കെപിസിസി ഇന്ദിരയെ അനുസ്മരിച്ചു

  • സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യം: കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ ഒലിച്ച് പോകുന്നതാവരുതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പരിസ്ഥിതി ഭീതിജനകമായ വെല്ലുവിളി നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം സാധാരണക്കാരുടെ ജനജീവിതത്തെ താറുമാറാക്കുന്നു.പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രതിരോധ നടപടികളോ ആവശ്യമായ മുന്നൊരുക്കങ്ങളോ സ്വീകരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണ്. ഓഖി, പ്രളയങ്ങളിലെ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കുന്നതില്‍ അലംഭാവം തുടരുന്നു. നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദിയും പിണറായി വിജയനും തമ്മില്‍ സാമ്യതകളേറെയുണ്ട്. അത് യാദൃശ്ചികമല്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ്. ശതകോടികളുടെ കമ്മീഷന്‍ സാധ്യത ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാര്‍ കെ റെയിലുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സംസ്ഥാനത്ത് 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടങ്ങളോട് ചേര്‍ന്നും പുഴകള്‍ക്ക് സമീപത്തും പശ്ചിമഘട്ട നിരകളിലും വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നൂയെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പ്രളയം തുടര്‍ക്കഥ ആകുമ്പോഴും ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാരും ക്വാറിമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.

പരിസ്ഥിതി സ്‌നേഹിയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടില്‍ ജനങ്ങളെ നിര്‍ത്താത്ത ഭരണാധികാരി. വിഘടനവാദത്തിന്റെ ബലിയാടായ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ നടപ്പാക്കിയാല്‍ അതു കേരളത്തിന് വലിയ ദുരന്തമായിരിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ മുന്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടം ഇപ്പോള്‍ തന്നെ താറുമാറായി കിടക്കുകയാണ്. അതു മുഴുവന്‍ ഇടിച്ചാലും കെ റെയില്‍ പദ്ധതിയും വിഴിഞ്ഞം പദ്ധതിയും നടപ്പാക്കാനുള്ള പാറ ലഭിക്കില്ല.

ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഭേദഗതികളോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് 2013ല്‍ സമര്‍പ്പിച്ചെങ്കിലും അത് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചില്ല. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ഉമ്മന്‍ വി ഉമ്മന്‍ ആവശ്യപ്പെട്ടു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു, മരിയാപുരം ശ്രീകുമാര്‍,ജി.സുബോധന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിര്‍വാഹക സമതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സജീഫ് ജോസഫ് എംഎല്‍എ, മുന്‍മന്ത്രിമാരായ പന്തളം സുധാകരന്‍, രഘുചന്ദ്രപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment