വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

ന്യൂഡൽഹി: പരീക്ഷണ വിക്ഷേപണത്തിനിടെ തകർന്ന് വീണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. തിങ്കളാഴ്ട ഒഡിഷ തീരത്ത് നടന്ന ടേയ്ക്ക് ഓഫിന് ശേഷമാണ് സംഭവം. 450 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കഴിവുള്ള മിസൈലിന്റെ പുതിയ വകഭേദത്തിൻറെ പരീക്ഷണത്തിനിടയിലാണ് സംഭവം. വിക്ഷേപണത്തിൻറെ പരാജയ കാരണങ്ങൾ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ബ്രഹ്മോസ് എയ്‌റോസ്‌പേസ് കോർപ്പറേഷന്റെയും സംയുക്ത സംഘം വിശകലനം ചെയ്യുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

പൂർണ്ണ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. മൂന്നൂറ് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാനായായിരുന്നു സാധാരണ നിലയിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിരുന്നത്. പരീക്ഷണങ്ങളിൽ അപൂർവമായി മാത്രമേ ബ്രഹ്മോസ് മിസൈൽ പരാജയപ്പെട്ടിട്ടുളളൂ . പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാവാം വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നിലെന്നാണ് അധികൃതരുടെ പ്രഥമിക നിഗമനം.

നിലവിൽ സൂപ്പർ സോണിക് സാങ്കേതികത ഉപയോഗിച്ച്‌ അതിൽ കൂടുതൽ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാനാണ് ബ്രഹ്മോസ് ഉപയോഗിച്ച്‌ ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻ‌.പി‌.ഒ മഷിനോസ്ട്രോയീനിയയും (എൻ‌പി‌എം) സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്വ എന്നീ രണ്ട് നദികളിൽ നിന്നാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ശ്രേണിക്ക് ഈ പേര് ലഭിച്ചത്.

Related posts

Leave a Comment