ശ്രീജേഷിന്‍റെ തോളിലേറി ഒളിംപിക്സ് മെഡല്‍ കേരളത്തിലേക്ക്

ടോക്കിയോഃ സ്വപ്നതുല്യമായ അഭിമാന നിമിഷം. പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് മെഡല്‍. മുന്‍ ലോക ചാംപ്യന്‍ ജര്‍മനിയെ മറികടന്നാണ് മലയാളി ഗോളി പി.ആര്‍. ശ്രീജേഷും സംഘവും ഇന്ത്യക്ക് വെങ്കലം നേടിത്തന്നത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്സില്‍ നാലു മെഡലായി. ഒരു വെള്ളിയും മൂന്നു വെങ്കലവും. ഇന്നുച്ചയ്ക്കു ശേഷം നടക്കുന്ന ഗുസ്തിയില്‍ ഇന്ത്യ സ്വര്‍ണ പ്രതീക്ഷയിലാണ്. മെഡല്‍ നേടുന്ന ഇന്ത്യന്‍ സംഘത്തിലെ ഏക മലയാളിയാണ് ശ്രീജേഷ്.

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് പൊന്നിൻ്റെ വിലയുള്ള വെങ്കലമാണു ലഭിച്ചത്. കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്. ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി. ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി.

ഒരു സമയത്ത് രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവ്. വെങ്കല മെഡൽ നേടിയതോടെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

1980 ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം മെഡല്‍ നേടുന്നത്. അന്നത്തെ ആ സ്വര്‍ണ്ണമെഡല്‍ തന്നെയായിരുന്നു ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും.

ടോക്കിയോയില്‍ വെങ്കലം നേടിയതോടെ ഹോക്കിയില്‍ ഇന്ത്യയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയ സൂചനകളാണ് കായിക ലോകത്തിന് ഇന്ത്യ നല്കുന്നത്.

Related posts

Leave a Comment