പന്നർക്കുള്ള നാടായി ഇന്ത്യ മാറിയെന്നും കേരളാ എഞ്ചിനിയേഴ്‌സ് ഫോറം പ്രസിഡണ്ട് അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു.

വിദേശികൾക്കെല്ലാം ഇന്ത്യയെ കുറിച്ചുണ്ടായിരുന്ന  നല്ല കാഴ്ചപാട് മാറിയെന്നും രാജ്യം ഐ സി യുവിലാണെന്നും വർഗ്ഗീയ കലാപങ്ങളാലും നോട്ട് നിരോധനത്തിലൂടെയും  രാഷ്ട്രീയ പാർട്ടികളെ ഷണ്ഡീകരിച്ചിരിക്കുകയാണെന്നും   സ്പോർട്സ്മാൻ സ്പിരിറ്റോട് കൂടി മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുന്നത് പോലും ദേശവിരുദ്ധതയായി ഈ കാലഘട്ടത്തിൽ മാറിയിരിക്കുന്നെന്നും മുൻ സിഫ് പ്രസിഡണ്ടും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രസിഡണ്ടുമായ ഹിഫ്‌സുറഹ്‍മാൻ അഭിപ്രായപ്പെട്ടു

സ്വകാര്യവൽക്കരണവും ഫാസിസ്റ്റു ഭീകരതയും ഇന്ത്യാരാജ്യത്ത് പട്ടിണിയും കഷ്ടപ്പാടുകളും വർദ്ദിപ്പിച്ചിരിക്കുകയാണെന്നും പട്ടിണി രാജ്യങ്ങളിൽ നൂറിന് മുകളിൽ ഇന്ത്യ നിൽക്കുന്നത് ഭരണകർത്താക്കളുടെ  കെടുകാര്യസ്ഥതകൊണ്ട് മാത്രമാണെന്നും ബ്യുട്ടീഷൻ & ബാർബേഴ്‌സ് അസോസിയേഷൻ രക്ഷാധികാരി മുസ്തഫ കോട്ടയിൽ അഭിപ്രായപ്പെട്ടു.

വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി.   ദേശസാൽക്കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു.ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ സർക്കാർ ദേശസാൽക്കരിക്കുകയുണ്ടായി. തൊഴിൽ ഉറപ്പുവരുത്താനാണ് ഈ നടപടികൊണ്ട് ഇന്ദിരാജി  ഉദ്ദേശിച്ചിരുന്നത്  .  എന്നാൽ ഇന്നത്തെ ഫാസിസ്റ്റു സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം അദാനിമാർക്കും അംബാനിമാർക്കും വിറ്റ് കാശാക്കുകയാണ്. തൊഴിലില്ലായ്മ  വർദ്ദിക്കാൻ ഇത് കാരണമായെന്നും ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു.  അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, റോയ് മാത്യു, മൗഷ്മി  ശരീഫ് എന്നിവർ ആശംസകൾ നേർന്നു.  ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദ്ധീൻ മണനാക്  നന്ദിയും പറഞ്ഞു 

Related posts

Leave a Comment