ഇന്ത്യന്‍ കോഫി ഹൗസിനെതിരെ പ്രതികാര നടപടിയുമായി സി.പി.എം

തൃശൂർ: ഇന്ത്യൻ കോഫി ഹൗസിനെതിരെ പ്രതികാര നടപടിയുമായി സി.പി.എം. രാഷ്ട്രീയമില്ലാതെ സ്വതന്ത്രതൊളിലാളി സംഘം ഭരിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി സി.പി.എം ശ്രമിച്ച്‌ വരികയാണ്. ഒരവസരത്തിൽ ഭരണ സമിതി പിരിച്ച്‌ വിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണവും കൊണ്ട് വന്നിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടലിലുടെ തിരഞ്ഞെടുപ്പ് നടക്കുകയും സ്വതന്ത്ര യൂണിയൻ വീണ്ടും അധികാരത്തിലെത്തുകയുമായിരുന്നു. എന്നാൽ ഇന്ത്യ കോഫി ഹൗസിന്റെ വിവിധ ഹോട്ടലുകൾക്കെതിരെ നടപടികളെടുത്ത് അടച്ചു പൂട്ടി പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഇന്നലെ തൃശൂർ റസ്‌റ്റോറൻഡ് അധികൃതർ പൂട്ടി സീൽ ചെയ്തതാണ് അവസാന സംഭവം. ഹോട്ടലിനകത്ത് ഭക്ഷണം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റൗണ്ട് സൗത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതർ അടച്ചു പൂട്ടിയത്. സി.പി.എം നിർദ്ദേശ പ്രകാരമായിരുന്നു ഇത് എന്നാണ് അറിയുന്നത്. കൊവിഡ് പ്രോട്ടോകാൾ ലംഘനത്തിന് പിഴയടപ്പിക്കുന്നതിന് പകരമാണ് സ്ഥാപനം തന്നെ അടച്ചൂ പൂട്ടാൻ കോർപറേഷൻ നോട്ടീസ് നൽകിയത്. ഹോട്ടലിലെ മുകളിലത്തെ നിലയിൽ വയോധികർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയും അവർ കൊണ്ട് വന്ന ഭക്ഷണം ഇരുന്ന് കഴിക്കാൻ അവസരം നൽകിയതുമാണ് കാരണം. ഉടനെ ആരോഗ്യ വകുപ്പ് അധികൃതർ എത്തി നടപടി എടുക്കുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വിഭാഗം കത്ത് നൽകി. ഇന്നലെ രാവിലെ ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഷട്ടർ തുറന്ന് ജീവനക്കാർ പുറത്തിറങ്ങിയപ്പോൾ ഉദ്യോസ്ഥർ എത്തി ഷട്ടർ അടച്ച്‌ സീൽ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ തുറക്കാൻ അപേക്ഷ നൽകിയാൽ അനുവാദം നൽകാമെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ എതാനും വർഷങ്ങളായി ഇടതുപക്ഷവും കോഫി ഹൗസ് തൊഴിലാളി സഹകരണ സംഘവും തമ്മിൽ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കോഫിഹൗസിൽ ജീവനക്കാരൻ മരിക്കുകയും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്നു. എന്നാൽ അണുനശീകരണത്തിന് ശേഷം തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാതിരുന്നത് വൻ വിവാദമായിരുന്നു. അറുപതോളം ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനം ഒരുമാസമാണ് അടച്ചിട്ടത്. ഡി.എം.ഒ ഹോട്ടൽ തുറക്കാൻ അനുവാദം നൽകിയെങ്കിലും സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തുറക്കാൻ അനുമതി നൽകിയില്ല. തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോഫി ഹൗസ് തുറക്കുകയായിരുന്നു.
നഗരത്തിൽ മറ്റ് പല സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോകാൾ ലംഘനം നടത്തുമ്പോൾ പിഴയടപ്പിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് കാലത്ത് ഭൂരിഭാഗം ദിവസങ്ങളും അടച്ചിടേണ്ടി വരികയും തുറന്നാൽ പാർസൽ മാത്രമാക്കിയതോടെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയുമുള്ളപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടുന്നതരത്തിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ആയിരത്തിലേറെ ജീവനക്കാരുള്ള കോഫി ഹൗസിൽ ജീവനക്കാർക്ക് വേതനം നൽകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ അവസരത്തിലാണ് കോഫി ഹൗസിനെതിരെ പ്രതികാര നടപടികളുമായി സി.പി.എം മുന്നോട്ട്വരുന്നതെന്നാണ് തെഴിലാളികൾ പറയുന്നത്.

Related posts

Leave a Comment