ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യരോഗി ഇന്ത്യ വിട്ടു; പോയത് ദുബായിലേക്ക്

ബെംഗളൂരു: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ വിദേശി ഇന്ത്യയിൽ എത്തിയത് നവംബർ 20ന്. ഏഴു ദിവസത്തിനു ശേഷം ഇയാൾ ദുബായിലേക്ക് പോയതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷനായ ബിബിഎംപിയുടെ റിപ്പോർട്ട് അനുസരിച്ച്, നവംബർ 20ന് ഇദ്ദേഹം, ദക്ഷിണാഫ്രിക്കയിൽനിന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. രണ്ടു ഡോസ് കോവിഡ് വാക്സീൻ ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടലിൽവച്ച് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയും ഡോക്ടർ പരിശോധന നടത്തുകയും ചെയ്തു. രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ അദ്ദേഹത്തെ ഹോട്ടലിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. എന്നാൽ ഒമിക്രോൺ ഭീഷണിയുയർത്തുന്ന ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന യാത്രക്കാരനായതിനാൽ ഇദ്ദേഹത്തിന്റെ സാംപിൾ വീണ്ടും ശേഖരിക്കുകയും നവംബർ 22ന് ജനിതക ശ്രേണീകരണത്തിന് അയക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്.

നവംബർ 23ന് ഇദ്ദേഹം സ്വകാര്യ ലാബിൽ സ്വയം കോവിഡ് പരിശോധനയ്ക്കു വിധേയമായി. പരിശോധനഫലം നെഗറ്റീവായതോടെ നവംബർ 27ന് അർധരാത്രി ബെംഗളൂരുവിൽനിന്ന് ദുബായിലേക്ക് പോകുകയും ചെയ്തു. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 24 പേരുടെ പരിശോധനഫലം നെഗറ്റീവാണ്. അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച 46കാരനായ ബെംഗളൂരു സ്വദേശി ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.

Related posts

Leave a Comment