ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകൾ സന്ദർശിച്ചു

നാദിർ ഷാ റഹിമാൻ

അബഹ : രണ്ടു ദിവസത്തെ സന്ദർശനാർത്ഥം അബഹയിലെത്തിയ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകളിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ടു അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും, ശിക്ഷാകാലാവധി കഴിഞ്ഞവരേയും, രാജകാരുണ്യത്തിൽ ഉൾപ്പെട്ടവരേയും ഇന്ത്യയിലേക്കു മടക്കി അയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ഉറപ്പു നൽകി.

അബഹ,  ഖമ്മീസ്, മൊഹായിൽ , നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ്  ഇന്ത്യൻ തടവുകാരായിട്ടുള്ളത്. ഡ്രഗ്ഗു കേസുകളായ ഗാത്ത് കടത്തൽ, ചാരായം ഉണ്ടാക്കൽ, ചാരായം ഉപയോഗിക്കൽ, ചാരായം വിപണനം, ഹാഷിഷിന്റെ ഉപയോഗവും വിപണനവും, തുടങ്ങിയ കേസുകളിൽ പെട്ട 38 പേർ, സ്ത്രീകളുമായി അനാശാസ്യത്തിലേർപ്പട്ട 6 പേർ, ഹവാല കേസിൽ ഇടപെട്ട 4 പേർ, സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ, മോഷണകുറ്റം ചുമത്തപ്പെട്ടവർ, കൊലപാതക കേസിൽ പ്രതിയായി 12 വർഷത്തേക്കു ശിക്ഷിച്ച ഉത്തർ പ്രദേശ് സ്വദേശിയും, അഞ്ചു വർഷത്തേക്ക് ശിക്ഷിച്ച തമിഴ് നാടു സ്വദേശിയും ഉൾപ്പെടുന്നു. മലയാളികൾ ആകെ നാലുപേരാണ് വിവിധ ജയിലുകളായിട്ടുള്ളത്.

ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിലേക്കു മടങ്ങിപ്പോകാൻ കഴിയാത്തവരും ഇതിൽ പെടുന്നു. കൗൺസുലേറ്റു സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ടു ശിക്ഷകാലാവധി കഴിഞ്ഞവരെ എത്രയും വേഗം നാട്ടിലയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ജയിൽ മേധാവി കേണൽ സുൽത്താൻ മസ്തൂർ അൽ ഷഹറാനി ഉറപ്പു നൽകി.

അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച സംഘം, ബീഷാ, ദഹറാൻ ജുനൂബ് തുടങ്ങിയ പ്രദേശങ്ങളിൽ  നിന്നും അബഹ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ മുപ്പത് ഇന്ത്യാക്കാരുടെ പരാതികൾ കേൾക്കുകയും,  യാത്രാരേഖകൾ ഇല്ലാത്തിതിനാൽ 3,4 മാസമായി നാട്ടിൽ പോകാൻ കഴിയാത്ത 12 പേർക്കു എമർജൻസി പാസ്പാർട്ട് ഉടനെ എത്തിച്ചു കൊടുക്കാൻ വേണ്ട പ്രാരംഭ നടപടികൾ സ്വീകരിച്ചു. നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ ഖഹ്ത്താനിയുമായും, നാടു കടത്തൽ കേന്ദ്രം ജയിൽ മേധാവി കേണൽ മുഹമ്മദ് യഹിയ അൽ ഖാസിയുമായി ചർച്ച ചെയ്ത സംഘത്തിനോട് ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പു നൽകി.

കൗൺസുലേറ്റ്  ജീവകാരുണ്യ വിഭാഗം വൈസ് കൗൺസുൽ നമോ നാരായൺ മീണയും, കൗൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ്  ഫൈസലും കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചലും ബിജു കെ നായരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

Leave a Comment