അയര്‍ലന്‍ഡ് തോറ്റു, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അയർലൻഡ് ബ്രിട്ടനോട് തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്.

അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്. ഇതോടെ ടീം ടൂർണമെന്റിൽ നിന്നും പുറത്തായി. പൂൾ എ യിൽ നിന്നും നാലാം സ്ഥാനക്കാരായി ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു.

ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരേ നാലുഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലൻഡ് തോറ്റാൽ മാത്രം ക്വാർട്ടർ ഫൈനലിൽ കയറുമെന്ന നിലയിൽ ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. പൂൾ എ യിൽ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.

നെതർലൻഡ്സ്, ജർമനി, ബ്രിട്ടൻ എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയോ സ്പെയിനോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

Related posts

Leave a Comment