പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ടോക്ക്യോഃ നാല്പത്തൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ഇന്ത്യ പുരുഷ ഹോക്കിയില്‍ ഒളിംപിക് സെമിയില്‍. ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെമിയില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളി. മലയാളി താരം പി.ആര്‍ ശ്രീജേഷ് ആണു ഗോള്‍കീപ്പര്‍.

അടിമുടി ആവേശം തുള്ളിത്തുളുമ്പിയ ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാല്‍ ഒളിംപിക് കിരീടസ്വപ്നവുമായി ടോക്കിയോയിലെത്തിയ ഇന്ത്യക്ക് വിജയമല്ലാതെ വേറൊരു ലക്ഷ്യമില്ലായിരുന്നു. കളിതുടങ്ങി ഏഴു മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യ ലീഡ് നേടി- ദില്‍ പ്രീത് സിംഗിലൂടെ. അടുത്ത എട്ടു മിനിറ്റിനുള്ളില്‍ ഡിഫന്‍ഡര്‍ ഗുര്‍ജത് സിംഗ് രണ്ടാമത്തെ ഗോള്‍ കൂടി കുറിച്ചതോടെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടതാണ്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന്‍റെ ലീഡോടെ സെക്കന്‍ഡ് ഹാഫില്‍ കളി തുടങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ബ്രിട്ടന്‍റെ സാമുവല്‍ വാര്‍ഡ് മലയാളിയായ ശ്രീജേഷിനെ കബളിപ്പിച്ചു മുന്നിലെത്തി. സ്കോര്‍ കുറഞ്ഞെങ്കിലും ഇന്ത്യയുടെ ആവേശം ഒട്ടും തണുത്തില്ല.

ഉണര്‍ന്നു പൊരുതിയ ഇന്ത്യന്‍ ടീം ഹാര്‍ദിക് സിംഗിലൂടെ മൂന്നാമത്തെ ഗോളും കുറിച്ച് വിജയം ആധികാരമാക്കി. വിജയം ടോക്കിയോയിലായിരുന്നെങ്കിലും ആഘോഷം മുഴുവന്‍ ഇന്ത്യയിലായിരുന്നു. ഇന്നു രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ വനിതാ ഹോക്കി ടീമും സെമിയിലെത്തിയിട്ടുണ്ട്.

Related posts

Leave a Comment