രാജ്യത്തിന്റെ നഷ്ടപ്പെട്ടുപോയ ആത്മാവിനെ വീണ്ടെടുക്കാൻ വരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ; ലേഖനം വായിക്കാം

സുജിത് ശക്തിധരൻ

ഒരു മഹാമാരിയുടെ നടുവിൽ നിന്നുകൊണ്ട് നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യം ആഘോഷിക്കാൻ പോകുകകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക വിളർച്ചയുടെ കാലം . പെട്രോളിന്റെയും , ഡീസലിന്റെയും പേരിൽ നടക്കുന്ന നികുതി കൊള്ള! കുതിച്ചുയരുന്ന നിത്യോപോയോഗ സാധനങ്ങളുടെ വില , സാധാരണ ജനത്തിന് ഇരുട്ടടിയാകുന്ന പാചക വിലവർദ്ധനവ് . രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷയേയും , പൗര സ്വാതത്ര്യത്തെയും ഹനിക്കുന്ന തരത്തിൽ വിദേശ കമ്പനിയുടെ സഹായത്തോടെ നടക്കുന്ന വിവര ചോർച്ചകൾ . നീതി നിഷേധത്തിനെതിരെ തെരുവിൽ സമരം ചെയ്യുന്ന കർഷകർ . ദളിതർക്കും , കുട്ടികൾക്കും നേരെ അന്തമില്ലാതെ തുടരുന്ന ആക്രമണങ്ങൾ . ഇതിനിടെയിലും പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യ മര്യാദകൾ ലംഘിച്ചു കൊണ്ട് നടക്കുന്ന കുതിര കച്ചവടങ്ങൾ . മറുവശത്തുകൂടി നമ്മുടെ രാജ്യത്തിൻറെ ചരിത്രവും , ചരിത്ര സംഭവങ്ങളും വളച്ചൊടിക്കപ്പെടുകയും ചരിത്ര നായകന്മാരുടെ സംഭാവനകൾ മനഃപൂർവ്വം ഒന്നൊന്നായി തമസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നു.
ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നത് 1947 ആഗസ്ത് മാസം പതിനാലാം തീയതി ഇന്ത്യയുടെ ആത്മാവ് കണ്ടറിഞ്ഞ ജവാഹർലാൽ നെഹ്‌റു രാജ്യത്തെയും ലോകത്തെയും അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗമാണ് . “എ ട്രിസ്റ് വിത്ത് എ ഡെസ്ടിനി” . ഇരുപതാം നൂറ്റാണ്ടിൽ ഒരു ലോക നേതാവ് നടത്തിയ ഏറ്റവും സമഗ്രവും കാതലുള്ളതുമായ ഒരു പ്രസംഗമായിരുന്നു അത് .സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും അതുമായി ബന്ധപ്പെട്ടു സ്മരിക്കപ്പെടേണ്ടവരുടെ ത്യാഗോജ്ജ്വലമായ ജീവിതവും ഓർത്തുകൊണ്ട് ഒരു പുതുയുഗ പിറവിയിൽ രാജ്യത്തിന് മുന്നോട്ടു പോകുവാനുള്ള വഴികളേയും ലക്ഷ്യങ്ങളേയും ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രസംഗം . അസ്വാതന്ത്ര്യമെന്ന ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യമെന്ന വെളിച്ചത്തിലേക്കു നമ്മെ കൈപിടിച്ച് നടത്തിയ ഗാന്ധിജി….അറിയപ്പെടുന്നവരും , അറിയപ്പെടാത്തവരുമായ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ … അവരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളും , ജീവത്യാഗങ്ങളും …അങ്ങനെ പലതും. .

ആ ഒരു കാലഘട്ടത്തിൽ നിന്ന് വളർന്ന് ഇന്നു നാം എവിടെയാണ് എത്തി നിൽക്കുന്നത് . ശാസ്ത്രം , സാങ്കേതിക വിദ്യകൾ , വിദ്യാഭ്യാസം , രാജ്യത്തിന്റെ സാമ്പത്തിക രംഗം , പ്രതിരോധം ഇവയിലൊക്കെ എത്രയോ ഘാതം നമ്മുടെ രാജ്യം നടന്നു കയറി. ഈ നേട്ടങ്ങളൊക്കെ ഇന്നോ ഇന്നലെയോ ഉണ്ടായതാണെന്ന രീതിയിൽ ഇന്നത്തെ ഭരണാധികാരികാരികൾ നടത്തുന്ന വ്യാജ പ്രചാരങ്ങളിൽ നമ്മളിന്ന് വീർപ്പു മുട്ടുകയാണ് .
നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാന വികസനത്തിൽ നിർണ്ണായക പങ്കു വഹിച്ച പദ്ധതികളായി എനിക്ക് തോന്നിയിട്ടുള്ള മൂന്നു പ്രധാന പദ്ധതികളാണ് പഞ്ചായത്തി രാജ് , കമ്മ്യൂണിറ്റി ഡെവലപ്മെന്റ് , മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി എന്നിവ . ഇത് മൂന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഭാവനകളാണ് . 1952 ൽ ഏഷ്യയിൽ തന്നെ ആദ്യം കമ്മ്യൂണിറ്റി ഡെവലപ്പ് മെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചത് നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാണ് . ഒരു രാജ്യത്തിൻറെ വികസനത്തിന് കേന്ദ്രീകൃതമായ അധികാരമില്ല വേണ്ടത് , മറിച്ച് വികേന്ദ്രീകൃതമായിരിക്കണം എന്ന ആശയത്തിൽ നിന്നാണ് അതിനെ കുറിച്ച് പഠനം നടത്തുന്നതിന് വേണ്ടി നെഹ്‌റു ബെൽബന്ത് റായ് കമ്മറ്റിയെ നിയോഗിക്കുന്നത് . അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1959 ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ മാസം രണ്ടാം തീയതിയാണ് രാജസ്ഥാനിലെ നഗൗരിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് . 1960 ജനുവരി 18 ന് കേരളത്തിൽ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഔദ്യോഗികമായി ഉദ്ഘടനം ചെയ്തതും നെഹ്രു തന്നെയാണ് . അതിൽ നമുക്ക് അഭിമാനിക്കാം.

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍  അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഇന്ന് കാലഘട്ടത്തിനനുസൃതമായ വേതന വർധനവും , തൊഴിൽ ദിനങ്ങളും വർധിച്ചെങ്കിലും അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ ഈ പദ്ധതി ഡോക്ടർ മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധന്റെയും യൂപിയെ ഗവൺമെന്റിന്റെയും സംഭാവനയാണ് .

1949 ലാണ് ദേശീയ പ്രതിരോധ അക്കാഡമി സ്ഥാപിക്കുന്നത് .ഇന്ന് പ്രതിരോധ രംഗത്തു നാമെത്ര വളർന്നുവെന്നത് ചിന്തിക്കണം . ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ആണവ ശക്തിയായി നമ്മുടെ രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിക്കുന്നതും അതിന്റെ തലപ്പത്തേക്കു ഹോമി. ജെ ഭാഭയെ നെഹ്‌റു നിയോഗിക്കുന്നതും . 1974 പൊഖ്റാനിലെ ആദ്യ പരീക്ഷണത്തിലൂടെ ശ്രീമതി ഇന്ദിരാഗാന്ധി, ഇന്ത്യയുടെ ആണവ ശക്തി ലോകത്തിനു കാണിച്ചു കൊടുത്തു . ആണവോർജ്ജം സമാധാനത്തിനെന്ന സന്ദേശമാണ് നമ്മൾ ലോകത്തിന് മുന്നില്‍ വച്ചത് . അതുകൊണ്ടാണ് അന്ന് ആ പരീക്ഷണത്തിന് ബുദ്ധൻ ചിരിക്കുന്നു എന്ന് നാമകരണം ചെയ്തത് .

1951 ൽ നെഹ്‌റു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതികൾ …. എത്ര ദീർഘ വീക്ഷണത്തോടെയായിരുന്നു അത് .ഘട്ടം ഘട്ടമായി സുവ്യക്തമായ പ്ലാനും പദ്ധതിയുമായി രാജ്യത്തിൻറെ മുഖച്ഛായ മാറ്റാൻ പഞ്ചവത്സര പദ്ധതികൾക്ക് കഴിഞ്ഞു . പഞ്ചവത്സര പദ്ധതിയെ കമ്മ്യൂണിസ്റ്റുകൾ അടക്കമുള്ളവർ അന്ന് പഞ്ഞ വത്സര പദ്ധതികൾ എന്ന് വിളിച്ചാണ് കളിയാക്കിയത് .
ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിന്റെ ഒരു തുടക്കമെന്ന നിലയിലാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന ഘട്ടത്തിൽ നമ്മുടെ രാജ്യത്തു ആദ്യമായി ഐ. ഐ.ടി കൾ നിലവിൽ വന്നത് . പിന്നീട് ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസത്തെ ഉൾകൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ വിദ്യാഭ്യാസ നയം 1968 ൽ ശ്രീമതി ഇന്ദിരാ ഗാന്ധിയും , ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടത്തിനു ഉപകരിച്ച രണ്ടാം ദേശീയ വിദ്യാഭ്യാസ നയം 1986 ൽ രാജീവ് ഗാന്ധിയിലൂടെയും കോൺഗ്രസ് പാർട്ടി രാജ്യത്തിന് നൽകി .

ഇന്ന് നമ്മുടെ രാജ്യത്തു ആസൂത്രണ കമ്മീഷൻ ഇല്ല . നീതി അയോഗിലൂടെ നരേന്ദ്ര മോഡി സർക്കാർ പഞ്ചവത്സര പദ്ധതികൾക്ക് അന്ത്യം കുറിച്ചു .
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യമെന്ന നീരാളി പിടിയിൽ അകപ്പെട്ടപ്പോഴും നമ്മുടെ രാജ്യം ഒരുകാലത്ത് തകരാതെ പിടിച്ചു നിന്നു. നമ്മുടെ ആസൂത്രണത്തിലെ ഭദ്രതയും , ഡോക്ടർ മൻമോഹൻ സിഗിന്റെ നേതൃത്വത്തിൽ നടത്തിയ ബൗദ്ധികമായ സാമ്പത്തിക മാനേജ്മെന്റും ആയിരുന്നു അതിനു സഹായിച്ചത്.ഇന്ന് കോവിഡ് പോലെയുള്ള മഹാമാരിയിൽ നമ്മുടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുകയാണ് . ആസൂത്രണ കമ്മീഷനിൽ നിന്നും നീതി അയോഗിലേക്കുള്ള അശാസ്ത്രീയമായ ചുവടുമാറ്റവും ഇതിനൊരു കാരണമാണ്.

രണ്ടാം പഞ്ചവത്സര പദ്ധതിയിലൂടെ വ്യാവസായിക കുതിച്ചു ചാട്ടത്തിനും , മൂന്നാം പഞ്ചവത്സര പദ്ധതിയിലൂടെ കാര്‍ഷിക മേഖലക്കും ഉണർവ്വും ഉത്തേജനവും നൽകാൻ അന്ന് കഴിഞ്ഞെങ്കിൽ ഇന്നത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ . പാവങ്ങൾക്ക് വേണ്ടിയുള്ള സർക്കാരെന്ന് വീമ്പു പറയുമ്പോൾ ഇന്ത്യയിലെ ലക്ഷോപലക്ഷം കർഷകർ ഇന്ന് തെരുവിൽ മഞ്ഞും , മഴയുമേറ്റ് , കൊടും തണുപ്പിൽ കോച്ചി വിറച്ചു , കൊടും ചൂടിൽ ഉരുകി ഒലിച്ച് നീതിക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങളിലാണ് . അടിച്ചമർത്തലുകൾ അല്ലാതെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അധികാര വർഗ്ഗമില്ല . കർഷകരിൽ നിന്നും കോർപ്പറേറ്റുകളിലേക്കുള്ള ചുവടുമാറ്റം സുവ്യക്തം.

സ്വാതന്ത്ര്യവും അധികാരവും നമുക്ക് തരുന്നത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ആണെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ മറക്കാതിരിക്കുക. രാജ്യത്തെ സേവിക്കുക എന്നു പറഞ്ഞാൽ നമ്മുടെ രാജ്യത്തെ പാവങ്ങളെ കൂടി സേവിക്കുക എന്നാണ് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യങ്ങളും ഉൾക്കൊള്ളാൻ ശേഷിയും മനസ്സുമുള്ള ഒരു ഭരണവും ഭരണാധികാരികളും എന്നും ഉണ്ടാകണം. അത് സാധ്യമാകണമെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പ് കൂടി ഈ രാജ്യത്തിന്റെ ആവശ്യകതയാണ്.

Related posts

Leave a Comment