മരവിച്ചു മരിക്കുമ്പോഴും ധാർമിക് അമ്മയെ കെട്ടിപ്പുണർന്നു, പലായനത്തിന്റെ ഇരകൾ ഇന്ത്യക്കാരെന്ന് തിരിച്ചറിഞ്ഞതു വളരെ വൈകി

ഒട്ടാവ(ക്യാനഡ) : സങ്കടമേഘങ്ങൾക്കു പെയ്തൊഴിയാൻ കഴിയുമായിരുന്നില്ല. അത്രയ്ക്ക് ദയനീയമായിരുന്നു ആ കാഴ്ച -40 ഡി​ഗ്രി സെൽഷ്യസിൽ അമ്മയുടെ മാറോടമർന്ന് മരവിച്ചു മരിക്കുമ്പോഴും ഈ മൂന്നുവയസുകാരൻ അമ്മയെ കെട്ടിപ്പിടിച്ചിരിക്കാം. ക്യാനഡയിൽ നിന്ന് യുഎസിലേക്ക് ഒളിച്ചു കടക്കുന്നതിനിടെ കൊടുംതണുപ്പിൽ മരവിച്ചു മരിച്ചുവീണ നാലം​ഗ കുടുംബം ഇന്ത്യയുടേതാണെന്ന തിരിച്ചറിഞ്ഞപ്പോൾ, റിപ്പബ്ലിക്കിന്റെ എഴുപത്തിമൂന്നാം പിറന്നാൾ ദിനം ഇന്ത്യക്ക് സങ്കടക്കടലിന്റെ വേലിയേറ്റമായി.
ഈ മാസം 19നാണ് ക്യാനഡയിലെ മനിറ്റോബ പ്രോവിൻസിലെ റോഡ് വക്കിൽ നാലു മൃതദേഹങ്ങൾ മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. ക്യാനഡയിൽ നിന്ന് യുഎസിലേക്കു കടക്കാൻ ശ്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞെങ്കിലും ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മഞ്ഞിൽ പുതഞ്ഞുപോയ മൃതദേഹങ്ങൾക്ക് ഒരു കേടുപാടും സംഭവിക്കാത്തതിനാൽ അന്വേഷണം തുടർന്നു. മനിറ്റോബയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ സംബന്ധിച്ച് കനേഡിയൻ അധികൃതർ വിവിധ എംബസികൾക്കു വിവരം നൽകി. ഇന്ത്യൻ ഹൈക്കമ്മിഷണർ ഓഫീസിൽ നിന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഇന്ത്യക്കാരാണെന്നു തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ​ഗുജറാത്തിൽ നിന്നുള്ളവരാണെന്നു മനസിലായി. ​ഗാന്ധിന​ഗർ ജില്ലയിലെ ദിം​ഗുച്ച ​ഗ്രാമത്തിലെ കാലോൾ ചെറുപട്ടണത്തിലെ താമസക്കാരനായ ജ​ഗീഷ് പട്ടേൽ(39), ഭാര്യ വൈശാലി പട്ടേൽ(37), മകൾ വിഹാം​ഗി പട്ടേൽ (11), മകൻ ധാർമിക് പട്ടേൽ(3) എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്.
​ഗാന്ധിന​ഗറിൽ അധ്യാപകനായിരുന്നു ജ​ഗദീഷ്. കലോളിൽ ചില സ്ഥാപനങ്ങളും നടത്തിയിരുന്നു. ഇതിൽ നിന്ന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. നാട്ടിലെ ചെറിയ വീട്ടിൽ ജ​ഗദീഷിന്റെ പിതാവും താമസിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപി പിതാവ് വീട് വിട്ടു പോയി. ജ​ഗദീഷും കുടുംബവും സന്ദർശക വിസയിൽ ക്യാനഡിയിലേക്കു പോയി. അവിടെ എന്തെങ്കിലും ജോലി ആയിരുന്നു ലക്ഷ്യം. ക്യാനഡയിൽ നിന്ന് യുഎസിലേക്കു കടക്കുകായിരുന്നു പരിപാടി. പക്ഷേ, ഈ യാത്ര അവരുടെ അന്ത്യയാത്രയായി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണറേറ്റ് അറിയിച്ചു.

Related posts

Leave a Comment