ലോകത്തിന്റെ ആകാശങ്ങളിൽ ഇന്ത്യയുടെ അഭിമാനം ; എയർ ഇന്ത്യ തിരികെയെത്തുമ്പോൾ വയറലായി ഇന്ദിരാ ​ഗാന്ധിയുടെ പഴയ കത്ത്

ഇന്ത്യയുടെ അഭിമാനമായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് 1978ലെ ഒരു കത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അന്ന് എയർ ഇന്ത്യ ചെയർമാൻ പദവിയിൽ നിന്ന് നീക്കംചെയ്യപ്പെട്ട ജെ.ആർ.ഡി ടാറ്റക്ക് എഴുതിയതാണ് കത്ത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇന്ദിരയുടെ കത്തും ജെ.ആർ.ഡി ടാറ്റയുടെ മറുപടിക്കത്തും പുറത്തുവിട്ടത്. പിന്നാലെ സമൂഹമാധ്യമങ്ങൾ ഇവയെ ഏറ്റെടുക്കുകയായിരുന്നു.

‘ഡിയർ ജെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.

‘ഡിയർ ജെ, താങ്കൾ എയർ ഇന്ത്യയോടൊപ്പം ഇനിയില്ല എന്നതിൽ ഞാൻ ഏറെ ദുഖിതയാണ്. വേർപിരിയുന്നതിൽ താങ്കൾക്കുള്ള അതേ ദുഖം എയർ ഇന്ത്യക്കുമുണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം താങ്കൾ വെറുമൊരു ചെയർമാൻ ആയിരുന്നില്ല. അങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ച്‌, സ്വന്തമെന്ന തികഞ്ഞ ബോധ്യത്തോടെ അതിനെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന ഒരു രക്ഷിതാവുതന്നെ ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും താങ്കൾ കാണിച്ച അതീവ സൂക്ഷ്മതയും ശ്രദ്ധയും, വിമാനത്തിൻറെ അലങ്കാരം മുതൽ എയർഹോസ്റ്റസുമാരുടെ സാരിയിൽ വരെ, എയർ ഇന്ത്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്കും ഏറ്റവും മികച്ചതിലേക്കും ഉയർത്തി. നിങ്ങളെ കുറിച്ചും എയർ ഇന്ത്യയെ കുറിച്ചും ഞങ്ങൾ അഭിമാനം കൊള്ളുകയാണ്. ആ സംതൃപ്തിയും ഗവൺമെൻറിന് അതിൻറെ പേരിൽ അങ്ങയോടുള്ള കടപ്പാടും ആർക്കും തന്നെ കുറച്ചു കാണാനാവില്ല.

നമുക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, നിത്യേന എനിക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വരുന്ന രാഷ്ട്രീയ സമ്മർദ്ദത്തെക്കുറിച്ചോ, ഇതിൻറെ പേരിൽ വ്യോമയാന വകുപ്പിനുള്ളിൽ ഞാൻ നേരിടുന്ന ശത്രുതയെക്കുറിച്ചോ ഒന്നും അങ്ങയോട് വെളിപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഇതിൽ കൂടുതലൊന്നും പറയാനുമാവില്ല.

എല്ലാ ആശംസകളോടെയും,

വിശ്വസ്തതയോടെയും,

ഇന്ദിര’

1932ൽ ജെ.ആർ.ഡി ടാറ്റ തുടങ്ങിയ ടാറ്റ എയർ സർവിസാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്. 1953ൽ ടാറ്റ എയർലൈൻസിനെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1978 വരെ ജെ.ആർ.ഡി ടാറ്റ എയർ ഇന്ത്യ ചെയർമാൻ പദവിയിൽ തുടർന്നു. 1978ൽ മൊറാർജി ദേശായി സർക്കാറിൻറെ കാലത്താണ് ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യ ചെയർമാൻ പദവിയിൽ നിന്ന് നീക്കിയത്. പിന്നീട്, 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യ ഡയറക്ടർ ബോർഡിൽ അംഗമാക്കാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.

ഇന്ദിര ഗാന്ധിയുടെ അന്നത്തെ കത്തിന് ജെ.ആർ.ഡി ടാറ്റ നൽകിയ മറുപടിയും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്.

‘പ്രിയ ഇന്ദിര,

എയർ ഇന്ത്യയുമായുള്ള എൻറെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് സർക്കാർ സ്വീകരിച്ച നടപടിയുടെ പേരിൽ ഇങ്ങനെയൊരു കത്ത് താങ്കൾ എഴുതി‍യതിന് നന്ദി. ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിൽ ഞാനെടുത്ത അധ്വാനത്തെപ്പറ്റി പരാമർശിച്ചത് ഏറെ സ്പർശിച്ചു. എൻറെ വിശ്വസ്തരായ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആവേശഭരിതമായ പ്രവർത്തനവും സർക്കാറിൻറെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അകമഴിഞ്ഞ പിന്തുണയും കൂടാതെ ആ നേട്ടം കൈവരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു.

സുഖമെന്ന് കരുതുന്നു, എല്ലാ വിധ ആശംസകളും

വിശ്വസ്തതയോടെ, ജെ’.’

Related posts

Leave a Comment