ഇന്ത്യ സ്ത്രീകളുടെ ശവപ്പറമ്പ് ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ഭാരതം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ നാടായി തീർന്നിരിക്കയാണ്. പോയവർഷം 31,000 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കേസ് ഇല്ലാതെ പൊലീസ് ഒതുക്കിതീർത്ത സംഭവങ്ങൾ ഏതാണ്ട് ഇത്രതന്നെ വരും. ദേശീയ വനിതാ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ. ഇതിൽ പകുതിയിലേറെയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിലാണ്. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ ഉയർന്ന കണക്കുകളാണിത്. 2020-നേക്കാൾ മുപ്പത് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാനസിക പീഡനം, ഗാർഹിക പീഡനം, സ്ത്രീധന സംബന്ധമായ പീഡനങ്ങളാണ് ഏറെയും. ഉത്തർപ്രദേശ് കഴിഞ്ഞാൽ സ്ത്രീപീഡനത്തിന് മുൻപന്തിയിൽ നിൽക്കുന്നത് ഡൽഹിയാണ്. 3,336 കേസുകളാണ് കഴിഞ്ഞവർഷം ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. വനിതാ കമ്മീഷന്റെ പ്രവർത്തനഫലമായാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന അവകാശവാദമാണ് വനിതാ കമ്മീഷൻ ഉയർത്തിയിരിക്കുന്നത്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരായതുകൊണ്ടാണ് കേസുകളുടെ എണ്ണം വർധിച്ചതെന്ന കമ്മീഷന്റെ വാദം കേന്ദ്രസർക്കാരിന്റെ മുഖം രക്ഷിക്കാനാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് പുറമെ സൈബർ കുറ്റങ്ങളും സ്ത്രീകൾക്കെതിരെ നടക്കുന്നുണ്ട്. ഡൽഹിയിലും ഉത്തർപ്രദേശിലും നടക്കുന്ന ഭീകരമായ സ്ത്രീ പീഡനങ്ങൾ പലപ്പോഴും ജാതിയുടെയും സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും മറവിൽ അട്ടിമറിക്കപ്പെടുകയാണ്. ഉത്തർപ്രദേശ് ഭരണം ആധുനിക ജനാധിപത്യത്തിന്റെ യാതൊരു രീതിയും ശൈലിയും ഉൾക്കൊള്ളാത്തതാണ്. ഒരു വർഷത്തിനുള്ളിൽ 30 ശതമാനം പീഡന വർധനവുണ്ടായത് ഒരു സർക്കാരിനും അഭിമാനിക്കാനുള്ള വക നൽകുന്നില്ല. പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന റാലികളും സമ്മേളനങ്ങളും വൻവിജയമായത് ബി ജെ പിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ത്യയിലാകെ നടന്നുവരുന്ന പീഡനങ്ങളിൽ ഇരകൾ ഏറെയും ദളിതരും പിന്നാക്ക സമുദായത്തിൽപ്പെട്ടവരുമാണ്. അക്രമി ജാതീയമായും സാമ്പത്തികമായും മുന്നോക്കം നിൽക്കുന്നവരായത് നീതിയുടെ തുലാസ് പലപ്പോഴും ഈ ആഢ്യവിഭാഗത്തിന് അനുകൂലമാക്കും. അധികാരവും നിയന്ത്രണവും എല്ലാ ഇവർ നിശ്ചയിക്കുന്നപ്രകാരമാണ് നടക്കുകയുള്ളൂ. അപമാനഭാരം, ഭയം, സംരക്ഷണമില്ലായ്മ എന്നീ കാരണങ്ങൾകൊണ്ടാണ് പീഡിതർക്ക് നിയമപീഠത്തിന് മുന്നിൽ എത്താൻ സാധിക്കാതെ വരുന്നത്.
സ്ത്രീയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊന്നതിനുശേഷം മൃതദേഹംപോലും ബന്ധുക്കൾക്ക് നൽകാതെ കത്തിച്ചുകളഞ്ഞതും അമ്മയുടെ കൂടെ പുല്ലുവെട്ടാൻപോയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം നാവ് മുറിച്ചുകളഞ്ഞതും യു പിയിലായിരുന്നു. ഈ സംഭവത്തിലും മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകിയില്ല. എല്ലാ ബലാത്സംഗത്തിലും കൊലപാതകത്തിലും പൊലീസ് പീഡകരുടെ പക്ഷത്തായിരിക്കും. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ് ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശവപറമ്പായി മാറിയിരിക്കയാണ്. ഹത്രാസിൽ നടന്ന നീചമായ കൊലപാതകം വർഷങ്ങളായി ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തുടർ പരമ്പരകളിൽ ഒന്നുമാത്രമാണ്. സംഘ്പരിവാറിന്റെ സവർണ രാഷ്ട്രീയ അധികാരം ഇന്ത്യയിലെ ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും കൊന്നൊടുക്കുകയാണ്. യു പി ക്രിമിനൽ രാഷ്ട്രീയത്തിന്റെ തലസ്ഥാനമായി മാറിയിരിക്കയാണ്. അക്രമികൾക്ക് സംരക്ഷണം നൽകുന്ന പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാടുകൾ അക്രമങ്ങൾ വർധിക്കാൻ കാരണമായിരിക്കുന്നു. ഹത്രാസിലെ ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു ഉന്നാവോ സംഭവം. ഭരണഘടനയുടെ ആമുഖത്തിൽതന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തുപറയുന്ന ഒരു രാജ്യത്താണ് പരമ്പരകളായി സ്ത്രീപീഡനങ്ങൾ തുടരുന്നത്. ഹത്രാസ്, ഉന്നാവോ എന്നീ പേരുകൾ മാത്രമല്ല, അറിയപ്പെടാത്ത നിരവധി പീഡനങ്ങൾ വേറെയുമുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രം സംരക്ഷിച്ചാൽ പോരാ. സാമൂഹ്യജീവിതത്തിലും അത് ഉറപ്പുവരുത്തണം. സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിവേചനങ്ങൾ തുടരുന്ന കാലത്തോളം സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. സ്ത്രീപീഡനങ്ങൾ പെരുകുമ്പോൾ ഊറ്റംകൊള്ളുന്ന വനിതാ കമ്മീഷൻ അതിന്റെ പേരിൽ ക്രെഡിറ്റ് നേടാൻ ശ്രമിക്കുകയാണ്.

Related posts

Leave a Comment