ഇന്ത്യയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്; പ്രത്യുല്പാദന നിരക്കില്‍ കേരളം പുറകിൽ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. സര്‍വേയുടെ പുതിയ കണക്കനുസരിച്ച്‌ ഓരോ 1000 പുരുഷന്മാര്‍ക്കും 1020 സ്ത്രീകളാണുള്ളത്. കൂടാതെ,​ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്. എൻഎഫ്എച്ച്എസ് സാമ്പിൾ സർവേയാണ്. ഈ കണക്ക് വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് ദേശീയ സെൻസസിന് ശേഷമേ ഉറപ്പിക്കാനാവൂ.

2015-16 കാലഘട്ടത്തില്‍ 2.2 ആയിരുന്നു പ്രത്യുല്പാദന നിരക്ക്. യു എന്‍ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഫെര്‍ട്ടിലിറ്റി റേറ്റ് 2.1ല്‍ താഴെ വന്നാല്‍ പ്രത്യുല്പാദന നിരക്ക് കുറവാണ്. ബിഹാര്‍, മേഘാലയ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്പാദന നിരക്ക് രണ്ടിന് മുകളിലുള്ളത്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ദേശീയ ശരാശരി രണ്ടാണ്. കേരളം ഉള്‍പ്പെടയുള്ള മറ്റു സംസ്ഥാനങ്ങളില്‍ 2ല്‍ താഴെയാണ് പ്രത്യുല്പാദന നിരക്ക്. കേരളത്തില്‍ 1.8 ആണ് നിരക്ക്. സര്‍വേ കണക്കുപ്രകാരം 67 ശതമാനം ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി പറയുന്നുണ്ട്. കഴിഞ്ഞ തവണ 57 ശതമാനായിരുന്നു കണക്ക്.

Related posts

Leave a Comment